ഒക്ടോബര്‍ ഒന്നിന് തുലാവര്‍ഷമത്തെും; ഇത്തവണയും മണ്‍സൂണ്‍ മഴയില്‍ വലിയ കുറവ്

പത്തനംതിട്ട: ഇത്തവണയും ശരാശരി മഴപോലും നല്‍കാതെ മണ്‍സൂണ്‍ വിടവാങ്ങുന്നു. കാലാവസ്ഥ കേന്ദ്രത്തിന്‍റ പ്രവചനമനുസരിച്ച് സെപ്റ്റംബര്‍ 30ന് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളതീരത്തുനിന്ന് പിന്‍വാങ്ങും. ഒക്ടോബര്‍ ഒന്നിന് വടക്കുകിഴക്കന്‍ മണ്‍സൂണ്‍ അഥവാ തുലാവര്‍ഷം പെയ്യുമെന്നാണ് പ്രവചനം. ഏതാനും വര്‍ഷമായി മഴയിലുണ്ടാകുന്ന കുറവ് കുടിവെള്ള, വൈദ്യുതി പദ്ധതികളെ പ്രതികൂലമായി ബാധിക്കും.
ജൂണ്‍ ഒന്നിന് ആരംഭിച്ച് സെപ്റ്റംബര്‍ 30ന് അവസാനിക്കുന്ന മണ്‍സൂണിലാണ് സംസ്ഥാനത്ത് 70ശതമാനം മഴയും ലഭിക്കുന്നത്. 2039.7 മില്ലിമീറ്റര്‍ മഴയാണ് ഈ കാലയളവില്‍ ലഭിക്കേണ്ടത്. കഴിഞ്ഞവര്‍ഷം 1514.3 മില്ലിമീറ്റാണ് ലഭിച്ചത്. 26 ശതമാനത്തിന്‍റ കുറവ്. ഇത്തവണ ജൂണ്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ 25വരെ 1984.6 മില്ലിമീറ്റര്‍ മഴയാണ് കിട്ടേണ്ടിയിരുന്നത്. എന്നാല്‍, ലഭിച്ചത് 1337.4 മില്ലിമീറ്ററും. 33ശതമാനത്തിന്‍റ കുറവ്.

ഏറ്റവും കുറവ് ഇത്തവണയും രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. ഇവിടെ പകുതിപോലും മഴ പെയ്തിട്ടില്ല. കഴിഞ്ഞ മണ്‍സൂണില്‍ വയനാട്ടില്‍ 39ശതമാനത്തിന്‍െറ കുറവുണ്ടായിരുന്നു. ജൂണ്‍ ഒന്നുമുതല്‍ തിങ്കളാഴ്ച വരെ മറ്റു ജില്ലകളില്‍ മഴയുടെ കുറവ് ശതമാനത്തില്‍. ബ്രാക്കറ്റില്‍ 2015ലെ മണ്‍സൂണിലുണ്ടായ കുറവ്. ആലപ്പുഴ- 32.8 (35), എറണാകുളം-22.6 (24), ഇടുക്കി-30 (26), കണ്ണൂര്‍-24 (19), കാസര്‍കോട്-24 (33), കൊല്ലം-27 (26), കോട്ടയം-29.2(16), കോഴിക്കോട്-24 (23), മലപ്പുറം-38 (25), പാലക്കാട്-32 (27), പത്തനംതിട്ട-35 (32), തിരുവനന്തപുരം-31.9 (എട്ട്), തൃശൂര്‍-43.2 (24). 2010 മുതലുള്ള കണക്കുകളില്‍ വയനാട്ടില്‍ മഴ കുറവാണ്. ഏറ്റവും കൂടുതല്‍ ജലം സംഭരിക്കാന്‍ ശേഷിയുള്ള അണക്കെട്ടുകളുള്ള ഇടുക്കിയിലും മഴയില്‍ കുറവ് അനുവഭവപ്പെടുന്നു.

കഴിഞ്ഞവര്‍ഷത്തെ ഇടവപ്പാതിയില്‍ സംസ്ഥാനത്ത് കൂടുതല്‍ മഴ ലഭിച്ചിരുന്നു. 480.7 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 610 മില്ലിമീറ്റര്‍ മഴ പെയ്തിരുന്നു.
ഇത്തവണ രാജ്യത്ത് പൊതുവെ മണ്‍സൂണ്‍ മഴ കുറവായിരുന്നുവെങ്കിലും മധ്യ ഇന്ത്യയില്‍ 71ശതമാനം അധിക മഴ ലഭിച്ചത് പലയിടത്തും പ്രളയം സൃഷ്ടിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.