മലപ്പുറം: നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് വ്യാഴാഴ്ച പോളിങ് ജോലിക്കായി റിസർവ് ഉദ്യോഗസ്ഥരടക്കം 1,264 ഉദ്യോഗസ്ഥരെ നിയോഗിച്ചുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ കേൽക്കർ അറിയിച്ചു. പോളിംഗ് ബൂത്തിലേക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർ ബുധനാഴ്ച ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജമാക്കിയ വിതരണ കേന്ദ്രത്തിൽനിന്നും പോളിങ് സാമഗ്രികൾ കൈപ്പറ്റി ബൂത്തുകളിൽ എത്തിച്ചേർന്നു.
19ന് വോട്ടെടുപ്പ് കഴിഞ്ഞശേഷമുള്ള സാധന സാമഗ്രികൾ തിരികെ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ എത്തിക്കും. ആകെയുള്ള 263 പോളിങ് ബൂത്തുകളിൽ ഏഴ് ഇടങ്ങളിലായി 14 ക്രിട്ടിക്കൽ പോളിങ് ബൂത്തുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവയിലേക്ക് ഏഴ് മൈക്രോ ഒബ്സർവർമാരെക്കൂടി നിയോഗിച്ചിട്ടുണ്ട്. 263 ബൂത്തുകളിലേക്കായി 263 പ്രിസൈഡിങ് ഓഫിസർമാരേയും 263 ഫസ്റ്റ് പോളിങ് ഓഫിസർമാരേയും 526 പോളിങ് ഓഫിസർമാരേയും വിന്യസിച്ചിട്ടുണ്ട്.
മൂന്നാഴ്ച നീണ്ടുനിന്ന വാശിയേറിയ പ്രചാരണത്തിനൊടുവിൽ ചൊവ്വാഴ്ചയാണ് നിലമ്പൂരിൽ കൊട്ടിക്കലാശം നടന്നത്. ബുധനാഴ്ച നിശബ്ദ പ്രചാരണമായിരുന്നു. ഭരണവിരുദ്ധവികാരം വോട്ടാകുമെന്ന് യു.ഡി.എഫും സർക്കാരിന്റെ നേട്ടങ്ങൾക്ക് ജനം പിന്തുണ നൽകുമെന്ന് എൽ.ഡി.എഫും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ഗെയിം ചെയ്ഞ്ചറായി പി.വി. അൻവറിന്റെ രംഗപ്രവേശവും ജയപരാജയങ്ങളെ സ്വാധീനിക്കും. എൻ.ഡി.എ, എസ്.ഡി.പി.ഐ സ്ഥാനാർഥികൾ സ്വന്തമാക്കുന്ന വോട്ടുകളിലെ ഏറ്റക്കുറച്ചിലുകൾ ആർക്ക് ഗുണകരമാകുമെന്നും കണ്ടറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.