സിതാര കൃഷ്ണകുമാർ

മഹാസ്മരണകൾ ചിറകടിക്കുമൊരിടം...

ഫാറൂഖ് കോളജ് എന്ന പേര് എപ്പോൾ കേൾക്കുമ്പോഴും ഏതുസമയത്ത് ആലോചിക്കുമ്പോഴും ആദ്യം മനസ്സിൽ തെളിഞ്ഞുവരുന്നത് സൗഹൃദങ്ങളാണ്. ചില സൗഹൃദങ്ങൾ ഇനി ജീവിതകാലം മുഴുവൻ ഉള്ളതാണെന്ന തോന്നൽ ഉണ്ടാകും. അത്തരത്തിലുള്ള ചുരുക്കം സൗഹൃദങ്ങൾ എനിക്ക് സമ്മാനിച്ചിരിക്കുന്നത് ഫാറൂഖ് കോളജാണ്, ഈ കാമ്പസാണ്’ - മലയാളികളുടെ ​​പ്രിയ ഗായിക പറയുന്നു

ഷൺമുഖപ്രിയ രാഗത്തി​ലുള്ളൊരു ഗാനം പോലെയാണ് ഗായിക സിതാര കൃഷ്ണകുമാറിന്റെ മനസ്സിൽ കലാലയ ഓർമകൾ വന്നുനിറയുന്നത്. ‘എത്ര പൂക്കാലമിനി, എത്ര മധുമാസമതിൽ, എത്ര നവരാത്രികളിലമ്മേ...’ എന്ന പ്രിയഗാനം അതിൽ മുഴങ്ങിക്കേൾക്കും. എത്രയോ വേദികളിൽ, മത്സരങ്ങളിൽ സിതാരയെ ഒന്നാമതെത്തിച്ച ആ പാട്ട് അന്നൊക്കെ മിക്ക ദിവസവും ഫാറൂഖ് കോളജ് കാമ്പസിൽ അലയടിച്ചിരുന്നു. സിതാരയുടെ ശബ്ദത്തിൽ പാടിക്കേൾക്കാൻ കൂട്ടുകാർ എന്നും ആഗ്രഹിച്ചിരുന്ന പാട്ട്. അങ്ങനെ സൗഹൃദത്തിന്റെ എത്രയെത്ര പൂക്കാലങ്ങൾ...

‘ഫാറൂഖ് കോളജ് എന്ന പേര് എപ്പോൾ കേൾക്കുമ്പോഴും ഏതുസമയത്ത് ആലോചിക്കുമ്പോഴും ആദ്യം മനസ്സിൽ തെളിഞ്ഞുവരുന്നത് സൗഹൃദങ്ങളാണ്. ചില സൗഹൃദങ്ങൾ ഇനി ജീവിതകാലം മുഴുവൻ ഉള്ളതാണെന്ന തോന്നൽ ഉണ്ടാകും. അത്തരത്തിലുള്ള ചുരുക്കം സൗഹൃദങ്ങൾ എനിക്ക് സമ്മാനിച്ചിരിക്കുന്നത് ഫാറൂഖ് കോളജാണ്, ഈ കാമ്പസാണ്’- മലയാളികളുടെ ​​പ്രിയ ഗായിക പറയുന്നു.

പാട്ടും നൃത്തവുമായി സ്കൂൾതലം മുതൽ യുവജനോത്സവങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു സിതാര. ഫാറൂഖ് കോളജിൽ പഠിക്കുന്ന സമയത്തും സിതാരയുടെ ഏറ്റവും പ്രിയപ്പെട്ട നാളുകൾ കലോത്സവങ്ങളായിരുന്നു. യുവജനോത്സവത്തിന്റെ സമയം അടുക്കുന്തോറും ആവേശം കൂടും. കലോത്സവങ്ങൾക്ക് വേണ്ടിയുള്ള തയാറെടുപ്പുകളുടെ നാളുകളാണ് പിന്നീട്. ഇന്റർസോൺ കലോത്സവ കാലത്തെ കലാപരിശീലനങ്ങൾ ഇന്നും ആവേശകരമായ ഓർമകളാണ്.

‘ആ സമയത്ത് എന്നും തിരക്കാണ്, എല്ലാവർക്കും തിരക്കാണ്. റിഹേ​ഴ്സലൊക്കെ രാത്രി എട്ട്, ഒമ്പത് വരെയൊക്കെ നീളും. ചിലപ്പോൾ രാത്രി 12 മണി വരെയൊക്കെ ആകും. ആ സമയത്തൊക്കെ എന്റെയും അച്ഛന്റെയും അമ്മയുടെയുമൊക്കെ ധൈര്യം ഇവിടെയുള്ള കൂട്ടുകാർ തന്നെയായിരുന്നു. കൂട്ടുകാർ തന്നിരുന്ന ധൈര്യം, പ്രോത്സാഹനം എന്നതൊക്കെ ഫാറൂഖ് കോളജിൽ പഠിച്ച കാലത്ത് വലിയ സന്തോഷമാണ് പകർന്നിരുന്നത്. ഇന്നും അതെല്ലാമോർക്കുമ്പോൾ മനസ്സിൽ എവിടെയോ ഒരു സന്തോഷവും സമാധാനവും ഉണ്ടാകാറുണ്ട്’ -സിതാരയുടെ വാക്കുകൾ.

ഫാറൂഖ് കോളജ് ജീവിതത്തെക്കുറിച്ച് തനിക്ക് പറയാനുള്ളതെല്ലാം കോളജിനുവേണ്ടി ആവിഷ്കരിച്ച ‘തിരികെ’ എന്ന സംഗീത ആൽബത്തിൽ വരികളായും ദൃശ്യങ്ങളായുമുണ്ടെന്ന് സിതാര പറയുന്നു. റഫീഖ് അഹമ്മദ് രചിച്ച ആ ഗാനം തുടങ്ങുന്നത് ഇങ്ങനെയാണ്- ‘മഹാസ്മരണകൾ ചിറകടിക്കുമൊരിടം, ഇതാണാത്മബലം അജയ്യമാകുമൊരിടം...’

Tags:    
News Summary - 75th Anniversary of Farooq College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.