രാഷ്ട്രീയം മനുഷ്യന്‍െറ ജീവിതത്തിലുള്ള നിരന്തര ഇടപെടലെന്ന് പഠിപ്പിച്ച മഹാ വ്യക്തിയായിരുന്നു കെ. മാധവന്‍. ഉത്തര മലബാര്‍ ഇന്ത്യയുടെ ദേശീയ പ്രസ്ഥാനത്തിനും കേരളത്തിലെ കമ്യൂണിസ്റ്റ് കര്‍ഷകപ്രസ്ഥാനത്തിനും നല്‍കിയ അമൂല്യമായ സംഭാവനയാണ് അദ്ദേഹം. ഏഴു പതിറ്റാണ്ടു കാലം ഉത്തര കേരളത്തിന്‍െറ രാഷ്ട്രീയ ജീവിതത്തില്‍ നിറസാന്നിധ്യമായ ഈ നേതാവ് ദേശീയപ്രസ്ഥാനത്തിലൂടെ കടന്നുവരുകയും കര്‍ഷക സംഘത്തിലൂടെ കമ്യൂണിസ്റ്റാവുകയും ചെയ്ത അസാധാരണ വ്യക്തിത്വത്തിന്‍െറ ഉടമയായിരുന്നു. കോണ്‍ഗ്രസിലെ ത്രിമൂര്‍ത്തികള്‍ എന്നറിയപ്പെട്ടിരുന്ന എ.സി. കണ്ണന്‍ നായര്‍, വിദ്വാന്‍ പി. കേളു നായര്‍, കെ.ടി. കുഞ്ഞിരാമന്‍ നമ്പ്യാര്‍ എന്നിവരുടെ ശിഷ്യനായിട്ടായിരുന്നു കെ. മാധവന്‍ രാഷ്ട്രീയത്തില്‍ എത്തിയത്. തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളിലെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് വിദ്വാന്‍ പി. കേളുനായര്‍ വെള്ളിക്കോത്ത് സ്ഥാപിച്ച വിജ്ഞാനദായിനി ദേശീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയായി മാറുകയും ചെയ്ത മാധവന്‍ പിന്നീട് ദേശീയ പ്രസ്ഥാനത്തിന്‍െറ മുന്നണിപ്പോരാളിയായി.
ക്രാന്ത ദര്‍ശിയായ കമ്യൂണിസ്റ്റ് നേതാവായിരുന്ന അദ്ദേഹം രാഷ്ട്രീയ ചലനങ്ങളെ സുസൂക്ഷ്മം വിലയിരുത്തി കൃത്യമായ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ ശ്രദ്ധേയമായ വൈഭവം പ്രകടിപ്പിച്ചു. എല്ലാം മുന്‍കൂട്ടി കാണാനുള്ള കഴിവ് അദേഹത്തെ മറ്റു രാഷ്ട്രീയ നേതാക്കന്മാരില്‍നിന്ന് വ്യത്യസ്തനാക്കി. 1982ല്‍ സി.പി.ഐയുടെ വാരാണസി പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതിനിധിയായി പങ്കെടുക്കുമ്പോഴാണ് ഭാരതത്തിലെ എല്ലാ മതേതര ദേശീയ ജനാധിപത്യ കക്ഷികളും കൂടി വര്‍ഗീയതക്കെതിരെ ഒന്നിച്ച് അണിനിരക്കണമെന്ന് കെ. മാധവന്‍ പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍, ആ പ്രമേയത്തിന് രണ്ടു വോട്ടുകള്‍ മാത്രമാണ് കിട്ടിയത്. അതോടെ പ്രമേയം തള്ളി. പക്ഷേ, ബി.ജെ.പിയും സംഘ്പരിവാര്‍ ശക്തികളും വലിയ ശക്തികളൊന്നും അല്ലാതിരുന്ന കാലത്ത് ഇവരുടെ വളര്‍ച്ച മുന്നില്‍കണ്ട് കാലത്തിനുമുമ്പേ നടന്ന കമ്യൂണിസ്റ്റും മനുഷ്യസ്നേഹിയുമായിരുന്നു മാധവേട്ടന്‍. ഇന്ന് ബി.ജെ.പിക്കെതിരെ വിശാല ജനാധിപത്യ ഐക്യം ദേശീയ തലത്തില്‍ ആലോചിക്കുമ്പോള്‍ അന്ന് മാധവേട്ടന്‍ പറഞ്ഞ കാര്യങ്ങളും അദ്ദേഹത്തിന്‍െറ ദീര്‍ഘവീക്ഷണവും ഓര്‍ക്കാതെ വയ്യ.
