മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാനും അത്താഴവിരുന്നിനും 82 ലക്ഷം രൂപ, അത്താഴവിരുന്നിന് 41 ലക്ഷം; ഇത് അമേരിക്കൻ രീതിയാണെന്ന് പി. ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: അമേരിക്കയിൽ നടക്കുന്ന ലോക കേരളസഭ മേഖലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ വി.ഐ.പികൾക്കൊപ്പം വേദി പങ്കിടാനും അത്താഴവിരുന്നിൽ പങ്കെടുക്കാനുമെന്ന പേരിൽ നടക്കുന്ന പണപ്പിരിവ് വിവാദത്തിൽ. സംഘാടകർ പ്രസിദ്ധീകരിച്ച ബ്രോഷറിലാണ് സ്പോൺസർഷിപ്പായി നൽകുന്ന പണത്തിന്‍റെ അടിസ്ഥാനത്തിൽ കേരളത്തിൽനിന്നുള്ള വി.ഐ.പികൾക്കൊപ്പമിരിക്കാൻ ഓഫർ.

ജൂൺ ഒമ്പത് മുതൽ 11 വരെ ന്യൂയോർക്കിലെ മാരിയറ്റ് മാർക്വിസ് ഹോട്ടലിലാണ് അമേരിക്കൻ മേഖലാ സമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, സ്പീക്കർ എ.എൻ. ഷംസീർ, മുൻ സ്പീക്കറും നോർക്ക റൂട്ട്സ് വൈസ്ചെയർമാനുമായ പി. ശ്രീരാമകൃഷ്ണൻ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്. ഒരു ലക്ഷം അമേരിക്കൻ ഡോളർ (ഏകദേശം 82 ലക്ഷം രൂപ) നൽകി ഗോൾഡ് സ്പോൺസർ ആകുന്നവർക്ക് പരിപാടിയിൽ വേദി പങ്കിടാനും കേരളത്തിൽനിന്നുള്ള വി.ഐ.പികൾക്കൊപ്പം അത്താഴവിരുന്നും ഉൾപ്പെടെയാണ് ഓഫർ. അര ലക്ഷം ഡോളർ നൽകി (41 ലക്ഷം രൂപ) സിൽവർ സ്പോൺസർ ആകുന്നവർക്ക് വി.ഐ.പികൾക്കൊപ്പമുള്ള അത്താഴവിരുന്ന് ഓഫറുണ്ട്. എന്നാൽ 25,000 ഡോളർ (ഏകദേശം 20.6 ലക്ഷം രൂപ) നൽകി ബ്രോൺസ് സ്പോൺസർഷിപ് എടുക്കുന്നവർക്കുള്ള ഓഫറിൽ മുഖ്യമന്ത്രിയടക്കം വി.ഐ.പികൾക്കൊപ്പം വേദി പങ്കിടലോ അത്താഴവിരുന്നോ ഇല്ല. 20,000 ഡോളർ, 10,000 ഡോളർ, 5000 ഡോളർ, 1000 ഡോളർ സ്പോൺസർഷിപ്പിലും മുഖ്യമന്ത്രിക്കൊപ്പമിരിക്കാനും അത്താഴവിരുന്നിനും ഓഫറില്ല.

സ്പോൺസർഷിപ്പായി ഉയർന്ന തുക നൽകുന്നവർക്ക് പരിപാടിയുടെ മുൻനിരയിൽ ഇരിപ്പിടമെന്ന ഓഫറും താരിഫ് ബ്രോഷറിലുണ്ട്. വി.ഐ.പികളുടെയും സമ്മേളനം നടക്കുന്ന ആഡംബര ഹോട്ടലിന്‍റെയും ഫോട്ടോ ഉൾപ്പെടുത്തിയാണ് ബ്രോഷർ. നൽകുന്ന പണത്തിനനുസരിച്ചുള്ള ഓഫറിനെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ തുടങ്ങിയവർ വിമർശനവുമായി രംഗത്തെത്തി.

