അടൂർ ഗോപാലകൃഷ്ണൻ

എസ്‌.സി എസ്.ടി ആക്ട് പ്രകാരം കേസെടുക്കണം, അടൂരിനെതിരെ പൊലീസിലും കമീഷനിലും പരാതി നൽകി ദിനുവെയിൽ

തിരുവനന്തപുരം: സിനിമ കോൺക്ലേവിലെ വിവാദ പരാമർശത്തിൽ അടൂർ ഗോപാലകൃഷ്ണനെതിരെ പരാതി. സാമൂഹ്യപ്രവർത്തകനായ ദിനുവെയിലാണ് തിരുവനന്തപുരം മ്യൂസിയം പൊലീസിൽ പരാതി നൽകിയത്. എസ്‌.സി എസ്.ടി ആക്ട് പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.

എസ്‌.സി എസ്.ടി വിഭാഗത്തിലെ മുഴുവൻ അംഗങ്ങളെയും പൊതുവായി കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാൻ സാധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്നുതാണ് അടൂരിന്‍റെ പ്രസ്താവനയെന്നാണ് പരാതിയിൽ പറയുന്നത്.

അടൂരിന്റെ പ്രസ്താവന എസ്‌.സി എസ്.ടി ആക്ടിന്റെ സെക്ഷൻ 3(1)ന്റെ പരിധിയിൽ പെടുന്നതാണെന്നും എസ്‌.സി എസ്.ടി വിഭാഗത്തെ അഴിമതിയുമായി ബന്ധിപ്പിക്കുന്നതും അപമാനിക്കുന്നതാണെന്നും പരാതിയിലുണ്ട്. എസ്‌.സി എസ്.ടി കമീഷനിലും അടൂരിനെതിരെ ദിനു വെയിൽ പരാതി നൽകിയിട്ടുണ്ട്.

സിനിമാനയം രൂപീകരിക്കാനായി നടത്തിയ സിനിമാ കോൺക്ലേവിന്‍റെ സമാപന സമ്മേളനത്തിലാണ് സ്ത്രീകൾക്കെതിരെയും ദലിതർക്കെതിരെയും അടൂർ ഗോപാലകൃഷ്ണൻ അധിക്ഷേപ പരാമർശം നടത്തിയത്. സ്ത്രീകൾക്കും ദലിതർക്കും സിനിമയെടുക്കാൻ ഇത്രയധികം പണം നൽകരുത്. ഒന്നരക്കോടി രൂപ നൽകുന്നത് വളരെ കൂടുതലാണ്. ചലച്ചിത്ര വികസന കോർപറേഷൻ വെറുതെ പണം നൽകരുത്. സ്ത്രീകളായതുകൊണ്ട് മാത്രം അവസരം നൽകരുതെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് ആദ്യം പരിശീലനം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

ഒന്നരക്കോടി രൂപയാണ് സിനിമയെടുക്കാൻ സഹായമായി സർക്കാർ നൽകുന്നത്. മൂന്നുമാസത്തെ പരിശീലനം ശേഷം വേണം പണം നൽകാനെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

Tags:    
News Summary - A case should be registered under the SC/ST Act, Dinuveil files complaint against Adoor with police and commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.