നെടുമ്പാശ്ശേരിയിൽ കോസ്റ്റ് ഗാർഡിന്‍റെ ഹെലികോപ്റ്റർ തകർന്നു വീണു

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കോസ്റ്റ് ഗാർഡിന്‍റെ ഹെലികോപ്റ്റർ തകർന്നു വീണു. രാജ്യാന്തര വിമാനത്താവളത്തിലെ പ്രധാന റൺവേയുടെ ഇടതുവശത്താണ് എ.എൽ.എച്ച് ധ്രുവ് മാർക് 3 ഹെലികോപ്റ്റർ തകർന്നു വീണത്. ഒരാൾക്ക് പരിക്കേറ്റു.

കോസ്റ്റ് ഗാർഡ് ഡെപ്യൂട്ടി കമാൻഡറും മലയാളിയുമായ വിപിൻ, കമാണ്ടന്‍റ് സി.ഇ.ഒ കുനാൽ, ടെക്നിക്കൽ സ്റ്റാഫ് സുനിൽ ലോട്ല എന്നിവരാണ് കോപ്റ്ററിൽ ഉണ്ടായിരുന്നത്. വിപിനാണ് ഹെലികോപ്റ്റർ പറത്തിയത്. പരിക്കേറ്റ സുനിൽ ലോട്ലയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചക്ക് 12 മണിയോടെ പരിശീലന പറക്കലിനിടെയാണ് അപകടം. ഭൂമിയിൽ നിന്ന് ഏകദേശം 30-40 അടി ഉയരത്തിൽ ഉള്ളപ്പോഴാണ് തകരാർ സംഭവിച്ചത്. 25 അടി ഉയരത്തിൽ നിന്ന് ഹെലികോപ്റ്റർ നിലംപതിക്കുകയായിരുന്നു. ഹെലികോപ്റ്ററിന്റെ റോട്ടറുകൾക്കും എയർഫ്രെയിമിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 

അപകട കാരണം കണ്ടെത്താൻ വിശദ അന്വേഷണത്തിന് കോസ്റ്റ് ഗാർഡ് ഉത്തരവിട്ടു. യാത്രക്കാരെ രക്ഷിക്കാനാണ് സുരക്ഷിത ലാൻഡിങ്ങിന് ശ്രമിച്ചത്. മാതൃകാപരമായ പ്രഫഷണലിസവും മനസാന്നിധ്യവും കൊണ്ട് പൈലറ്റ്, പ്രധാന റൺവേയിൽ നിന്ന് ഹെലികോപ്റ്ററിന്‍റെ ദിശമാറ്റി ലാൻഡ് ചെയ്യാൻ ശ്രമിച്ചതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

അപകടത്തിന് പിന്നാലെ വിമാനത്താവളത്തിന്‍റെ പ്രവർത്തനം രണ്ട് മണിക്കൂർ താൽകാലികമായി നിർത്തിവെച്ചു. ഇതേതുടർന്ന് കൊച്ചിയിൽ ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടു. ഇതിൽ ഒമാൻ എയർ മാത്രമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്. ഈ വിമാനം കൊച്ചി വിമാനത്താവളത്തിൽ തിരിച്ചിറക്കുമെന്നും റിപ്പോർട്ടുണ്ട്.

രണ്ട് മണിയോടെ ഹെലികോപ്റ്ററിന്‍റെ അവശിഷ്ടങ്ങൾ റൺവേയുടെ സമീപത്ത് നിന്ന് യാർഡിലേക്ക് മാറ്റി. തുടർന്ന് സുരക്ഷാ പരിശോധന പൂർത്തിയാക്കിയ ശേഷം വിമാന സർവീസ് പുനരാരംഭിച്ചു.

Tags:    
News Summary - A Coast Guard helicopter crashed in Nedumbassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.