കൊച്ചി: ശബരിമല ശ്രീകോവിൽ കേന്ദ്രീകരിച്ച് വൻ മോഷണത്തിന് പ്രതികൾ പദ്ധതിയിട്ടിരുന്നതായി സ്വർണക്കൊള്ളക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) റിപ്പോർട്ട്. ശ്രീകോവിലിലെ മറ്റ് സ്വർണപ്പാളികൾ മോഷ്ടിക്കാൻ ശ്രമം നടന്നതായും ബോധ്യപ്പെട്ടു. വലിയ ഗൂഢാലോചനയുടെ തുടർച്ചയായാണ് ഈ നീക്കം.
ശ്രീകോവിൽ പൂർണമായും സ്വർണം പൊതിഞ്ഞതാണെന്ന് വ്യക്തമായി അറിയാവുന്ന 13ാം പ്രതിയും സ്വർണ വ്യാപാരിയുമായ കർണാടക സ്വദേശി ഗോവർധൻ 1995 മുതൽ ശബരിമലയിലെ പതിവ് സന്ദർശകനാണ്. അയ്യപ്പന്റെ സ്വർണം ദുരുപയോഗം ചെയ്യാൻ 2019ൽ ദേവസ്വം ഉദ്യോഗസ്ഥർ വഴിവിട്ട സഹായം ചെയ്തെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ഗോവർധന്റെ ജാമ്യഹരജിയെ എതിർത്ത് അന്വേഷണ ഉദ്യോഗസ്ഥനായ എസ്. ശശിധരൻ നൽകിയ വിശദീകരണത്തിലാണ് ഈ ആരോപണങ്ങളുള്ളത്.
ഹൈകോടതിയിൽ വിഷയം എത്തിയിരിക്കെ, കഴിഞ്ഞ ഒക്ടോബറിൽ ഗോവർധനും ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരിയും ബംഗളൂരുവിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി ഫോൺ കാൾ രേഖകൾ പരിശോധിച്ചതിൽനിന്ന് വ്യക്തമായി.
കുറ്റകൃത്യം ഒളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കായിരുന്നു ഇവരുടെ കൂടിക്കാഴ്ച. ശ്രീകോവിൽ വാതിൽ അറ്റകുറ്റപ്പണിക്ക് ഹൈദരാബാദിലെ നരേഷിന്റെ കടയിലാണ് കൊണ്ടുചെന്നതെങ്കിലും സ്വർണം പൊതിഞ്ഞതായതിനാൽ ജോലി ഏറ്റെടുത്തില്ല. തുടർന്നാണ് ഗോവർധൻ ഇടപെട്ട് സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ച് സ്വർണം നീക്കിയത്. ശിൽപങ്ങൾ സ്വർണം പൂശിയതാണെന്ന് ഗോവർധന് അറിയാമായിരുന്നുവെന്ന് ഇതിൽനിന്ന് വ്യക്തമാണെന്ന് എസ്.ഐ.ടി റിപ്പോർട്ടിലുണ്ട്.
വാതിൽപാളിയിൽനിന്ന് 409ഉം ദ്വാരപാലക ശിൽപങ്ങളിൽനിന്ന് 577ഉം ഗ്രാം വീതം സ്വർണമാണ് ഇളക്കിമാറ്റിയത് . ഇതിനുപകരം സ്വർണം പൂശിയശേഷം ബാക്കി 474.957 ഗ്രാം സ്വർണം സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരിയുടെ കൈവശം ഉണ്ടായിരുന്നു. എന്നാൽ, ഇതേ അളവിൽ വേറെ സ്വർണമാണ് ഗോവർധന് കൈമാറിയത്.
തനിക്ക് ലഭിച്ച സ്വർണത്തിന്റെ തുകയായ 14.97 ലക്ഷം രൂപ തിരുവിതാംകൂർ ദേവസ്വം ബോർഡിന് നൽകിയെന്ന് ഗോവർധൻ പറയുന്നുണ്ട്. ഇതുതന്നെ കേസിൽ ഗോവർധന്റെ പങ്ക് വ്യക്തമാക്കുന്നതാണ്. നിരപരാധിയായിരുന്നെങ്കിൽ ഈ സ്വർണ ഇടപാടിനെക്കുറിച്ച് ദേവസ്വം ബോർഡിനെ അറിയിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്.
ചോദ്യംചെയ്യലിനിടെ ഹരജിക്കാരൻ തന്നെയാണ് 474.960 ഗ്രാം സ്വർണം ഹാജരാക്കിയത്. ഭീഷണിപ്പെടുത്തി പിടിച്ചെടുത്തെന്ന ആരോപണം തെറ്റാണെന്നും എസ്.ഐ.ടി റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.