കഞ്ചാവ് കേസ്: മുന്‍ അര്‍ധസൈനികന് പത്തുവര്‍ഷം കഠിനതടവ്


മുടിയും താടിയും വടിച്ച് വേഷപ്രച്ഛന്നനായി തിരുവല്ലയില്‍ എത്തിയ ഇയാളെ 12 മണിക്കൂറിനുശേഷം പിടികൂടുകയായിരുന്നു
തൊടുപുഴ: രണ്ടുകിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ മുന്‍ സി.ഐ.എസ്.എഫ് ജവാന് പത്തുവര്‍ഷം കഠിനതടവ്. തേനി ജില്ലയില്‍ കമ്പം കോമ്പായി തെരുവില്‍ സതീഷ് കുമാറിനാണ് (28) പത്തുവര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും തൊടുപുഴ എന്‍.ഡി.പി.എസ് സ്പെഷല്‍ കോടതി ജഡ്ജി എസ്. ഷാജഹാന്‍ ശിക്ഷ വിധിച്ചത്.
പിഴയടച്ചില്ളെങ്കില്‍ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2013ല്‍ മുണ്ടക്കയം ബസ് സ്റ്റാന്‍ഡ് ഭാഗത്തുനിന്ന് കോട്ടയം എക്സൈസ് സ്പെഷല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസും സംഘവുമാണ് പ്രതിയുടെ കൈവശമിരുന്ന പ്ളാസ്റ്റിക് ബാഗില്‍ കഞ്ചാവ് കണ്ടെടുത്തത്.
കോടതി പൊന്‍കുന്നം സബ്ജയിലിലേക്ക് റിമാന്‍ഡ് ചെയ്ത ഇയാള്‍ കവാടത്തില്‍വെച്ച് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടിരുന്നു.
മുടിയും താടിയും വടിച്ച് വേഷപ്രച്ഛന്നനായി തിരുവല്ലയില്‍ എത്തിയ ഇയാളെ 12 മണിക്കൂറിനുശേഷം എക്സൈസ് ഇന്‍സ്പെക്ടര്‍ വീണ്ടും പിടികൂടുകയായിരുന്നു.
കോട്ടയം. ചങ്ങനാശേരി, തിരുവല്ല പ്രദേശങ്ങളില്‍ കഞ്ചാവ് മൊത്തമായി വിതരണം ചെയ്തിരുന്ന സതീഷ് കുമാറിനെ സ്വഭാവദൂഷ്യത്തിന് സേനയില്‍നിന്ന് പിരിച്ചുവിടുകയായിരുന്നു. കോട്ടയം എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ മിന്നു വര്‍ഗീസാണ് അന്വേഷണം നടത്തി കേസ് ചാര്‍ജ് ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.എച്ച്. ഹനീഫ റാവുത്തര്‍ ഹാജരായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.