ജിഷ വധക്കേസ്: രേഖകളുടെ പരിശോധന പൂര്‍ത്തിയായില്ല; കുറ്റപത്രം ഇന്ന് പരിഗണിക്കും

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്‍െറ പരിശോധന പൂര്‍ത്തിയായില്ല. സാക്ഷിമൊഴികള്‍, തൊണ്ടിമുതലുകള്‍, ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ തുടങ്ങിയവ അടങ്ങിയ 1300ഓളം പേജ് വരുന്ന കുറ്റപത്രമാണ് കോടതി ഇന്നലെ പരിശോധിച്ചത്.
വൈകുന്നേരവും പരിശോധന പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍. അനില്‍കുമാര്‍ കുറ്റപത്രം പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചു.
പരിശോധനക്ക് ശേഷമേ ഇത് സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ. അസം സ്വദേശിയും പെരുമ്പാവൂരിലെ തൊഴിലാളിയുമായ അമീറുല്‍ ഇസ്ലാമിനെ (23) മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം നല്‍കിയത്.
 അമീറുല്‍ ഇസ്ലാമിന്‍െറ ജാമ്യാപേക്ഷയും വാദം കേള്‍ക്കാന്‍ കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.
കേസിന്‍െറ വിചാരണ നടപടികള്‍ ആരംഭിക്കാനുള്ള നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്. കുറ്റപത്രം നല്‍കിയ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തന്നെയാവും വിചാരണ.
പ്രതിക്കെതിരെ ദലിത് പീഡന നിരോധ നിയമപ്രകാരം കേസുള്ളതിനാല്‍ ഇത്തരം കേസുകള്‍ പരിഗണിക്കാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് മാത്രമേ കഴിയൂ.
എന്നാല്‍, ഇതിന്‍െറ വിചാരണക്ക് മുമ്പ് തോപ്പുംപടിയില്‍ യുവതിയെ കൊലപ്പെടുത്തി ലോറിക്കടിയില്‍ ഉപേക്ഷിച്ച കേസിന്‍െറ വിചാരണ നടത്താന്‍ കോടതി തീരുമാനിച്ചിരുന്നതാണ്. ഫോര്‍ട്ട്കൊച്ചി അമരാവതിയില്‍ താമസിക്കുന്ന പന്തളം സ്വദേശി അജിത് എം. നായരുടെ ഭാര്യ സന്ധ്യയെ (37) കൊലപ്പെടുത്തിയ കേസില്‍ സ്വകാര്യ ബസ് ജീവനക്കാരനായ കാക്കനാട് പാട്ടുപുരക്കല്‍ പരപ്പേല്‍ വീട്ടില്‍ അന്‍വറാണ് വിചാരണ നേരിടുന്നത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാലേ ഇതിലെ വിചാരണ തുടങ്ങൂ.
 ഈ കേസ് തുടങ്ങാനായില്ളെങ്കില്‍ പ്രമാദമായ കേസെന്ന നിലയില്‍ ജിഷ കേസ് തന്നെ പ്രധാന കേസായി പരിഗണിക്കാനാണ് തീരുമാനം.
ജിഷ കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ ഇതിനകം നിയമിച്ച സാഹചര്യത്തില്‍ വിചാരണ സംബന്ധിച്ച കാര്യങ്ങളില്‍ അടുത്ത ദിവസംതന്നെ തീരുമാനമെടുക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.