തിരുവനന്തപുരം: ‘ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി’ വഴി സംസ്ഥാനത്ത് റേഷൻ വാങ്ങുന്ന ഇതര സംസ്ഥാനക്കാരുടെ എണ്ണത്തിൽ വൻ വർധന. സിവിൽ സപ്ലൈസ് വകുപ്പിന്‍റെ കണക്കുപ്രകാരം കഴിഞ്ഞ മൂന്നുമാസത്തിനിടെ 10,016 പേരാണ് കേരളത്തിൽനിന്ന് റേഷൻ ഭക്ഷ്യധാന്യങ്ങൾ വാങ്ങിയത്. ഓരോ മാസവും ഇവരുടെ എണ്ണത്തിൽ വർധനവാണ് രേഖപ്പെടുത്തിയത്. മേയ്- 2237, ജൂൺ- 3266, ജൂലൈ- 4513 എന്നിങ്ങനെയാണ് എണ്ണം. രാജ്യത്തെവിടെയുമുള്ള റേഷൻ കടകളിൽ നിന്ന് സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ ബയോ മെട്രിക് സംവിധാനം വഴി ഗുണഭോക്താക്കളെ അനുവദിക്കുന്ന പദ്ധതിയാണ് ‘ഒരു രാജ്യം, ഒരു റേഷൻ കാർഡ്’.
കേരളത്തിൽ റേഷൻ വാങ്ങിയ ഇതര സംസ്ഥാനക്കാരിൽ ഏറ്റവുമധികം പേർ ബിഹാറുകാരാണ്- 3391 പേർ. മേയിൽ 906 പേർ റേഷൻ വാങ്ങി. ജൂണിൽ ഇവരുടെ എണ്ണം 1156 ആയും ജൂലൈയിൽ 1343 ആയും വർധിച്ചു. രണ്ടാംസ്ഥാനത്തുള്ളത് അസം ആണ്. അസമിൽനിന്നുള്ള 1996 പേരാണ് മൂന്നുമാസത്തിനിടെ റേഷൻ വാങ്ങിയത്. തൊട്ടയൽപക്കമായ തമിഴ്നാട് മൂന്നാം സ്ഥാനത്താണ്-1323.
ഏറ്റവുമധികം ഇതര സംസ്ഥാനക്കാർ റേഷൻ വാങ്ങിയത് മലപ്പുറത്താണ് -2182. ഇവരിലും മുന്നിൽ ബിഹാറുകാർ തന്നെ- 870. ഇതര സംസ്ഥാനക്കാർ റേഷൻ വാങ്ങിയവരുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തുള്ളത് എറണാകുളമാണ്- 1251.
അതേസമയം, കേരളത്തിന് പുറത്തുനിന്ന് റേഷൻ വാങ്ങിയ മലയാളികളുടെ എണ്ണം രണ്ടക്കം കടന്നിട്ടില്ല. കഴിഞ്ഞ മൂന്നുമാസം സംസ്ഥാനത്തിനു പുറത്ത് 35 മലയാളികളാണ് റേഷൻ വാങ്ങിയത്. ജൂണിൽ 16 പേരും ജൂലൈയിൽ 19 പേരും. മേയിൽ ആരും വാങ്ങിയില്ല. ബിഹാർ, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നാണ് ഇവർ റേഷൻ വാങ്ങിയത്.
സംസ്ഥാനം, മൂന്നുമാസം റേഷൻ വാങ്ങിയവരുടെ എണ്ണം
ബിഹാർ 3405
അസം 1996
തമിഴ്നാട് 1323
കർണാടക 810
ഝാർഖണ്ഡ് 939
പശ്ചിമ ബംഗാൾ 630
മധ്യപ്രദേശ് 544
മഹാരാഷ്ട്ര 247
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.