ഈങ്ങാപ്പുഴ ടൗൺ വെള്ളത്തിൽ മുങ്ങി; താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം, അത്യാവശ്യ വാഹനങ്ങൾക്ക് മാത്രം അനുമതി
കൽപറ്റ/താമരശ്ശേരി: കനത്ത മഴയിൽ ഈങ്ങാപ്പുഴ അങ്ങാടിയിലും ദേശീയ പാതയിലും വെള്ളം കയറി. ഗതാഗതം പൂർണമായും നിലച്ചു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി വയനാട് ജില്ലാ കലക്ടർ ഉത്തരവിറക്കി.
അത്യാവശ്യമല്ലാത്ത ഒരു വാഹനവും ചുരം വഴി കടത്തിവിടുന്നില്ല. ലക്കിടിയിൽ പൊലീസ് പരിശോധന കർശനമാക്കി. അത്യാവശ്യക്കാരല്ലാത്തവരുടെ വാഹനങ്ങൾ തടഞ്ഞ് തിരിച്ചയക്കുകയാണ്. ചുരത്തിൽ വാഹനം പാർക്ക് ചെയ്യുന്നതിന് പൂർണ നിരോധനമുണ്ട്.
ഈങ്ങാപ്പുഴയിൽ ദേശീയപാതയിൽ വെള്ളം കയറി ഗതാഗതം പൂർണമായും തടസ്സപ്പെട്ടതിനെ തുടർന്ന് വാഹനങ്ങൾ നിലവിൽ കൂടത്തായി-കോടഞ്ചേരി വഴിയാണ് തിരിച്ചുവിടുന്നത്. ഇതിനാൽ തന്നെ ഈ റോഡുകളിൽ നിലവിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ചരക്ക് ലോറികൾ, മൾട്ടി ആക്സിൽ വാഹനങ്ങൾ തുടങ്ങിയ വലിയ ഭാരവാഹനങ്ങൾ ഈങ്ങാപ്പുഴ വഴി ഗതാഗതം പുനഃസ്ഥാപിക്കുന്നത് വരെ ഈ റോഡ് ഉപയോഗിക്കരുതെന്ന് അധികൃതർ അഭ്യർഥിച്ചു. ഇത്തരം വലിയ വാഹനങ്ങൾ വീതികുറഞ്ഞ ഈ ബദൽ റോഡുകളിൽ കേടായാൽ ആംബുലൻസ് അടക്കമുള്ള അടിയന്തര സർവിസുകൾ പോലും തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടാകും.
വൈത്തിരി, ലക്കിടി മേഖലയിൽ കഴിഞ്ഞ 24 മണിക്കൂറിൽ അതിതീവ്ര മഴ പെയ്തതിനാൽ ജില്ലയിൽനിന്നു കോഴിക്കോട്ടേക്കും കോഴിക്കോട് ജില്ലയിൽ നിന്നു വയനാട്ടിലേക്കുമുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അവശ്യ സർവിസുകൾ മാത്രമേ ചുരത്തിലൂടെ അനുവദിക്കൂ എന്നും ജില്ലാ കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.