കെ.എസ്.ആർ.ടി.സി ബസിൽ മദ്യപിച്ച് ബഹളംവെച്ച യാത്രക്കാരി അറസ്റ്റിൽ; യാത്രക്കാർ മർദിച്ചെന്ന യുവതിയുടെ പരാതിയിലും കേസ്

കോട്ടക്കൽ: കെ.എസ്.ആർ.ടി.സി ബസിൽ മദ്യപിച്ച് ബഹളംവെച്ച യാത്രക്കാരി അറസ്റ്റിൽ. കൊണ്ടോട്ടി സ്വദേശിനിയായ 40കാരിയെ കോട്ടക്കൽ പൊലീസ് പിന്നീട് ജാമ്യത്തിൽ വിട്ടു. യാത്രക്കാർ മർദിച്ചെന്ന യുവതിയുടെ പരാതിയിലും കേസെടുത്തതായി പൊലീസ് അറിയിച്ചു. തന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും യുവതി പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ദേശീയപാത 66ൽ ചങ്കുവെട്ടി ജങ്ഷനിലാണ് സംഭവം. എടരിക്കോട്ട് ബസ് നിർത്താൻ ആവശ്യപ്പെട്ടിട്ടും നിർത്തിയില്ലെന്ന് പറഞ്ഞായിരുന്നു ബഹളം. ഇതിനിടെ ദീർഘദൂര ബസ് ചങ്കുവെട്ടിയിൽ എത്തി. ബസിൽനിന്ന് ഇറങ്ങാൻ വിസമ്മതിച്ച യാത്രക്കാരി ബഹളംവെക്കുകയായിരുന്നു. മറ്റു യാത്രക്കാർ ഇടപെട്ട് ഇവരെ ഇറക്കിവിട്ടെങ്കിലും ബസിന്റെ മുന്നിലെത്തി തടഞ്ഞു.

ഇതോടെ വനിത പൊലീസ് എത്തിയാണ് ഇവരെ മാറ്റിയത്. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ മദ്യപിച്ചെന്ന് കണ്ടെത്തിയതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. ഇതിനിടെ ആരോ പകർത്തിയ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. തുടർന്നാണ് യാത്രക്കാരി പരാതിയുമായി എത്തിയത്.

Tags:    
News Summary - A drunk passenger was arrested for making a noise on a KSRTC bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.