പി.എസ്.സി പരീക്ഷ ക്രമക്കേട്: രാഷ്ട്രീയ ഇടപെടലുറപ്പിച്ച് എസ്.ഐ.ടി; അന്വേഷണ സംഘം വിപുലീകരിക്കും

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷയിലുൾപ്പെടെ ക്രമക്കേടിലൂടെ ഇടത് സംഘടന നേതാക്കൾക്കും അനുകൂലികൾക്കും നിയമനം ലഭിച്ചെന്ന വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു. പി.എസ്.സിയിലെ ഉന്നതരുൾപ്പെടെ പല നിയമനങ്ങളിലും ഇടപെട്ടതിനുള്ള തെളിവുകൾ ഉദ്യോഗാർഥികളിൽ പലരും എസ്.ഐ.ടിക്ക് കൈമാറി. ആ സാഹചര്യത്തിൽ വിവിധ പരീക്ഷകളെക്കുറിച്ച് വിശദ അന്വേഷണം നടത്താനാണ് എസ്.ഐ.ടി തീരുമാനം. നിലവിലെ അന്വേഷണസംഘം വിപുലീകരിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പിന് എസ്.ഐ.ടി കത്ത് നൽകും. നടത്തിയ പരീക്ഷയുടെ ഓൺലൈൻ മാർക്കിങ് രേഖകൾ സൂക്ഷിച്ച് വെക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സിക്ക് എസ്.ഐ.ടി കത്ത് നൽകി.

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ മൂന്ന് പി.എസ്.സി ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന നിലയിലാണ് എസ്.ഐ.ടി അന്വേഷണം. ഇവരെ പ്രതിചേർക്കുന്ന കാര്യം പരിശോധിച്ചുവരികയാണ്. ഇടത് അനുഭാവിയായ അരുണ്‍ ജെ. പ്രതാപിന് നിയമനം ലഭിക്കാൻ ക്രമക്കേട് നടത്തിയെന്നാണ് വിലയിരുത്തൽ. ഒമ്പത് മുതൽ 18 വരെയുള്ള 58 മാർക്കിന്‍റെ പത്ത് ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താത്തതാണ് ഈ സംശയം വർധിപ്പിക്കുന്നത്. അരുണ്‍ ജെ. പ്രതാപ് ഒമ്പത് മുതൽ ആറ് ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയിരുന്നില്ല. തുടർന്നുള്ള മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരമെഴുതി. ഒരു ചോദ്യത്തിന് രണ്ടു വരി മാത്രമാണ് ഉത്തരമെഴുതിയത്. എഴുതിയ ഉത്തരങ്ങൾ തെറ്റാണെന്ന സംശയം ഉദ്യോഗാർഥിക്കുണ്ടായെന്നാണ് എസ്.ഐ.ടി വിലയിരുത്തൽ.

അക്കാര്യം പി.എസ്.സിയിലെ ഉദ്യോഗസ്ഥരെ അറിയിക്കുകയും അതിന്‍റെ അടിസ്ഥാനത്തിൽ പരീക്ഷയെഴുതിയ മുഴുവൻ ഉദ്യോഗാർഥികളുടെയും ഈ പത്ത് ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയുമായിരുന്നത്രെ. ഇടതുസംഘടന പ്രവർത്തകനായ അരുൺ ജെ. പ്രതാപിന് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം ചീഫായി നിയമനം നൽകുകയുമുണ്ടായി.

വിഷയത്തില്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ. എം.ആര്‍. ബൈജുവിന്‍റെ പങ്കാളിത്തമുൾപ്പെടെ എസ്‌.ഐ.ടി പരിശോധിക്കുമെന്നാണ് വിവരം. അതിനിടെ കൂടുതൽ പരീക്ഷകളിൽ ക്രമക്കേടുണ്ടെന്ന പരാതികളും എസ്.ഐ.ടിക്ക് ലഭിക്കുന്നുണ്ട്. പരീക്ഷകളിലെ അഭിമുഖവുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കില്ല. അത്തരം കാര്യങ്ങൾ കോടതി നിർദേശാനുസരണം മാത്രമേ പരിശോധിക്കാനാവൂ. നിലവിൽ 90ലധികം വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് എസ്.ഐ.ടിക്ക് ലഭിച്ചത്. ഇതിൽ മിക്കതിലും പരാതിക്കാരുടെ മൊഴി എസ്.ഐ.ടി രേഖപ്പെടുത്തി.

Tags:    
News Summary - PSC exam irregularities: SIT finds political interference; investigation team to be expanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.