26 ഏക്കർ വനഭൂമി കൈയേറിയ കേസിൽ പൊലീസുകാരനും പഞ്ചായത്ത് അംഗവും അടക്കം നാലുപേർക്ക് രണ്ട് വർഷം തടവ്

നിലമ്പൂർ: വനഭൂമി കൈയേറി വ‍്യാജ രേഖ ചമച്ച കേസിൽ പഞ്ചായത്ത് അംഗം, പൊലീസ് ഉദ‍്യോഗസ്ഥൻ എന്നിവരുൾെപ്പടെ നാലു പേർക്കെതിരെ കോടതി രണ്ട് വർഷം തടവ് ശിക്ഷയും 4500 രൂപ വീതം പിഴയും വിധിച്ചു.

മേൽകോടതിയിൽ അപ്പീൽ പോവാനായി എല്ലാവർക്കും ജാമ‍്യം അനുവദിച്ചു. നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. മമ്പാട് കാരച്ചാൽ കൊച്ചുമുറ്റത്ത് ബെന്നിതോമസ്, ഭാര‍്യ മമ്പാട് ഗ്രാമപഞ്ചായത്ത് അംഗം മേഴ്സി ബെന്നി, ബെന്നി തോമസിന്‍റെ സഹോദരൻ പൊലീസ് ഉദ‍്യോഗസ്ഥനായ രാജൻ, അയൽവാസി രാമചന്ദ്രൻ എന്നിവർക്കെതിരെയാണ് വിധി.

2014 ൽ അന്നത്തെ നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ സുനിൽകുമാർ നിലമ്പൂർ പൊലീസിൽ നൽകിയ പരാതിയിലെ കേസിലാണ് തിങ്കളാഴ്ച വിധി പറഞ്ഞത്. എടവണ്ണ റേഞ്ച് എടക്കോട് ഫോറസ്റ്റ് സ്റ്റേഷൻ നെടുഞ്ചേരി മലവാരത്തിൽ ആദിവാസികളും അല്ലാത്തവരുമായ കുടുംബങ്ങൾക്ക് വനം വകുപ്പ് കൈമാറിയ ഭൂമി തട്ടിയെടുത്ത് വ‍്യാജ രേഖയുണ്ടാക്കിയെന്നും മരിച്ച ആദിവാസിയുടെ പേരിൽ ഉണ്ടായിരുന്ന ഭൂമി മരണശേഷം വ‍്യാജ രേഖ ഉണ്ടാക്കി പ്രതികൾ സ്വന്തമാക്കിയെന്നുമായിരുന്നു പരാതി. 26 ഏക്കർ ഭൂമി ഇത്തരത്തിൽ സ്വന്തമാക്കിയതായി കണ്ടെത്തിയിരുന്നു. ഇതിൽ 22 ഏക്കർ ഭൂമി വനം വകുപ്പ് തിരിച്ചുപിടിച്ചു. നാലു ഏക്കർ ഭൂമിയുമായി ബന്ധപ്പെട്ടത് സ്റ്റേയിൽ കിടക്കുകയാണ്. ഇതിന്‍റെ കേസ് നടന്നുവരികയാണ്. 1977 ലെ സ്വകാര‍്യ വനങ്ങൾ നിക്ഷിപ്തമാക്കലും പതിച്ചു കൊടുക്കലും നിയമപ്രകാരം വനം വകുപ്പ് ഏറ്റെടുത്ത ഭൂമിയാണിത്.

മങ്ങാട് എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന മുത്തൻ വിഭാഗത്തിൽപ്പെട്ട ആദിവാസികൾ നെടുഞ്ചേരി മലവാരത്തിൽ കുടിയേറി കശുമാവ് കൃഷി ചെയ്തു പോന്നിരുന്നു. ഈ വനഭൂമിയാണ് പിന്നീട് ആദിവാസികളല്ലാത്തവർ കൈയേറി അനധികൃത ആധാരങ്ങളും മറ്റു രേഖകളും സമ്പാദിച്ചത്. 

Tags:    
News Summary - 26 acres forest land Encroachment: imprisonment for Four persons including policeman and panchayat member

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.