24 മണിക്കൂർ പൊലീസ് സുരക്ഷ ഏർപ്പെടുത്തും; താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ സമരം അവസാനിപ്പിച്ചതായി കെ.ജി.എം.ഒ.എ

കോഴിക്കോട്: ഡോക്ടർക്കു നേരെ വധശ്രമം നടന്ന താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാർ നടത്തുന്ന സമരം താൽക്കാലികമാായി നിർത്തിവെച്ചു. 24 മണിക്കൂറും പൊലീസ് സുരക്ഷ ഏർപ്പെടുത്തുമെന്ന ജില്ലാ കലക്ടറുടെ ഉറപ്പ് കണക്കിലെടുത്താണ് സമരം അവസാനിപ്പികകുന്നതെന്ന് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ അറിയിച്ചു.

ആശുപത്രിയിൽ സ്ഥിരം പൊലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കുമെന്നും അതുവരെ 24 മണിക്കൂർ പൊലീസ് സംരക്ഷണം ഏർപ്പെടുത്തുമെന്നും ജില്ലാ കലക്ടറുമായും ഡിഎംഒയുമായി കെ.ജി.എം.ഒ.എ നടത്തിയ ചർച്ചയിലാണ് ഉറപ്പ് നൽകിയത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ അടിയന്തരമായി ട്രയാജ് സംവിധാനങ്ങൾ ആരംഭിക്കാൻ ആശുപത്രി സൂപ്രണ്ടിന് ഡിഎംഒ നിർദേശം നൽകാനും ചർച്ചയിൽ തീരുമാനമായി.

താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ ഒഴിവുകളിൽ അഡ്ഹോക്ക് നിയമനം എത്രയും വേഗം നടത്താൻ നടപടികൾ സ്വീകരിക്കും. അക്രമ സംഭവത്തിൽ ഡോക്ടർമാർക്കും ജീവനക്കാർക്കും ഉണ്ടായ ഉത്കണ്ഠയും മനോവിഷമവും പരിഗണിച്ച്, ഒഴിഞ്ഞുകിടക്കുന്ന വിവിധ തസ്തികകളിൽ നിയമനം, ഗ്രേ കോഡ് പ്രോട്ടോക്കോൾ നടപ്പാക്കൽ, സുരക്ഷാ ജീവനക്കാരുടെ നിയമനം എന്നീ വിഷയങ്ങൾ രണ്ടാഴ്ചക്കുള്ളിൽ പരിഹരിക്കാൻ നടപടി സ്വീകരിക്കും.

ഈ വ്യവസ്ഥകൾ അംഗീകരിച്ച് സമരപരിപാടികൾ അവസാനിപ്പിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ആവശ്യ​പ്പെട്ടിരുന്നു. തുടർന്ന് കെ.ജി.എം.ഒ.എ കോഴിക്കോട് ജില്ല നേതൃത്വം താമരശ്ശേരി യൂണിറ്റുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരപരിപാടികൾ താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചത്. ഡ്യൂട്ടിക്കിടെ വധ ശ്രമത്തിനിരയായ ഡോ. വിപിനിന്റെ ചികിത്സാ ചെലവുകൾ സർക്കാർ ഏറ്റെടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

Tags:    
News Summary - 24-hour police security, Thamarassery Taluk Hospital doctors' strike will stop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.