സൈബറിടങ്ങളിലെ ഓണപ്പൊങ്കാലകള്‍

ഐ.എസില്‍ നുഴഞ്ഞുകയറിയ മലയാളികള്‍ താവളകേന്ദ്രമായ ഗുഹക്കു മുന്നിലിട്ട ഓണപ്പൂക്കളം കണ്ട് അദ്ഭുതപ്പെട്ട ഭീകരനേതാവായിരിക്കണം ഈ ഓണക്കാലത്ത് മലയാളികളെ ഏറെ ചിരിപ്പിച്ചത്. ഭീകരാക്രമണത്തിന് മലയാളികളെ തിരഞ്ഞപ്പോള്‍ ഒരുത്തനെയും കാണാത്തതുകൊണ്ട് കാര്യം തിരക്കിയ നേതാവിന് എല്ലാവരും 10 ദിവസം ഓണമാഘോഷിക്കാന്‍ നാട്ടില്‍ പോയതാണെന്ന മറുപടിയാണ് കിട്ടിയത്.

സൈബര്‍ ലോകത്തെ ചില ട്രോളുകളി ല്‍ ചിരി മാത്രമല്ല ചിന്തയും ഉണ്ട്. ഒന്നുപോലെ ആമോദത്തോടെ കഴിയുന്ന മലയാളിമക്കളെ കാണാനത്തെിയ മാവേലിത്തമ്പുരാന്‍ തെരുവുനായ്ക്കളുടെ സംഘടിത ആക്രമണത്തില്‍ പകച്ച് മരക്കൊമ്പില്‍ ഓടിക്കയറി സന്ദര്‍ശനം നടത്താതെ പാതാളത്തിലേക്കു റിട്ടേണ്‍സാകുന്ന ആനിമേഷന്‍ വിഡിയോ സൈബര്‍ലോകത്ത് പാറിനടക്കുകയാണ്.

അടച്ച ബാറിന്‍െറയും അതുവഴി മാറിമറഞ്ഞ കോഴപ്പണത്തിന്‍െറയും പരാതിക്കെട്ട് തമ്പുരാന്‍െറ മുന്നില്‍ അഴിച്ചിടുന്ന വീഡിയോകളും യഥേഷ്ടം. കാലം മാറുകയാണ്. പണ്ട് ദിലീപും നാദിര്‍ഷായും പോലുള്ളവര്‍ ചേര്‍ന്നിറക്കുന്ന കാസറ്റ് പാരഡികളായിരുന്നു മലയാളിയുടെ ഓണനര്‍മമെങ്കില്‍ ഇന്നത് സൈബറിടങ്ങളിലേക്ക് മാറുകയാണ്. മലയാളിയുടെ സ്വസിദ്ധമായ നര്‍മ്മബോധത്തിന്‍െറയും വിമര്‍ശന ബുദ്ധിയുടെയും മിന്നലാട്ടങ്ങള്‍ പ്രകടമാവുന്നത് നവ മാധ്യമങ്ങളിലാണ്. ഇത്തവണയും അവര്‍ ആവേശത്തോടെ ഓണം ആഘോഷിക്കയാണ്.

ഓണാഘോഷങ്ങള്‍ ചുരുങ്ങി ചെറുതാകുന്നതിന്‍െറ നേര്‍ക്കാഴ്ചകളാണ് നമുക്കു ചുറ്റിലും. ക്ളബുകളിലും ഓഡിറ്റോറിയങ്ങളില്‍നിന്നും പടിയിറങ്ങി പതുക്കെ ടി.വിയും കടന്ന് കൈവെള്ളയിലെ സ്മാര്‍ട്ട്ഫോണിന്‍െറ ഇത്തിരിവട്ടത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു അത്. പക്ഷേ സ്വന്തം അയല്‍പക്കത്തെ ഓണോഘോഷം ഒന്നുകാണാന്‍പോലും നില്‍ക്കാതെ മൊബൈലില്‍ സമയം കളയുന്ന പുറം പൂച്ചുകാരാണ് ഇവരില്‍ ചിലരെന്നും വിമര്‍ശനങ്ങളുമുണ്ട്.

സൈബര്‍ലോകത്തെ ഓണാഘോഷത്തിന് ചെറുതല്ലാത്ത മെച്ചങ്ങളാണ്. പണംകൊടുത്ത് പൂവിടുകയോ പൂക്കളം തയാറാക്കുകയോ വേണ്ട. ഗൂഗ്ളില്‍നിന്ന് ഇഷ്ടം പോലെ ഇമേജുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. അല്ളെങ്കില്‍ അപരന്‍െറ പോസ്റ്റുകള്‍ ഫേസ്ബുക്, വാട്സ്ആപ്പില്‍നിന്ന് അടിച്ചുമാറ്റി ഷെയര്‍ ചെയ്യുക. തൊടിയില്‍ നഷ്ടപ്പെട്ട ഊഞ്ഞാലാട്ടത്തെക്കുറിച്ചും ശേഖരിച്ച പൂക്കളെപ്പറ്റിയും ചുമ്മാ നൊസ്റ്റാല്‍ജിക് തേങ്ങലോടെ തള്ളുക. മാവേലിയെ വിപ്ളവപ്പാര്‍ട്ടിക്കാര്‍ ചുവന്ന തുണിയുടുപ്പിച്ചു എന്നാര്‍ത്തുവിളിച്ച് പൊങ്കാലകള്‍ കെങ്കേമമാക്കുക.

ഇത്രയൊക്കെ മതി ഒരു ശരാശരി മലയാളിയുടെ ഓണം കെങ്കേമമാക്കാന്‍. വാട്സ്ആപ് കൂട്ടായ്മകള്‍ നടത്തുന്ന അടിപൊളി ഓണപ്പൂക്കള മത്സരവാവണം ഇത്തവണത്തെ സ്പെഷല്‍. എവിടെയെങ്കിലും ഇട്ട പൂക്കളത്തിന്‍െറ മുന്നില്‍നിന്ന് ചുമ്മാ സെല്‍ഫി എടുത്ത് അയച്ചുകൊടുക്കുക. ഇനി സമ്മാനവും വാട്സ്ആപ് വഴിയുള്ള സ്വര്‍ണക്കപ്പാവാനേ തരമുള്ളൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.