ഗതാഗതം നിയന്ത്രിച്ച എസ്.ഐ അടക്കം നാല് പൊലീസുകാര്‍ക്ക് മര്‍ദനം

കോട്ടക്കല്‍: രണ്ടത്താണിയില്‍ എസ്.ഐ അടക്കം നാല് പൊലീസുകാര്‍ക്ക് മര്‍ദനം. കാടാമ്പുഴ എസ്.ഐ മഞ്ജിത്ത് ലാല്‍, കല്‍പകഞ്ചേരി എ.എസ്.ഐ അയ്യപ്പന്‍, കാടാമ്പുഴ സ്റ്റേഷനിലെ സി.പി.ഒ ജംഷാദ്, വളാഞ്ചേരി സ്റ്റേഷനിലെ സി.പി.ഒ സി. അരുണ്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ പൂഴിക്കുന്നത്ത് സമീര്‍ (26) അടക്കം മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. ഇവര്‍ സഞ്ചരിച്ച ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ രണ്ടത്താണി പൂവന്‍ചിനക്ക് സമീപമാണ് സംഭവം. കൊല്ലത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടിരുന്നു. പിറകിലെ ബസ് റോഡില്‍നിന്ന് മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. മണിക്കൂറുകളോളം തടസ്സപ്പെട്ട ഗതാഗതം പൊലീസും നാട്ടുകാരും ചേര്‍ന്ന് നിയന്ത്രിക്കുകയായിരുന്നു. ഇതിനിടയില്‍ അമിത വേഗത്തില്‍ മൂന്നുപേരുമായി വന്ന ബൈക്ക് പൊലീസ് തടഞ്ഞു. ഇതോടെ ഇവര്‍ പൊലീസിനെതിരെ തിരിയുകയായിരുന്നു.

ഇവരെ ജീപ്പിലേക്ക് കയറ്റുന്നതിനിടെയാണ് ആക്രമണം. ഹെല്‍മറ്റ് കൊണ്ടായിരുന്നു മര്‍ദനം. തുടര്‍ന്ന് മൂവരും ഓടി മറഞ്ഞു. ഇവര്‍ മദ്യപിച്ചിരുന്നെന്ന് എസ്.ഐ മഞ്ജിത്ത് ലാല്‍ പറഞ്ഞു. എസ്.ഐക്ക് നെറ്റിയിലും എ.എസ്.ഐക്ക് കഴുത്തിനും ജംഷാദിന് തലക്കുമാണ് പരിക്ക്. പരിക്കേറ്റവരെ ചങ്കുവട്ടിയിലെ എച്ച്.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.