തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി നടപ്പാക്കുന്ന സ്കൂളുകളിലെ പഠന -അക്കാദമിക പ്രവർത്തനങ്ങൾ പൂർണമായും കേന്ദ്രസർക്കാറിന്റെ തത്സമയ നിരീക്ഷണത്തിലായിരിക്കുമെന്ന് രേഖകൾ. കഴിഞ്ഞ സർക്കാർ ഒപ്പിട്ട പി.എം ശ്രീ പദ്ധതിക്കായുള്ള ധാരണപത്രത്തിലും കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ച പദ്ധതി രേഖയിലും ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. കേന്ദ്രസർക്കാർ ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) അടിസ്ഥാനപ്പെടുത്തി തയാറാക്കിയ പാഠ്യപദ്ധതി സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പാക്കേണ്ടിവരുമോ എന്നതിലുള്ള ചർച്ചയും പരിശോധനകളും നടക്കുമ്പോഴാണ് അതിനപ്പുറത്തുള്ള കേന്ദ്രസർക്കാർ മേൽനോട്ടവും നിരീക്ഷണവും ഉണ്ടാകുമെന്ന് പദ്ധതി രേഖകളിൽ തന്നെ അടിവരയിടുന്നത്. കേന്ദ്രസർക്കാറിന്റെ വിദ്യ സമീക്ഷ കേന്ദ്രങ്ങൾ വഴി പദ്ധതിയിൽ വരുന്ന സ്കൂളുകളിലെ പഠന-അക്കാദമിക പ്രവർത്തനങ്ങൾ ഐ.ടി അധിഷ്ഠിത രീതിയിൽ തത്സമയം നിരീക്ഷിക്കുമെന്ന് ധാരണപത്രത്തിലും പി.എം ശ്രീ സ്കൂൾ ചട്ടക്കൂട് രേഖയിലും വ്യക്തമാക്കുന്നു.
പി.എം ശ്രീ നടപ്പാക്കിയാൽ സ്കൂളുകളിൽ സംസ്ഥാനത്തെ പാഠ്യപദ്ധതി തന്നെ തുടരാനാകുമെന്നായിരുന്നു ഒപ്പിട്ടപ്പോൾ എൽ.ഡി.എഫ് സർക്കാറും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും അവകാശപ്പെട്ടത്. സംസ്ഥാനത്തെ പാഠ്യപദ്ധതി പിന്തുടരുന്നതിനുള്ള സാധ്യത തേടുമെന്ന് യു.ഡി.എഫ് സർക്കാറും പറയുമ്പോഴാണ് പദ്ധതിയുടെ അടിസ്ഥാന രേഖ തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നത്. 2018-19 വർഷത്തിൽ ഗുജറാത്ത് സർക്കാർ നടപ്പാക്കുകയും പിന്നീട് 2020ൽ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഉൾപ്പെടുകയും ചെയ്ത പദ്ധതിയാണ് വിദ്യസമീക്ഷ കേന്ദ്രങ്ങൾ.
പി.എം പദ്ധതിയുടെ കാലപരിധി അഞ്ച് വർഷമാണ്. കാലപരിധിക്ക് ശേഷം സ്കൂളുകൾ സംസ്ഥാനം തിരികെ ഏറ്റെടുത്ത് പി.എം ശ്രീ മാനദണ്ഡങ്ങൾ പ്രകാരം തന്നെ മുന്നോട്ടുകൊണ്ടുപോകണമെന്നും രേഖയിൽ പറയുന്നുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും കേന്ദ്ര സ്കൂൾ -സാക്ഷരത വകുപ്പും സമയാസമയങ്ങളിൽ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ സംസ്ഥാന സർക്കാർ പാലിക്കണമെന്ന വ്യവസ്ഥയും ധാരണപത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തെ ഓരോ േബ്ലാക്കിൽ നിന്നും പരമാവധി ഒന്ന് വീതം എലമെന്ററി, സെക്കൻഡറി/ സീനിയർ സെക്കൻഡറി സ്കൂളുകളെയാണ് പദ്ധതിയിലേക്ക് പരിഗണിക്കുക. 152 േബ്ലാക്കുകളുള്ള കേരളത്തിൽനിന്ന് 304 സ്കൂളുകൾക്ക് വരെയാണ് സാധ്യത. മികച്ച ഭൗതിക, അക്കാദമിക സൗകര്യമുള്ള സ്കൂളുകളാണ് പദ്ധതി വഴി കേന്ദ്രസർക്കാർ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമായി മാറുക.
