അവസരം നല്‍കിയില്ളെന്ന്; സതീശന്‍ നിയമസഭാ കക്ഷിയില്‍നിന്ന് വിട്ടുനിന്നു

തിരുവനന്തപുരം: അടിയന്തരപ്രമേയ അവതരണത്തിനുള്ള നോട്ടീസ് നല്‍കാന്‍ വി.ഡി. സതീശനെ ചുമതലപ്പെടുത്തിയെങ്കിലും അവസാനനിമിഷം മാറ്റിയതിനെച്ചൊല്ലി കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ തര്‍ക്കം. നിയമസഭാ സമ്മേളനത്തിന്‍െറ ആദ്യദിവസമായ തിങ്കളാഴ്ചയാണ് ആശയക്കുഴപ്പത്തിനിടയാക്കിയ സംഭവം. നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച നടന്ന നിയമസഭാകക്ഷിയോഗത്തില്‍നിന്ന് സതീശന്‍ വിട്ടുനിന്നു. കേരള നിയമസഭയുടെ ചരിത്രത്തില്‍ അപൂര്‍വനേട്ടത്തിനായി സതീശന് ലഭിച്ച അവസരമാണ് കോണ്‍ഗ്രസ് നിയമസഭാകക്ഷിനേതൃത്വം ഇല്ലാതാക്കിയതെന്നാണ് പരാതി. തിങ്കളാഴ്ച നിയമസഭാ നടപടികളിലെല്ലാം സതീശന്‍െറ സാന്നിധ്യമുണ്ടായിരുന്നു.

ചോദ്യോത്തരം, ശ്രദ്ധക്ഷണിക്കല്‍, ഉപക്ഷേപം എന്നിവക്കുപുറമേ സഭയില്‍ അവതരിപ്പിച്ച മൂന്ന് ബില്ലുകളിലും സതീശന്‍ സാന്നിധ്യമറിയിച്ചു. അടിയന്തരപ്രമേയ അവതരണത്തിനുകൂടി അനുവദിച്ചിരുന്നെങ്കില്‍ സഭയിലെ എല്ലാനടപടികളിലും പങ്കെടുത്തെന്ന റെക്കോഡ് ലഭിക്കുമായിരുന്നു. നേരത്തെ, സഭയിലെ അഞ്ചിനത്തില്‍ പങ്കെടുത്ത ടി.എം. ജേക്കബിന് അത്തരമൊരു റെക്കോഡ് ലഭിച്ചിട്ടുണ്ട്. അത് ഭേദിക്കാന്‍ സതീശന് കഴിഞ്ഞെങ്കിലും ഏഴിനത്തില്‍ പങ്കെടുത്ത് റെക്കോഡ് നേടാനുള്ള അവസരമാണ് നേതൃത്വം നഷ്ടപ്പെടുത്തിയതത്രേ. സതീശനാകും അടിയന്തരപ്രമേയം അവതരിപ്പിക്കുകയെന്ന കണക്കുകൂട്ടലിലായിരുന്നു കഴിഞ്ഞദിവസം ഉച്ചവരെ. എന്നാല്‍, അവസാനനിമിഷം ഈ ചുമതല വി.എസ്. ശിവകുമാറിനെ എല്‍പിക്കുകയായിരുന്നു. സ്വാശ്രയവിഷയത്തില്‍ ആദ്യം പ്രസ്താവനയുമായി രംഗത്തുവന്നത് സതീശനായിരുന്നു.  

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.