representational image
ആലപ്പുഴ: സംസ്ഥാനം കണ്ട ഏറ്റവും വലിയ ബോട്ടപകടമാണ് 1952 ഏപ്രിൽ 20ന് ചേർത്തലക്കടുത്ത് ചെങ്ങണ്ടയിലുണ്ടായത്. അറുപതിലേറെപ്പേർ ചെങ്ങണ്ട ബോട്ടപകടത്തിൽ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. മൃതദേഹങ്ങൾ കണ്ടെടുക്കാനാകാതെ വന്നത് മരണം എത്രയെന്ന് ഔദ്യോഗികമായി രേഖപ്പെടുത്തുന്നതിന് തടസ്സമായി.
വൈക്കത്തഷ്ടമി തൊഴാൻ നൂറിനുമേൽ യാത്രക്കാരുമായി വൈക്കം ബോട്ടുജെട്ടി ലക്ഷ്യമാക്കി നീങ്ങിയ ‘കനകം’ ബോട്ടാണ് പുലർച്ച അപകടത്തിൽപ്പെട്ടത്. ശേഷിയുടെ ഇരട്ടിയായിരുന്നു ബോട്ടിലുണ്ടായിരുന്ന ആളുകളുടെ എണ്ണം. ചേർത്തല പട്ടണത്തിന്റെ കിഴക്കാണ് ചെങ്ങണ്ട. വേമ്പനാട്ട് കായലിൽനിന്ന്, വയലാർവഴി ഒഴുകുന്ന കായലിലേക്ക് തിരിയുന്ന ഭാഗത്ത് മണൽത്തിട്ടയിലിടിച്ച് ബോട്ട് മറിഞ്ഞു.
ശക്തമായ മഴയും ഇരുട്ടുമായിരുന്നു അപ്പോൾ. പുറത്തേക്ക് ചാടിയവർ ദൂരെ വെളിച്ചം കണ്ട് അങ്ങോട്ടേക്ക് നീന്തി. വേമ്പനാട്ട് കായലിന്റെ മറുകരയിലെ വെളിച്ചമായിരുന്നു അത്. ദിശ തെറ്റി നീന്തിയവർ പലരും മുങ്ങിത്താണു. ബോട്ടിനകത്തു കുടുങ്ങി കുറേപ്പേർ മരിച്ചു. ചെങ്ങണ്ട അപകടത്തിൽ അമ്പതിലേറെപ്പേർ മരിച്ചതായി കണ്ടെത്തിയത് പുന്നപ്ര-വയലാർ സമരസേനാനിയും ചരിത്രാന്വേഷിയുമായ എൻ.പി തണ്ടാർ ആണ്.
മരിച്ചവരിൽ 19 പേർ ഗൗഡസാരസ്വത ബ്രാഹ്മണരായിരുന്നു. അവരുടെ വകയായ രുദ്രവിലാസം ശ്മശാനത്തിലാണ് എല്ലാവരെയും ദഹിപ്പിച്ചത്. അങ്ങനെയൊരു ശ്മശാനം തുറന്നതും ഈ അപകടത്തോടെയാണ്. മരണത്തെക്കുറിച്ചുള്ള ഔദ്യോഗിക രേഖയിൽ ഈ 19 പേർ മാത്രം. മരിച്ചവർ എത്രയെന്ന് കൃത്യമായി ആർക്കുമറിയില്ല.
ഇവരെല്ലാം ചേർത്തലയിലും പരിസരത്തും ജനിച്ചുവളർന്നവരായിരുന്നു. ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളിലുള്ളവരെല്ലാം പറയുന്നത് അറുപതിന് മുകളിലെന്നാണ്. ചേർത്തലയിൽ നിന്നുതന്നെ ആളുകൾ നിറഞ്ഞതിനാൽ അന്ന് വയലാർ ജെട്ടിയിൽ ബോട്ട് അടുത്തില്ല. അങ്ങനെ രക്ഷപ്പെട്ടവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.