കൽപറ്റ: മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരനെ ആക്രമിച്ച കേസിൽ ഗീതാനന്ദനടക്കം തടവുശിക്ഷ വിധിച്ച കോടതിവിധി വിവേചനപരമാണെന്ന് മുത്തങ്ങ സമരനായിക സി.കെ. ജാനു പ്രതികരിച്ചു. ആദിവാസികൾ ഏകപക്ഷീയമായി പൊലീസിനെ ആക്രമിക്കുകയായിരുന്നില്ല. ഭരണകൂടം പൊലീസിനെ ഉപയോഗിച്ച് ആദിവാസികൾക്ക് നേരെ അക്രമം അഴിച്ചുവിട്ടപ്പോൾ ഉണ്ടായ പ്രതികരണമാണത്. എന്നിട്ടും പൊലീസ് അതിക്രമത്തിനെതിരെ നടപടികളില്ല.
പൊലീസ് വെടിവെപ്പിൽ മരിച്ച ജോഗി എന്ന ആദിവാസിക്ക് നീതി ലഭിച്ചിട്ടില്ല. ഒരു എഫ്.ഐ.ആർ ഇട്ടുവെന്നല്ലാതെ അന്വേഷണം പോലും ഉണ്ടായിട്ടില്ല. പൊലീസിന്റെ ക്രൂരമായ അതിക്രമങ്ങളും മർദനവും നേരിട്ട 15ഓളം ആദിവാസികൾ വിവിധ സമയങ്ങളിൽ മരണപ്പെട്ടിട്ടുണ്ട്. ഇവർക്കൊന്നും നയാപൈസ പോലും നഷ്ടപരിഹാരം കിട്ടിയിട്ടില്ല.
‘സമരം ന്യായമായിരുന്നുവെന്ന് കോടതിയും പറഞ്ഞു’
മുത്തങ്ങ ഭൂസമരം ഉണ്ടായത് ആദിവാസികളുടെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടിയാണെന്ന് കോടതി പരാമർശിച്ചിട്ടുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകനായ അഡ്വ. ടി.എം. റഷീദ് പ്രതികരിച്ചു. എല്ലാ പ്രതികളെയും വെറുതെ വിടുകയാണ് കോടതി ചെയ്തത്. ഒരു പ്രതിക്കെതിരെ മാത്രമാണ് കുറ്റം തെളിഞ്ഞത്. മറ്റൊരു കേസിൽ അഞ്ചുവർഷം മാത്രമാണ് തടവ്.
കൊല്ലപ്പെട്ടവർക്ക് നീതി കിട്ടണം -ഗീതാനന്ദൻ
കൽപറ്റ: മുത്തങ്ങ ഭൂസമരത്തിനിടെ കൊല്ലപ്പെട്ട പൊലീസുകാരനും ആദിവാസിയായ ജോഗിക്കും നീതി കിട്ടണമെന്ന് കോടതി വെറുതെവിട്ട എം. ഗീതാനന്ദൻ പ്രതികരിച്ചു. പൊലീസ് വെടിവെക്കുന്നത് അടക്കമുള്ള പൊലീസ് തന്നെ എടുത്ത വിഡിയോകളും ചാനൽ വിഡിയോകളുമടക്കം കോടതിയിൽ ഹാജരാക്കിയിട്ടില്ല. വിനോദിന്റെ മരണം തലക്കേറ്റ ഗുരുതരപരിക്ക് മൂലമാണ്. ഇത് വെട്ടുകത്തി പോലുള്ള ആയുധംകൊണ്ട് ഉണ്ടായതല്ല. വിനോദിന്റെ മരണത്തിന് കാരണം എന്താണെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിധിപ്പകർപ്പ് കിട്ടിയശേഷം തുടർനടപടി -പ്രോസിക്യൂട്ടർ
കൽപറ്റ: മുത്തങ്ങ വിധിപ്രസ്താവത്തിന്റെ പകർപ്പ് കിട്ടിയശേഷം തുടർനടപടി സ്വീകരിക്കുമെന്ന് സി.ബി.ഐക്കുവേണ്ടി ഹാജരായ പ്രോസിക്യൂട്ടർ അഡ്വ. ജോബി ജോസഫ് പറഞ്ഞു. സംഭവത്തിൽ ഒരു വർഷം കൊണ്ട് തന്നെ കുറ്റപത്രം തയാറാക്കിയതാണ്. ആദിവാസികളായ പ്രതികളെ ഒരുമിച്ച് കോടതിയിൽ ഹാജരാക്കുന്നത് അടക്കമുള്ള പ്രതിസന്ധികൾ മൂലമാണ് കേസ് നടപടികൾ വൈകിയത്. വയനാട് പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതി ജഡ്ജി പ്രത്യേകം താൽപര്യമെടുത്താണ് വിചാരണയടക്കം പൂർത്തിയാക്കി വിധി പറഞ്ഞതെന്നും അദ്ദേഹം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.