ആരോപണം അടിസ്ഥാനരഹിതം -പി. ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: ലോക കേരളസഭ മേഖലാ സമ്മേളനത്തിന്‍റെ പേരിലുള്ള വിവാദം അനാവശ്യമാണെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ. സ്പോൺസർഷിപ്പിലൂടെ പരിപാടിയുടെ നടത്തിപ്പിനുള്ള തുക കണ്ടെത്താനാണ് ശ്രമിച്ചത്. ഖജനാവിലെ പണം ധൂർത്തടിക്കുന്നുവെന്ന ആക്ഷേപം ഒഴിവാക്കാനാണ് സ്പോൺസർഷിപ്പിലൂടെ ചെലവ് കണ്ടെത്തുന്നത്. ഇങ്ങനെയുള്ള പരസ്യം അമേരിക്കൻ രീതിയാണെന്നും അദ്ദേഹം പറഞ്ഞു. പരസ്യത്തിൽ വിവാദമുയർന്ന സാഹചര്യത്തിൽ വിഷയം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പണപ്പിരിവ് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് വ്യക്തമാക്കണം- കെ. സുധാകരന്‍

തിരുവനന്തപുരം: അമേരിക്കയില്‍ ലോക കേരളസഭ സമ്മേളനത്തിന് താരനിശ മാതൃകയില്‍ നടക്കുന്ന പണപ്പിരിവ് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാന്‍ ഒരാളില്‍ നിന്ന് 82 ലക്ഷം രൂപ പിരിച്ചെടുക്കുന്ന കാര്യം അറിഞ്ഞിട്ടും അദ്ദേഹം മൗനം പാലിക്കുകയാണ്. കമഴ്ന്നുവീണാല്‍ കാല്‍പ്പണമെന്നത് സി.പി.എമ്മിന്റെ ജനിതക സ്വഭാവമാണ്. ഭരണനിര്‍വഹണം പഠിക്കാന്‍ മുഖ്യമന്ത്രി സാമ്രാജ്യത്വത്തിന്റെ ഇരിപ്പിടമായ അമേരിക്കയും തകര്‍ന്നടിഞ്ഞ ക്യൂബയും ലക്ഷങ്ങള്‍ ചെലവഴിച്ച് സന്ദര്‍ശിക്കുന്നതിന് പകരം തൊട്ടടുത്ത കര്‍ണാടകയിലേക്ക് പോയാല്‍ പ്രയോജനം കിട്ടും. മുഖ്യമന്ത്രി നെതര്‍ലന്‍ഡ്സില്‍ വെള്ളപ്പൊക്ക നിവാരണവും നോർവേയില്‍ മാലിന്യസംസ്‌കരണവും പഠിക്കാന്‍ പോയതുപോലെ ഈ സന്ദര്‍ശനം വൃഥാവിലാകാതിരിക്കട്ടെയെന്ന് സുധാകരന്‍ ആശംസിച്ചു.

പണമുള്ളവനെ മാത്രം അടുത്തിരുത്തുന്ന പരിപാടി നാണക്കേട് -വി.ഡി. സതീശൻ

തിരുവനന്തപുരം: ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം എന്താണെന്ന് കമ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി ലോകത്തിന് മനസ്സിലാക്കിക്കൊടുക്കുന്ന പരിപാടിയായി ലോക കേരളസഭ മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളാണ് ലോകകേരള സഭയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നടക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പണമുള്ളവനെ മാത്രം വിളിച്ച് അടുത്തിരുത്തുന്ന പരിപാടി കേരളത്തിനും കമ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രിക്കും ചേര്‍ന്നതല്ല. പ്രവാസികളെ പണത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കുകയാണ്. കേരളത്തിന്റെ പേരില്‍ നടക്കുന്ന അനധികൃത പരിവിനെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. ഒരു ലക്ഷം ഡോളര്‍ നല്‍കി ഒപ്പം ഇരിക്കാന്‍ വരുന്നവരുടെ പരിപാടിക്ക് മുഖ്യമന്ത്രി പോകരുതെന്നാണ് പ്രതിപക്ഷം അഭ്യർഥിക്കുന്നത്. അനധികൃത പിരിവിന് അനുമതി നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - 82 lakhs for sharing the stage and dinner with the Chief Minister, 41 lakhs for the dinner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT