ബി.ജെ.പി-ബി.ഡി.ജെ.എസ് ബന്ധം നഷ്ടക്കച്ചവടം –വെള്ളാപ്പള്ളി

ആലപ്പുഴ: ബി.ജെ.പിയുമായുള്ള ബി.ഡി.ജെ.എസിന്‍െറ ബന്ധം നഷ്ടക്കച്ചവടമാണെന്നാണ് ഇതുവരെയുള്ള അനുഭവം തെളിയിക്കുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബി.ജെ.പി അധികാരത്തില്‍ വന്നിട്ട് മൂന്ന് വര്‍ഷമാകുന്നു. പല വാഗ്ദാനങ്ങളും ബി.ഡി.ജെ.എസിന് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഒന്നുപോലും പ്രാവര്‍ത്തികമായിട്ടില്ല. കേരളത്തില്‍ത്തന്നെ പല ബോര്‍ഡുകളിലും ഒഴിവുകളുണ്ട്. ഉന്നത പദവികള്‍ പലതും അക്കൂട്ടത്തിലുണ്ട്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്‍െറ കാലത്ത് നിയമിച്ചവരാണ് ഇപ്പോഴും തുടരുന്നത്. അപൂര്‍വം മാറ്റങ്ങളേ ഉണ്ടായിട്ടുള്ളൂ. ബി.ജെ.പിക്കാര്‍ക്കുപോലും ഒന്നും കൊടുത്തിട്ടില്ല. അപ്പോള്‍പിന്നെ കച്ചവടം നഷ്ടമല്ലാതെ മറ്റെന്താണ്. ഇതേക്കുറിച്ച് ചര്‍ച്ച നടത്താന്‍ താന്‍ ആരുമല്ളെന്നും എസ്.എന്‍.ഡി.പി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ പഴിച്ചിട്ട് കാര്യമില്ല. അവര്‍ ദുര്‍ബലരാണ്. കേന്ദ്ര നേതൃത്വമാണ് എല്ലാം ചെയ്യേണ്ടത്. എസ്.എന്‍.ഡി.പിയില്‍പെട്ടവര്‍ക്ക് മാത്രമല്ല ജാനുവിന്‍െറയും രാജന്‍ ബാബുവിന്‍െറയും ധീവരസഭയുടെയും പ്രവര്‍ത്തകര്‍ ഇതിലുണ്ട്. അവരെല്ലാം അസംതൃപ്തരാണ്. ബി.ഡി.ജെ.എസ് നേതാക്കള്‍ക്ക് മനസ്സിലാകാത്ത കാര്യങ്ങള്‍ തനിക്ക് മനസ്സിലാകുന്നതുകൊണ്ടാണ് ഇതേക്കുറിച്ച് പറയുന്നത്.
ശ്രീനാരായണ ഗുരുവിനെ പൊക്കിപ്പറഞ്ഞവരില്‍ ബി.ജെ.പിക്കാരുമുണ്ട്. ഗുരുവിന്‍െറ പേരില്‍ സര്‍വകലാശാല വരുമെന്ന് പറഞ്ഞതല്ലാതെ ഒന്നും നടന്നില്ല.
ബി.ഡി.ജെ.എസ് എസ്.എന്‍.ഡി.പിയുടെ ബി പാര്‍ട്ടിയല്ല. തങ്ങള്‍ക്കൊപ്പം എല്ലാ പാര്‍ട്ടിക്കാരുമുണ്ട്. സി.പി.എമ്മുമായി ഒരു അകല്‍ച്ചയില്ളെന്നും അതേസമയം, തങ്ങളുടെ പ്രയാസങ്ങള്‍ ഭരണാധികാരികള്‍ ആരായാലും അവരുടെ മുന്നില്‍ പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മൈക്രോഫിനാന്‍സ് ഇടപാടിന്‍െറ പേരില്‍ തനിക്ക് ദൈവത്തെ അല്ലാതെ മറ്റാരെയും ഭയമില്ല. എസ്.എന്‍.ഡി.പി യോഗം വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 28ന് ചേര്‍ത്തലയില്‍ ചേരാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ബി.ജെ.പിയുമായി ഒരു തര്‍ക്കവുമില്ളെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ആവര്‍ത്തിച്ചു. കോഴിക്കോട്ട് പ്രധാനമന്ത്രിയും ബി.ജെ.പി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിക്കൊപ്പം ഞായറാഴ്ച ഉച്ചഭക്ഷണം കഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമനങ്ങള്‍ വൈകുന്നതിനെക്കുറിച്ച് തങ്ങള്‍ക്കൊപ്പമുള്ള നേതാക്കള്‍ക്കെല്ലാം അറിയാമെന്നും ബന്ധം നഷ്ടക്കച്ചവടമല്ളെന്നും തുഷാര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.