സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്നവരെ ഒന്നിച്ചു നേരിടണം -പിണറായി

തിരുവനന്തപുരം: സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്നവരെയും അതിനുള്ള ശ്രമങ്ങളെയും ഒന്നിച്ചു നേരിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തില്‍ കഴിഞ്ഞ നൂറു ദിവസം സർക്കാറിന് നല്‍കിയ പിന്തുണ മുന്നോട്ടും ഉണ്ടാകണമെന്ന് പിണറായി അഭ്യര്‍ഥിച്ചു. പശ്ചാത്തല വികസനവും സാമൂഹ്യക്ഷേമവും ഒരുമിച്ചു യാഥാര്‍ഥ്യമാക്കും. നൂറുദിവസം ജനങ്ങള്‍ സർക്കാറിന് പിന്തുണ നൽകിയെന്നും ഭാവിയിലും പിന്തുണക്കണമെന്നും പിണറായി പറഞ്ഞു. എൽ.ഡി.എഫ് സര്‍ക്കാറിന്‍റെ നൂറാം ദിനത്തിൽ 'മൻ കി ബാത്ത്' മാതൃകയിൽ റേഡിയോയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കുട്ടികള്‍ക്കിടയിലെ ലഹരി തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഈ മഹാവിപത്തിനെ കേരളത്തില്‍ നിന്ന് പിഴുതെറിയാന്‍ മാതാപിതാക്കളും സര്‍ക്കാറിനൊപ്പം അണിചേരണം. വിഷാംശമില്ലാത്ത പച്ചക്കറിയിലൂടെ ഭക്ഷ്യസ്വയം പര്യാപ്തത നേടിയെടുക്കണം. സ്ത്രീസുരക്ഷ, വിലക്കയറ്റം തടയല്‍, തൊഴില്‍സാധ്യത സൃഷ്ടിക്കല്‍ എന്നിവക്കുള്ള പ്രവര്‍ത്തനം സര്‍ക്കാര്‍ തുടര്‍ന്നുവരുന്നു. ഇതിന്‍റെ മാറ്റം സംസ്ഥാനത്ത് കണ്ടുതുടങ്ങിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Full View

അഞ്ചു വർഷം കൊണ്ടു കേരളത്തെ മാലിന്യ മുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ശുചീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പുതിയ പദ്ധതി ആവിഷ്കരിക്കും. വരുന്ന കേരളപ്പിറവി ദിനത്തിൽ 100 ശതമാനം വീടുകളിലും അനുബന്ധമായി ശുചിമുറിയുണ്ടെന്ന് ഉറപ്പുവരുത്തും. തെക്കേ ഇന്ത്യയിലെ ആദ്യ പരസ്യവിസർജന വിമുക്ത സംസ്ഥാനമായി മാറാൻ കേരളം ഒരുങ്ങുകയാണെന്നും പിണറായി വ്യക്തമാക്കി.

കണ്ണൂർ വിമാനത്താവളം 2017 ഏപ്രിലിൽ പ്രവർത്തനക്ഷമമാക്കും. എൽ.എൻ.ജി പൈപ്പ്‌ലൈൻ പദ്ധതി പൂർത്തിയാക്കി താപോർജാധിഷ്ഠിത വ്യവസായങ്ങൾ അഭിവൃദ്ധിപ്പെടുത്തും. 4500റോളം പട്ടികജാതി കുടുംബങ്ങൾക്കു ഭവനനിർമാണവും 10,000 പട്ടികജാതിക്കാർക്കു വിവാഹ ധനസഹായവും സർക്കാർ ലക്ഷ്യമിടുന്നതായും മുഖ്യമന്ത്രി സന്ദേശത്തിൽ പറയുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.