ബന്ധുക്കളുടെ പേരിലെടുത്ത 2.08 കോ​ടി വായ്പ​ തിരിച്ചടച്ചില്ല; സഹകരണ ബാങ്ക്​ മുൻ പ്രസിഡന്‍റിന്‍റെ സ്വത്ത്​ ജപ്തിചെയ്യാൻ അനുമതി

കൊച്ചി: സ്വന്തം സ്വത്ത്​ ഈടുവെച്ച്​ ബന്ധുക്കളുടെ പേരിൽ 2.08 കോടി രൂപ വായ്പയെടുത്ത്​ തിരിച്ചടക്കാത്ത സംഭവത്തിൽ സഹകരണ ബാങ്ക്​ മുൻ പ്രസിഡൻറിന്‍റെ സ്വത്ത്​ ജപ്തി ചെയ്യാനുള്ള നടപടികൾ തുടരാമെന്ന്​ ഹൈകോടതി. കോട്ടയം ചെങ്ങളം സർവിസ് സഹകരണ ബാങ്ക്​ മുൻ പ്രസിഡന്റ് ജോസ് ആന്റണി, ഭാര്യ മോളി, മക്കൾ അഞ്ജു, അനിറ്റ എന്നിവരുടെ പേരിൽ രണ്ടുകോടിയിലേറെ രൂപ വായ്പയെടുത്ത സംഭവത്തിലാണ്​ ജോസിന്‍റെ 99.9 സെന്റ് സ്ഥലം വിറ്റ് തുക ഈടാക്കാനുള്ള നടപടികൾക്ക് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ അനുമതി നൽകിയത്​.

വേലിതന്നെ വിളവ്​ തിന്നുന്നുവെന്ന നിരീക്ഷണത്തോടെയാണ്​ ഉത്തരവ്​. 15 വർഷത്തോളം ബാങ്കിന്റെ പ്രസിഡന്റായിരുന്ന ജോസ് ആന്റണി വായ്പയെടുത്തെങ്കിലും ഒരുഗഡു പോലും തിരിച്ചടച്ചില്ല. കോവിഡാണ് കാരണമായി പറഞ്ഞത്. തുടർന്നാണ് ഈടുനൽകിയ സ്ഥലം വിറ്റ് തുക വീണ്ടെടുക്കാനുള്ള നടപടി ആർബിട്രേഷൻ ഉത്തരവിനെത്തുടർന്ന്​ തുടങ്ങിയത്.

ജോസ് ഹാജരാകാതിരുന്നതിനാൽ എക്​സ് പാർട്ടി ഉത്തരവായാണ്​ ഇത്​ പുറപ്പെടുവിച്ചത്. ഇതിനെതിരെ നൽകിയ ഹരജിയിൽ ജോസിനെ കേട്ടശേഷം തീരുമാനമെടുക്കാൻ സിംഗിൾ ബെഞ്ച്​ സഹകരണ സംഘം അസിസ്റ്റന്റ് സെക്രട്ടറിയോട് ഉത്തരവിട്ടു. സ്വത്ത്​ ഈടായി നൽകിയ തന്നെ അറിയിക്കാതെയാണ് നടപടിക്ക്​ ഉത്തരവിട്ടതെന്നായിരുന്നു ജോസിന്‍റെ വാദം.

എന്നാൽ, ശരിയായ വിവരം ബോധിപ്പിക്കാതെ സമ്പാദിച്ചതാണ്​ സിംഗിൾ ബെഞ്ച്​ ഉത്തരവെന്ന്​ കാട്ടി ബാങ്ക്​ അപ്പീൽ ഹരജി നൽകുകയായിരുന്നു. ഇയാൾ വായ്പ തിരിച്ചടക്കാത്തതിനാൽ ബാങ്ക് ഗുരുതര പ്രതിസന്ധിയിലായെന്നും നിക്ഷേപകരുടെ പണംപോലും തിരികെ നൽകാൻ കഴിയാത്ത അവസ്ഥയിലാണെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈടായി നൽകിയ സ്ഥലം വിറ്റാൽ പോലും വായ്പയായി നൽകിയ തുക പൂർണമായി തിരിച്ചുപിടിക്കാനാകില്ലെന്നും വിശദീകരിച്ചു.

ഖത്തറിലുള്ള മകളുടെ ഒപ്പിട്ടത്​ ആരാണെന്നതടക്കം നടപടികളിൽ സംശയങ്ങളുന്നയിച്ച കോടതി, 2004 മുതൽ 2019 വരെ പ്രസിഡന്‍റായിരുന്ന ജോസ് പദവി ദുരുപയോഗം ചെയ്താണ് വായ്പ സംഘടിപ്പിച്ചതെന്ന്​ വ്യക്തമാക്കി. പണം തിരിച്ചടക്കാത്തതിനാൽ ആർബിട്രേഷൻ നടപടികൾ തുടങ്ങിയത്​ ജോസ് പ്രസിഡന്റായിരുന്ന കാലത്താണ്​.

ആർബിട്രേഷൻ അവാർഡ്​ റദ്ദാക്കാൻ അപേക്ഷ നൽകിയിട്ടില്ല. ഇത്തരമൊരു അപേക്ഷ നൽകാതെ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത് തെറ്റായ നടപടിയാണ്​. തെറ്റായ കാര്യങ്ങളും അർധസത്യങ്ങളും പറഞ്ഞാണ് ജോസും കുടുംബാംഗങ്ങളും ഹരജി നൽകിയതെന്നും​ കോടതി നിരീക്ഷിച്ചു. തുടർന്നാണ്​ ജപ്തി നടപടികൾ തുടരാമെന്ന്​ ഉത്തരവിറക്കിയത്​.

Tags:    
News Summary - 2.08 crore loan in the name of relatives not repaid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.