58 വർഷത്തെ ഭൂമി തർക്കത്തിന് വിരാമം; പര്യത്ത്കാവിൽ ഒത്തുതീർപ്പ്

കിഴക്കമ്പലം: 58 വർഷത്തെ നിയമ യുദ്ധത്തിനൊടുവിൽ പര്യത്ത്കാവ് ഭൂമി തർക്കത്തിന്​ ചർച്ചയിലൂടെ പരിഹാരം. 58 വർഷം മുമ്പ് തന്റെ ഭൂമി പട്ടികജാതി വിഭാഗത്തിലുള്ള കാളു കുറുമ്പൻ അന്യായമായി കൈയേറിയതായി ചൂണ്ടിക്കാട്ടി മലയിടംതുരുത്ത് കണ്ണോത്ത് ശങ്കരൻ നായർ പരാതിയുമായി വന്നതോടെയാണ് നിയമപോരാട്ടം തുടങ്ങിയത്. ഇത് സുപ്രീംകോടതി വരെ നീളുകയും വിധി ശങ്കരൻ നായരുടെ കുടുംബത്തിന് അനുകൂലമാകുകയും ചെയ്തതോടെ ഒഴിപ്പിക്കൽ നടപടിയിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടയിൽ കാളു കുറുമ്പനും ശങ്കരൻ നായരും മരിച്ചെങ്കിലും ശങ്കരൻ നായരുടെ പെൺമക്കളുടെ മക്കൾ കേസ് ഏറ്റെടുത്ത് നടത്തുകയായിരുന്നു.

തുടർന്ന് സുപ്രീംകോടതി വിധിയെ തുടർന്ന് 2023 സെപ്റ്റംബർ ഏഴിന് അഡ്വ. കമീഷൻ ജയപാലിന്റെ നേതൃത്വത്തിൽ താലൂക്ക് സർവേയർ ഉൾപ്പെടെ ഭൂമി അളന്ന് തിരിക്കാനെത്തിയെങ്കിലും ഉന്നതി നിവാസികളുടെ ശക്തമായ പ്രതിഷേധം കാരണം തിരിച്ചുപോകേണ്ടിവന്നു. ഇതിനുശേഷം 14 തവണ അഡ്വ. കമീഷൻ എത്തിയെങ്കിലും നടപടി സാധിച്ചില്ല.

കോടതി വിധി നടപ്പാക്കാൻ പൊലീസ് സഹായം ലഭിക്കുന്നില്ലന്ന ആരോപണം കമീഷൻ ഉന്നയിച്ചതോടെ കഴിഞ്ഞ മാർച്ച് നാലിന് ശക്തമായ നടപടി സ്വീകരിക്കാൻ കോടതി നിർദേശിച്ചു. എന്നാൽ, തെരഞ്ഞടുപ്പ് നടക്കുന്നതിനാൽ ആവശ്യത്തിന് സേനയില്ലെന്ന പൊലീസ് വാദം കണക്കിലെടുത്ത് മേയ് 20ലേക്ക് മാറ്റുകയായിരുന്നു. ഇതിനിടയിൽ സർക്കാർ മാറുകയും പുതിയ സർക്കാർ വരികയും ചെയ്തു.

മേയ് 20ന് പര്യത്ത്കാവിലെത്തിയ അഡ്വ. കമീഷൻ പൊലീസിനോട് ശക്തമായ നടപടി ആവശ്യപ്പെട്ടതിനെ തുടർന്ന് സമരക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പുരുഷൻമാരെ അറസ്‌റ്റ് ചെയ്ത് നീക്കി കമീഷൻ ഉന്നതിയിൽ പ്രവേശിച്ചങ്കിലും സർക്കാർ ഇടപെട്ട് പൊലീസിനെ പിൻ വലിക്കുകയായിരുന്നു. ഇതിനിടെ പ്രതിപക്ഷത്തായ സി.പി.എമ്മും ശക്തമായ സമരവുമായി രംഗത്തുവന്നു.

ഈ സാഹചര്യത്തിൽ കോടതിക്ക് പുറത്ത് ചർച്ചയിലൂടെ​ പ്രശ്നം പരിഹരിക്കാൻ സർക്കാർ നീക്കം തുടങ്ങുകയും ഇതിനായി മന്ത്രി റോജി എം. ജോണിനെയും വി.പി. സജീന്ദ്രൻ എം.എൽ.എയെയും ചുമതലപ്പെടുത്തുകയും ചെയ്തു. തുടർന്ന് ജില്ല കലക്ടർ ജി. പ്രിയങ്കയുടെ സാനിധ്യത്തിൽ പലതവണ ചർച്ച നടത്തിയാണ് പതിറ്റാണ്ടുകൾ നീണ്ട പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കിയത്. ഓരോ കുടുംബത്തിനും അഞ്ച് സെന്റ് വീതം ഭൂമിയും അതിൽ എട്ടു മാസത്തിനകം ആയിരം സ്ക്വയർ ഫീറ്റ് വീടും സർക്കാർ ചെലവിൽ നൽകും.

Tags:    
News Summary - 58-year-old land dispute ends; settlement reached in Paryatkavu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.