കൊച്ചി നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ തമ്മിലടിച്ചു

കൊച്ചി: കൊച്ചി നഗരസഭയില്‍ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ അടിയും കൈയാങ്കളിയും സംഘര്‍ഷവും. പ്രതിപക്ഷത്തെ വനിതാ കൗണ്‍സിലര്‍ക്കെതിരെ ഭരണപക്ഷത്തെ വനിതാ കൗണ്‍സിലര്‍ ഉന്നയിച്ച പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാന്‍ അനുവദിക്കാതെ കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടെന്നാരോപിച്ച് വനിതാ മേയറെ തടയാന്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. മേയറുടെ ചേംബറിനു മുന്നില്‍ ഇരുവിഭാഗം കൗണ്‍സിലര്‍മാരും ഏറ്റുമുട്ടുകയായിരുന്നു. ഭരണക്കാര്‍ വലയം തീര്‍ത്ത് മേയറെ ചേംബറിലത്തെിച്ചെങ്കിലും അവിടെയും സംഘര്‍ഷവും വാക്കേറ്റവും തുടര്‍ന്നു.

നിലവിലെ കൗണ്‍സിലിന്‍െറ പ്രവര്‍ത്തനത്തെയും മേയര്‍ സൗമിനി ജെയിനിനെയും പ്രതിപക്ഷത്തെ അഡ്വ. സുനിത ശെല്‍വന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായി എഴുന്നേറ്റ ഭരണപക്ഷത്തെ അന്‍സ ജെയിംസ്  സുനിതയെ വിമര്‍ശിച്ചു. സുനിത എപ്പോഴും മേയറെ കുറ്റപ്പെടുത്തുകയാണെന്നും വല്ലതും പറയാനുണ്ടെങ്കില്‍ ചേംബറില്‍ ചെന്ന് സ്വകാര്യമായി പറഞ്ഞാല്‍ മതിയെന്നും അന്‍സ പറഞ്ഞു. ഇതിന് മറുപടി പറയാന്‍ സുനിതയെ മേയര്‍ അനുവദിച്ചില്ല. ഇത് തര്‍ക്കത്തിനിടയാക്കി. യോഗം ബഹളമായപ്പോള്‍ അജണ്ടകള്‍ പാസാക്കിയെന്നു പറഞ്ഞ് യോഗം പിരിച്ചുവിട്ടതായി മേയര്‍ അറിയിച്ചു. തുടര്‍ന്ന് ചേംബറിലേക്ക് പോകാന്‍ ശ്രമിച്ച അവരെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തടയുകയായിരുന്നു. ഇതോടെ, പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.  പ്രതിപക്ഷത്തെ ബെന്നി ഫെര്‍ണാണ്ടസ് തല്ലിയെന്ന് ഭരണപക്ഷത്തെ ഗ്രേസി ജോസും കെ.എക്സ്. ഫ്രാന്‍സിസും ആരോപിച്ചു.

ഭരണപക്ഷത്തെ സുധീര്‍ തള്ളിയതിനെ തുടര്‍ന്ന് ബെന്നി മേയറുടെ ചേംബറിനകത്തേക്ക് തെറിച്ചുവീഴുകയും ചെയ്തു. ഇരുപക്ഷവും തമ്മില്‍ ഉന്തും തള്ളുമായി. ഇതിനിടെ ഭരണപക്ഷത്തിന്‍െറ സുരക്ഷാവലയത്തില്‍ മേയര്‍ ചേംബറില്‍ തന്‍െറ കസേരയിലത്തെി. അവരെ ഉപരോധിക്കാന്‍ പ്രതിപക്ഷം ഒന്നടങ്കമത്തെി. അതോടെ, അവിടെയും മേയര്‍ക്ക് സുരക്ഷാവലയം തീര്‍ത്തു. ഇരുപക്ഷവും തമ്മിലുണ്ടായ വന്‍ വാക്കേറ്റം സംഘര്‍ഷാവസ്ഥയിലുമായി. ഇതിനിടെ, ഗ്രേസിയും അന്‍സയും കരയുകയും ചെയ്തു. പിന്നീട്, ഇരുവിഭാഗം നേതാക്കളുമായി മേയര്‍ ചര്‍ച്ച നടത്തി. പ്രശ്നം രമ്യമായി പരിഹരിച്ചതായി മേയര്‍ അറിയിച്ചു. തങ്ങള്‍ക്ക് പ്രശ്നമില്ളെന്ന് ഇരുപക്ഷത്തെയും കൗണ്‍സിലര്‍മാരും വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.