മോക്​​ഡ്രില്ലിനിടെ മരിച്ച ബിനുവിന്‍റെ കുടുംബത്തിന്​ നാലുലക്ഷം

തിരുവനന്തപുരം: പത്തനംതിട്ട കല്ലുപ്പാറയിൽ ദുരന്തനിവാരണ മോക്​​ഡ്രില്ലിനിടെ മണിമലയാറില്‍ മുങ്ങിമിച്ച ബിനു സോമന്‍റെ അനന്തരാവകാശികള്‍ക്ക് ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് നാലു ലക്ഷം രൂപയാണ്​ അനുവദിക്കുക.

കല്ലൂപ്പാറ പടുതോട് പാലത്തിനു സമീപം കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം. 34കാരനായ പാ​ല​ത്തി​ങ്ക​ൽ കാ​ക്ക​ര​ക്കു​ന്നി​ൽ ബി​നു സോ​മ​നാണ് ഉദ്യോഗസ്ഥരുടെ വാക്ക് വിശ്വസിച്ച് വെള്ളത്തിലിറങ്ങി മുങ്ങിത്താഴ്ന്നത്. മുങ്ങിത്താഴുമ്പോൾ ബോട്ടിൽനിന്ന് കാറ്റ് നിറച്ച വളയം എറിഞ്ഞു കൊടുക്കുക മാത്രമാണ് ഉദ്യോഗസ്ഥൻ ചെയ്തതെന്ന് നാട്ടുകാർ പറയുന്നു. അതിൽ പിടിക്കാനാവാതെ ബിനു സോമൻ മുങ്ങിത്താഴുമ്പോൾ വളയം വലിച്ചെടുത്ത് അൽപം കഴിഞ്ഞ് വീണ്ടും ഇട്ടുകൊടുത്തു. ബാക്കി മൂന്നുപേരും സുരക്ഷിതരായി ബോട്ടിനരികെ എത്തിയ ശേഷവും പൊങ്ങിവരാത്ത ബിനുവിനെ തിരയാൻ ആദ്യം ആരും സന്നദ്ധരായതുമില്ല.

അരമണിക്കൂറോളം കഴിഞ്ഞ് മറ്റ് രണ്ട് ബോട്ടിലെ ആളുകളുടെ സഹായത്തോടെ വെള്ളത്തിൽനിന്ന് ബിനുവിനെ കണ്ടെത്തിയെങ്കിലും ബോട്ടിന്‍റെ മോട്ടോറുകൾ തകരാറിലായിരുന്നു. കെട്ടിവലിച്ച് കരയിലെത്തിച്ച് ആംബുലൻസിൽ കയറ്റിയപ്പോൾ ഓക്സിജനുമുണ്ടായിരുന്നില്ല. കാലഹരണപ്പെട്ട ഉപകരണങ്ങളും അടിസ്ഥാന അറിവുപോലുമില്ലാത്ത രക്ഷാപ്രവർത്തകരും ചേർന്നപ്പോൾ ഉദ്യോഗസ്ഥരുടെ വാക്ക് വിശ്വസിച്ച യുവാവ് രക്തസാക്ഷിയാകുകയായിരുന്നു.

രക്ഷിക്കുന്നതിൽ ദേശീയ ദുരന്തനിവാരണ സേനക്കും അഗ്നി രക്ഷാ സേനക്കും ആശയകുഴപ്പമുണ്ടായതായാണ് ജില്ല ഭരണകൂടത്തിന്‍റെ റിപ്പോർട്ട്. ബിനു സോമൻ മുങ്ങിത്താഴുന്നതിനിടെ രക്ഷിക്കാൻ ഇതാണ് തടസ്സമായതെന്നും തിരുവല്ല സബ്കലക്ടർ ശ്വേത നാഗർ കോട്ടി തയാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Tags:    
News Summary - 4 lakh to the family of Binu Soman who died during the mock drill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.