കല്‍ക്കത്ത രാഷ്ട്രീയ പ്രമേയം കാസര്‍കോടിന്‍െറ മണ്ണില്‍ വ്യത്യസ്തമായ രൂപത്തിലാണ് പ്രയോഗവത്കരിക്കപ്പെട്ടത്. പൊലീസ് ഉള്‍പ്പെടെയുള്ള ഭരണകൂട സംവിധാനത്തിന് എതിരെയുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിന് പകരം ജനങ്ങളുടെ ജീവിതമേറ്റെടുത്തുകൊണ്ട് ഒരു പുതിയ സമരമാര്‍ഗം രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം വലിയ സംഭാവന നല്‍കി. വിളവെടുപ്പ് സമരം, വിളകൊയ്ത്തു സമരം എന്നിവ അതിന് ഉദാഹരണങ്ങളാണ്. പി.സി. ജോഷിയുടെയും കെ. ദാമോദരന്‍െറയും കമ്യൂണിസ്റ്റ് ശൈലിയായിരുന്നു അദ്ദേഹം പിന്തുടര്‍ന്നത്. ജന്മി കുടുംബത്തില്‍ ജനിക്കുകയും ജന്മിത്വത്തിനെതിരായി പോരാടാന്‍ മുന്നില്‍ നില്‍ക്കുകയും ആ സമരത്തെ നയിക്കുകയും ചെയ്ത അപൂര്‍വ നായകനാണ് മാധവന്‍. ഉത്തരമലബാറിലെ ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്നു അദേഹം. മാവോയുടെ വചനം അക്ഷരാര്‍ഥത്തില്‍ പ്രാവര്‍ത്തികമാക്കിയ നേതാവ്. ഫ്രഞ്ച് ചരിത്രകാരനായ ലെദ്ദൂറി ലാത്തോയിക് പീരിയഡിലെ മൊണ്ടേയിലോ ഗ്രാമത്തെക്കുറിച്ചഴുതിയതുപോലെ മാധവേട്ടന്‍ മടിക്കൈ ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതത്തെ ഹൃദയസ്പര്‍ശിയായി കോറിയിട്ടു.
ഒരു ഗ്രാമത്തിന്‍െറ ഹൃദയത്തിലൂടെ എന്ന പുസ്തകത്തില്‍ വികാരനിര്‍ഭരമായ ഒരുപാട് മുഹൂര്‍ത്തങ്ങളുണ്ട്. കാരിച്ചിയമ്മയും മറ്റും അഭിമുഖീകരിച്ച മര്‍ദനത്തെയും മടിക്കൈയിലെ കര്‍ഷകര്‍ അനുഭവിച്ച ത്യാഗത്തെക്കുറിച്ചും വസ്തുനിഷ്ഠമായ വിശകലനമാണ് അദ്ദേഹം ഈ പുസ്തകത്തില്‍ നടത്തിയത്. ചരിത്രത്തിലില്ലാത്തവര്‍ക്ക് ചരിത്രത്തില്‍ ഇടം നേടിക്കൊടുക്കാനുള്ള ശ്രമമാണ് ജീവിതകാലയളവില്‍ ഉടനീളം അദ്ദേഹം നിര്‍വഹിച്ചത്. രാഷ്ട്രീയമെന്നത് മനുഷ്യന്‍െറ ജീവിതത്തിലുള്ള നിരന്തരമായ ഇടപെടലാണെന്നും ശബ്ദമില്ലാത്തവര്‍ക്കു വേണ്ടിയുള്ള ശബ്ദിക്കലാണെന്നും മാധവേട്ടന്‍െറ ജീവിതം നമ്മെ പഠിപ്പിക്കുന്നു. അതുതന്നെയാണ് മാധവേട്ടന്‍െറ ജീവിതം നല്‍കുന്ന സന്ദേശവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.