തന്നെ ജയിലിൽ കൊലപ്പെടുത്താൻ അഞ്ച് കോടിയുടെ ക്വട്ടേഷനെന്ന് കൊടി സുനിയുടെ മൊഴി

തിരുവനന്തപുരം: തന്നെ കൊലപ്പെടുത്താൻ വിയ്യൂർ സെൻട്രൽ ജയിലിലെ രണ്ട് സഹതടവുകാർക്ക് അഞ്ച് കോടിയുടെ ക്വട്ടേഷൻ നൽകിയെന്ന് ടി.പി. വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന കൊടി സുനിയുടെ മൊഴി. കൊടുവള്ളിയിലെ സ്വർണക്കടത്ത് സംഘമാണ് ക്വട്ടേഷൻ നൽകിയതെന്നും ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണിതെന്നും കൊടി സുനി പറയുന്നു. താൻ ഇത് അറിഞ്ഞതിനാൽ ക്വട്ടേഷൻ നടന്നില്ലെന്നും കൊടി സുനി വിയ്യൂർ ജയിലിലെ വിവാദ ഫോൺ വിളികളെ കുറിച്ച് അന്വേഷിക്കാനെത്തിയ ഉത്തരമേഖല ജയിൽ ഡി.െഎ.ജിക്ക് മൊഴി നൽകി.

ജയിൽ സൂപ്രണ്ടിന്‍റെ ഓഫിസ് സഹായിയായി പ്രവർത്തിച്ചിരുന്ന അയ്യന്തോൾ ഫ്ലാറ്റ് കൊലക്കേസ് പ്രതി റഷീദ്, മറ്റൊരു കൊലക്കേസ് പ്രതി അനൂപ് എന്നിവരെയാണത്രെ ക്വട്ടേഷൻ ഏൽപ്പിച്ചത്. ജയിലിൽ ഫോൺ ഉപയോഗിച്ചതിന്‍റെ പേരിൽ കൊടി സുനിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കും റഷീദിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും മാറ്റിയിരിക്കുകയാണ്.


വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ നാളെ ഉത്തരമേഖല ജയിൽ ഡി.ഐ.ജി പൂജപ്പുരയിലെത്തി റഷീദിന്‍റെ മൊഴിയെടുക്കും.

കൊടി സുനിയുടെയും റഷീദിന്‍റെയും ഫോൺ വിളികൾ വിവാദമായ പശ്ചാത്തലത്തിലാണ് ഉത്തരമേഖല ജയിൽ ഡി.ഐ.ജി അന്വേഷണം നടത്തുന്നത്. ജയിലിൽ തടവുകാരുടെ ഫോൺ വിളി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണെന്ന് വിയ്യൂർ സന്ദർശിച്ച ജയിൽ ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് പറഞ്ഞു. ഫോൺ ഉപയോഗം പിടികൂടിയില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി വരും. തടവുകാരുടെ സ്വാധീനം ഭയന്ന് മൃദുസമീപനം പാടില്ലെന്നും അദ്ദേഹം ജയിൽ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി.

Tags:    
News Summary - 5 crore quotation to kill me says kodi suni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.