തിരുവനന്തപുരം: പമ്പയിലും നിലയ്ക്കലിലും ക്രമസമാധാനം നിലനിർത്തുന്നതിനും തീർഥാടകർക്ക് സുരക്ഷ നൽകാനും കൂടുതൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ദക്ഷിണമേഖല എ.ഡി.ജി.പി അനിൽകാന്ത്, തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ എഴുന്നൂറോളം സായുധ പൊലീസിനെ വിന്യസിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. 100 വനിത പൊലീസും ഇവരിലുണ്ട്. മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അവരെ ഉടൻ പിടികൂടുമെന്നും ഡി.ജി.പി അറിയിച്ചു.
ടെലികമ്യൂണിക്കേഷൻ എസ്.പി മഞ്ജുനാഥ്, സി.ബി.സി.ഐ.ഡി അനാലിസിസ് വിങ് എസ്.പി സുദർശൻ, എൻ.ആർ.ഐ സെൽ എസ്.പി വി.ജി. വിനോദ്കുമാർ, കൊല്ലം സിറ്റി ജില്ല പൊലീസ് മേധാവി പി.കെ. മധു എന്നിവരെയാണ് നിയോഗിച്ചത്. പത്തനംതിട്ട ജില്ല പൊലീസ് മേധാവി ടി. നാരായണൻ, കെ.എ.പി മൂന്നാം ബറ്റാലിയൻ കമാൻഡൻറ് കെ.ജി. സൈമൺ, പൊലീസ് ആസ്ഥാനത്തെ സ്പെഷൽ സെൽ എസ്.പി വി. അജിത്, തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമീഷണർ ആർ. ആദിത്യ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷസംവിധാനം. രണ്ട് എസ്.പിമാർ, നാല് ഡിവൈ.എസ്.പിമാർ, ഒരു കമാൻഡോ ടീം എന്നിവരെ ഉടൻ നിയോഗിക്കും. 11 സർക്കിൾ ഇൻസ്പെക്ടർമാർ, 33 സബ് ഇൻസ്പെക്ടർമാർ, വനിതകൾ ഉൾപ്പെടെ 300 പൊലീസുകാർ എന്നിവരെയും ഉടൻ നിയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.