പി.എം ശ്രീ നടപ്പാക്കുമ്പോൾ എൻ.ഇ.പി അടിസ്ഥാനപ്പെടുത്തി കേന്ദ്രസർക്കാറിന് കീഴിലുള്ള എൻ.സി.ഇ.ആർ.ടി തയാറാക്കിയ നാഷനൽ കരിക്കുലം ഫ്രെയിംവർക്ക് ഫോർ സ്കൂൾ എജുക്കേഷൻ പ്രകാരമുള്ള പാഠ്യപദ്ധതി പിന്തുടരണമെന്നാണ് പദ്ധതി രേഖയിൽ പറയുന്നത്. അല്ലെങ്കിൽ എൻ.ഇ.പി അടിസ്ഥാനപ്പെടുത്തി സംസ്ഥാനങ്ങൾ തയാറാക്കിയ പാഠ്യപദ്ധതി പിന്തുടരാമെന്നും രേഖയിൽ പറയുന്നു. ഈ രണ്ട് സാധ്യതകളാണ് രേഖയിലുള്ളത്. എൻ.ഇ.പി ഔദ്യോഗികമായി അംഗീകരിക്കാത്ത കേരളം എൻ.ഇ.പി മുന്നോട്ടുവെക്കുന്ന ഘടന പ്രകാരമല്ല പാഠ്യപദ്ധതി തയാറാക്കിയത്. പദ്ധതിയിൽ മുന്നോട്ടുപോകാൻ സംസ്ഥാനത്തിന്റെ പാഠ്യപദ്ധതി തന്നെ പിന്തുടരാനുള്ള സ്വാതന്ത്ര്യം തേടുന്നത് ഉൾപ്പെടെയാണ് പി.എം ശ്രീ പഠിക്കാൻ നിയോഗിച്ച മന്ത്രിസഭ ഉപസമിതിയുടെ പരിഗണന വിഷയങ്ങൾ. കേന്ദ്ര പാഠ്യപദ്ധതി പിന്തുടരുന്നില്ലെങ്കിൽ കേന്ദ്രസർക്കാർ നിർദേശിച്ച രീതിയിൽ തയാറാക്കിയ പാഠ്യപദ്ധതി വേണമെന്ന് ചുരുക്കം.
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ രാഷ്ട്രീയ വിവാദങ്ങൾക്കപ്പുറം സർക്കാർ നേരിടുന്നത് ദ്വിമുഖ പ്രതിസന്ധി. പദ്ധതി നടപ്പാക്കുന്നത് വഴി കേന്ദ്രസർക്കാർ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന ‘ഹിന്ദുത്വ’വത്കരണത്തിൽ അണി ചേരേണ്ടിവരുന്നത് യു.ഡി.എഫ് നേരിടുന്ന ഏറ്റവും വലിയ ആശയപ്രതിസന്ധിയാണ്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ പദ്ധതിയിൽ സ്വകാര്യമായി ഒപ്പുവെച്ചത് തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ വലിയ പ്രചാരണായുധമാക്കിയ യു.ഡി.എഫ് അധികാരത്തിലെത്തിയപ്പോൾ അതേ പദ്ധതിയുമായി മുന്നോട്ടുപോകുന്നത് രാഷ്ട്രീയ വിശ്വാസ്യതയുടെ കൂടി പ്രശ്നമായി മാറുന്നു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ സുപ്രധാന പദ്ധതികൾക്കുള്ള ഫണ്ട് ലഭിക്കാത്ത സാഹചര്യമാണ് സർക്കാർ നേരിടുന്ന പ്രതിസന്ധിയുടെ മറുവശം. പി.എം ശ്രീയുടെ പേരിൽ തടഞ്ഞുവെച്ച 1,100 കോടിയിലേറെ സമഗ്രശിക്ഷ ഫണ്ട് നികത്താൻ വഴിയില്ലാത്ത സാഹചര്യത്തിലാണ്, കഴിഞ്ഞ സർക്കാർ ഒപ്പുവെച്ച പദ്ധതിയിൽനിന്ന് പിന്മാറാൻ വ്യവസ്ഥയില്ലെന്ന സാങ്കേതികത്വം ഉയർത്തി മുന്നോട്ടുപോകാൻ വഴിതേടുന്നത്. ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ കുട്ടികളുടെ സൗജന്യ യൂനിഫോം, സൗജന്യ പാഠപുസ്തകം, അധ്യാപക പരിശീലനം, ഭിന്നശേഷി കുട്ടികൾക്കുള്ള പഠന സഹായം തുടങ്ങിയവ ഉൾപ്പെടെയുള്ള പരിപാടികൾക്കുള്ള തുകയാണ് പി.എം ശ്രീയുടെ പേരിൽ കേന്ദ്രസർക്കാർ തടഞ്ഞുവെച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാറിനെ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിലേക്ക് നിർബന്ധിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയാണ് പി.എം ശ്രീ. സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം, അക്കാദമിക നിലവാരം ഉയർത്തൽ ലക്ഷ്യമിട്ടും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രദർശന കേന്ദ്രങ്ങളായുമാണ് പി.എം ശ്രീ സ്കൂളുകളെ കേന്ദ്രസർക്കാർ വിഭാവനം ചെയ്യുന്നത്. ഫണ്ട് തടഞ്ഞതിന്റെ പേരിൽ ജനാധിപത്യ, മതേതര അടിത്തറയിൽ ഉറച്ചുനിന്നുള്ള വിദ്യാഭ്യാസം എന്ന കേരളത്തിന്റെ സങ്കൽപങ്ങളുടെ അടിവേരറുക്കാൻ ശേഷിയുള്ള ഒളിയജണ്ടകളടങ്ങിയ കേന്ദ്രസർക്കാറിന്റെ വിദ്യാഭ്യാസ നയത്തിന് കീഴടങ്ങേണ്ടതുണ്ടോ എന്ന സുപ്രധാന ചോദ്യവും സംസ്ഥാന സർക്കാറിന് മുന്നിൽ ഉയരുന്നുണ്ട്.
പദ്ധതിയിൽ രഹസ്യമായി ഒപ്പിട്ടതിനെ പ്രതിപക്ഷത്തിരുന്ന് രൂക്ഷമായി വിമർശിക്കുകയും തെരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കുകയും ചെയ്തവർ ഭരണത്തിലേറിയപ്പോഴാണ് പി.എം ശ്രീയിലെ കുരുക്കിന്റെ ആഴം തിരിച്ചറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.