ഓണാവധിയില്‍ സ്കൂള്‍ തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് ഉത്തരവ്

ശ്രീകണ്ഠപുരം: ഓണാവധിക്ക് അടച്ച സ്കൂളുകളില്‍ അവധി തീരുംവരെ പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും സ്കൂള്‍ തുറന്ന് പ്രവര്‍ത്തിക്കരുതെന്നും സര്‍ക്കാറിന്‍െറ കര്‍ശനനിര്‍ദേശം. ഈമാസം ഒമ്പതു മുതല്‍ 18വരെ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് ഓണാവധി നല്‍കിയിരിക്കുകയാണ്.
വിദ്യാഭ്യാസ കലണ്ടറില്‍ അവധി നല്‍കിയിരിക്കുന്ന കാലയളവില്‍ കുട്ടികളുടെ മാനസികോല്ലാസം നഷ്ടപ്പെടുത്തുന്ന വിധത്തില്‍ സ്കൂളില്‍ നടക്കുന്ന എല്ലാ പഠനപ്രവര്‍ത്തനങ്ങളും ഒഴിവാക്കേണ്ടതാണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ, വിദ്യാഭ്യാസ അവകാശനിയമത്തില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള പ്രവൃത്തിദിനങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി പൊതു അവധിദിവസങ്ങളല്ലാത്ത ശനിയാഴ്ചകളെ പ്രയോജനപ്പെടുത്താവുന്നതാണെന്നും ഒമ്പതു മുതല്‍ 19വരെയുള്ള ഓണാവധി കാലയളവില്‍ സംസ്ഥാന സിലബസില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ ഒന്നുംതന്നെ തുറന്നുപ്രവര്‍ത്തിക്കുന്നില്ലായെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കുവേണ്ടി സെപ്റ്റംബര്‍ ഒമ്പതിന് ഇറക്കിയ എച്ച് (4) 64378/2017/ഡി.പി.ഐ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുന്‍വര്‍ഷങ്ങളിലെല്ലാം ഓണാവധിക്കാലത്ത് പല സ്കൂളുകളിലും സ്പെഷല്‍ ക്ളാസും മറ്റ് പരിശീലനങ്ങളും നല്‍കുന്നത് ചര്‍ച്ചയായതിനാലാണ്  സര്‍ക്കാര്‍ ഇത്തവണ പ്രത്യേക ഉത്തരവിറക്കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.