‘മാനഹാനി വരുത്തണമെന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ചു’; സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കോഴിക്കോട്‌: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സ്‌ത്രീക്ക് മാനഹാനിയുണ്ടാകുംവിധം ബോധപൂര്‍വം പ്രവര്‍ത്തിച്ചതിന് ശിക്ഷാനിയമം 354, പൊലീസ് ആക്ടിലെ 119 എ വകുപ്പുകൾ ചുമത്തിയാണ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതിയിൽ നടക്കാവ് എസ്.ഐ ബിനുമോഹന്‍ കുറ്റപത്രം നൽകിയത്. അതിജീവിതയുടെ മൊഴിയും 27 സാക്ഷിമൊഴിയുമടക്കം അടിസ്ഥാനമാക്കിയാണ് കുറ്റപത്രം.

ഒക്‌ടോബര്‍ 27ന് കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കവേ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ ചുമലില്‍ സുരേഷ്‌ ഗോപി കൈവെച്ചിരുന്നു. എതിർത്തപ്പോൾ പിന്നെയും കൈവെക്കാന്‍ ശ്രമിച്ചു. പൊലീസിലും വനിത കമീഷനിലും പരാതി നല്‍കിയതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥരും മജിസ്‌ട്രേറ്റും യുവതിയുടെ മൊഴി രേഖപ്പെടുത്തി.

സംഭവം നടന്ന ഹോട്ടലിലെ ജീവനക്കാര്‍, ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി. സുരേഷ് ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായിരുന്നു. അഞ്ചുവർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായതിനാൽ സെഷൻസ് കോടതിയിലാവും കേസ് വിസ്താരം നടക്കുക. ഡി.സി.പി അനൂജ് പലിവാളിന്റെ പരിശോധനക്ക് ശേഷമാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.

കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടൽ ലോബിയിൽ ഒക്ടോബർ 27ന് മാധ്യമങ്ങളോട് സംസാരിക്കവേ സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിനാണ് കേസ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കിടെ മാധ്യമപ്രവര്‍ത്തകയുടെ ചുമലിൽ പിടിക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയ ശേഷവും ഇത് ആവര്‍ത്തിച്ചപ്പോൾ മാധ്യമപ്രവര്‍ത്തക കൈ തട്ടിമാറ്റി.

തുടർന്ന് സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശ്യത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തക സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. നടക്കാവ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവമായതിനാൽ പരാതി നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു.

സംഭവം വിവാദമായതോടെ വാത്സല്യത്തോടെയാണ് മാധ്യമപ്രവര്‍ത്തകയോട് പെരുമാറിയതെന്നും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നെന്നും സുരേഷ് ഗോപി പറഞ്ഞെങ്കിലും പരാതിക്കാരി കേസുമായി മുന്നോട്ട് പോവുകയായിരുന്നു.

Tags:    
News Summary - A charge sheet has been filed against actor and former MP Suresh Gopi in the case of insulting a journalist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.