പ്രതീകാത്മക ചിത്രം
കൊച്ചി: കെ.എസ്.ആർ.ടി.സി കൊറിയർ സർവീസിന്റെ നടത്തിപ്പ് ആന്ധ്രാപ്രദേശ് ആസ്ഥാനമായുള്ള കമ്പനിയെ ഏൽപ്പിച്ചതിന് പിന്നാലെ, മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ 39 സാധനങ്ങൾക്ക് വിലക്കേർപ്പെടുത്തി. നിരോധിക്കുന്നതിൽ യുക്തിയില്ലെന്ന് ഉപഭോക്താക്കൾ വാദിച്ചപ്പോൾ, സുരക്ഷാ മാനദണ്ഡങ്ങൾ വർധിപ്പിക്കാനും തട്ടിപ്പുകൾ തടയാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ മാറ്റങ്ങളെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. കൊറിയർ സംബന്ധിച്ച പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പുതിയ സോഫ്റ്റ്‌വെയർ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി, കരാർ കമ്പനി മുന്നോട്ടുവെച്ച നിബന്ധനകൾ അനുസരിച്ചാണ് മാറ്റങ്ങൾ വരുത്തിയതെന്നാണ് കെ.എസ്.ആർ.ടി.സി നൽകുന്ന ഔദ്യോഗിക വിശദീകരണം.
'സിംഗു സൊല്യൂഷൻസ്' എന്ന ഈ കമ്പനിയാണ് നിലവിൽ കെ.എസ്.ആർ.ടി.സിയുടെ കൊറിയർ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നത്. വർഷത്തിൽ 200 കോടി രൂപ വരുമാനമുള്ള ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (APSRTC) കൊറിയർ സർവീസും നടത്തുന്നത് ഈ കമ്പനിയാണ്.
2023 പകുതിയോടെ ആരംഭിച്ച കെ.എസ്.ആർ.ടി.സി കൊറിയർ സർവീസ് ഏതാനും മാസങ്ങൾ മുൻപ് വരെ കോർപ്പറേഷൻ നേരിട്ടാണ് നടത്തിയിരുന്നത്. കേരളത്തിൽ എവിടെയും 16 മണിക്കൂറിനുള്ളിൽ ഡെലിവറി വാഗ്‌ദാനം ചെയ്ത ഈ സംരംഭം വളരെ ലാഭകരമായിരുന്നു. തുടക്കത്തിൽ കൊറിയർ അയക്കുന്നതിന് നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പിന്നീട് മത്സ്യവും പച്ചക്കറികളും പോലുള്ള കേടാകുന്ന സാധനങ്ങൾ സ്വീകരിക്കുന്നത് നിർത്തിയിരുന്നു.
ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും കൊറിയർ സർവീസിൽ നിന്നും ഒഴിവാക്കുന്നതുവഴി ഇൻഫോപാർക്ക് പോലുള്ള ഐ.ടി ഹബുകളിൽ ജോലി ചെയ്യുന്ന പലരും ബുദ്ധിമുട്ടിലാകുകയാണ്. പലപ്പോഴും മറന്നുപോവുന്ന ഇത്തരം സാധനങ്ങൾ വേഗത്തിൽ എത്തിക്കാൻ ഈ സേവനത്തെ ആശ്രയിച്ചിരുന്നവരായിരുന്നു ഇവർ.
ജി.എസ്.ടി വെട്ടിച്ച് ദുബൈയിൽ നിന്ന് ഇറക്കുമതി ചെയ്ത ഐഫോണുകൾ കപ്പൽ മാർഗ്ഗം എത്തിക്കാൻ ഈ സേവനം ഉപയോഗിച്ചിരുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മൊബൈൽ ഫോണുകൾക്ക് വിലക്ക് ഏർപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ലാപ്ടോപ്പുകൾ പോലുള്ള ഇനങ്ങളുടെ നിരോധനത്തെക്കുറിച്ച് ഔപചാരികമായ പരാതികൾ ലഭിച്ചാൽ, ആന്ധ്ര കമ്പനിയുമായി വിഷയം ചർച്ച ചെയ്യുമെന്നും മുതിർന്ന ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
പഴയതിൽ നിന്ന് വ്യത്യസ്തമായി, പുതിയ സോഫ്റ്റ്‌വെയർ വഴി സാധനങ്ങളുടെ മൂല്യം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഉപഭോക്താക്കൾ നൽകുകയും കൗണ്ടറിൽ വെച്ച് രേഖകളിൽ ഒപ്പിടുകയും വേണം. തട്ടിപ്പുകൾ തടയുന്നതിനായി സാധനം സ്വീകരിക്കുന്നവർ ശരിയായ തിരിച്ചറിയൽ കാർഡുകൾ ഹാജരാക്കണം, കൂടാതെ ജീവനക്കാർക്ക് ഉപഭോക്താക്കളുടെ ഫോട്ടോ എടുക്കാനുള്ള അധിക ഓപ്ഷനും ഉണ്ട്.
കരാർ കൈമാറിയതിന് ശേഷം കൊറിയർ സർവീസിലെ വരുമാനം കുറഞ്ഞെങ്കിലും, മൂന്ന് മുതൽ ആറ് മാസത്തിനുള്ളിൽ വരുമാനം ഉയരുമെന്ന ആത്മവിശ്വാസത്തിലാണ് കെ.എസ്.ആർ.ടി.സി മാനേജ്‌മന്റ്. ഈ മേഖലയിലെ കമ്പനിയുടെ പരിചയക്കുറവാണ് നിലവിലെ വരുമാനം കുറയാൻ കാരണമെന്നാണ് കെ.എസ്.ആർ.ടി.സി കണ്ടെത്തിയത്.
സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുന്നത് വഴി പാഴ്സൽ, കൊറിയർ സംരംഭങ്ങളിൽ നിന്നുള്ള മൊത്തത്തിലുള്ള വരുമാനം മൂന്നിരട്ടിയായി വർധിപ്പിക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. നിലവിൽ, ഈ സേവനത്തിലൂടെ പ്രതിമാസം ശരാശരി 50 ലക്ഷം രൂപ വരുമാനം ലഭിക്കുന്നുണ്ട്. അതിൽ വൈറ്റില മൊബിലിറ്റി ഹബ് കൗണ്ടറാണ് പ്രതിമാസം 30 ലക്ഷം രൂപ വരുമാനവുമായി മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.