കെ.എസ്.ആര്‍.ടി.സി ഓണ്‍ലൈന്‍ ബുക്കിങ് തകരാര്‍ ക്ഷമ പറഞ്ഞ് കെല്‍ട്രോണ്‍,

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഓണ്‍ലൈന്‍ ബുക്കിങ് തകരാറിലായതിലും നഷ്ടംസംഭവിച്ചതിലും കെല്‍ട്രോണിന്‍െറ ക്ഷമാപണം. സൈറ്റിന്‍െറ ക്ഷമതക്കുറവാണ് പ്രശ്നത്തിനിടയാക്കിയതെന്നാണ് വിശദീകരണം. സംഭവത്തെതുടര്‍ന്ന് 12 ലക്ഷം നഷ്ടപരിഹാരമാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി നല്‍കിയ നോട്ടീസിനുള്ള മറുപടിയിലാണ് കെല്‍ട്രോണിന്‍െറ ക്ഷമാപണം. മറുപടി കഴിഞ്ഞദിവസം കെ.എസ്.ആര്‍.ടി.സി ഗതാഗതവകുപ്പിന് കൈമാറി. കെ.എസ്.ആര്‍.ടി.സിക്ക് ഏറെ വരുമാനം ലഭിക്കുന്ന ഓണം സീസണില്‍ അപ്രതീക്ഷിതമായി വെബ്സൈറ്റ് നിശ്ചലമായതില്‍ ദുരൂഹതയുള്ളതായും ആരോപണമുണ്ട്. വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിലും നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ (എന്‍.ഐ.സി), ഐ.ടി മിഷന്‍ എന്നിവിടങ്ങളിലെ വിദഗ്ധരുടെ സാന്നിധ്യത്തിലും കെല്‍ട്രോണ്‍ അധികൃതരെ വിളിച്ചുവരുത്താനാണ് സര്‍ക്കാര്‍ തീരുമാനം.

പൊതുമേഖലാസ്ഥാപനമാണെന്ന പരിഗണനയിലാണ് കെല്‍ട്രോണിന് ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനത്തിന്‍െറ ചുമതല നല്‍കിയത്. അതേസമയം, കെല്‍ട്രോണ്‍ മറ്റൊരു സ്വകാര്യ ഏജന്‍സിക്ക് പുറംകരാര്‍ നല്‍കുകയായിരുന്നു. ടിക്കറ്റ് റിസര്‍വേഷന്‍ ചാര്‍ജിനത്തില്‍ ഈടാക്കുന്ന 20 രൂപയില്‍ 4.50 മാത്രമാണ് കെ.എസ്.ആര്‍.ടി.സിക്ക് ലഭിക്കുന്നത്. ശേഷിക്കുന്ന 15.50ഉം സേവനദാതാവിനുള്ള ഇനത്തില്‍ സ്വകാര്യ ഏജന്‍സികള്‍ക്കാണ് നല്‍കുന്നത്. ആന്ധ്രയിലെ അടക്കം മറ്റ് കോര്‍പറേഷനുകള്‍ സേവനദാതാക്കള്‍ക്ക് അഞ്ച് രൂപ മാത്രമാണ് നല്‍കുന്നത്.

സ്വന്തമായി സംവിധാനമില്ളെങ്കിലും ടെന്‍ഡറില്‍ പങ്കെടുത്ത് കരാര്‍ നേടിയെടുക്കുകയും പിന്നീട് സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്‍കുകയും ചെയ്യുന്ന കെല്‍ട്രോണ്‍ രീതിക്കെതിരെ മന്ത്രിസഭാതലത്തില്‍ തന്നെ വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ കരാര്‍ അടക്കം സമഗ്ര പരിശോധനക്കാണ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞമാസം 17ന് വൈകീട്ടാണ് മൂന്ന് മണിക്കൂറോളം ഓണ്‍ലൈനിലൂടെയുള്ള ടിക്കറ്റ് ബുക്കിങ് നിലച്ചത്. കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ റിസര്‍വ് ചെയ്യുന്ന യാത്രക്കാരുടെ പൂര്‍ണവിവരങ്ങളും കലക്ഷനുമടക്കം വെബ്സൈറ്റിന്‍െറ ചുമതലയുള്ള സ്വകാര്യകമ്പനിക്ക് നേരിട്ട് ലഭിക്കുന്നതും വിമര്‍ശത്തിനിടയാക്കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.