ടി.പി ഇന്നുമുതല്‍ മന്ത്രി; ആഹ്ലാദത്തില്‍ നാട്

പേരാമ്പ്ര: അരനൂറ്റാണ്ടുകാലം പേരാമ്പ്രയിലും പരിസരപ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയും തൊഴിലാളി പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പേരാമ്പ്രക്കാരുടെ പ്രിയ സഖാവ് ടി.പി. രാമകൃഷ്ണന്‍ ബുധനാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ നാട് ഏറെ ആഹ്ളാദിക്കുകയാണ്. 1970ല്‍ കെ.ജി. അടിയോടി മന്ത്രിയായശേഷം ആദ്യമായാണ് പേരാമ്പ്രക്കൊരു മന്ത്രിയെ ലഭിക്കുന്നത്.

ഇടതുപക്ഷത്തിന് വേരോട്ടമുള്ള കീഴരിയൂര്‍ പഞ്ചായത്തിലെ നമ്പ്രത്തുകരയിലാണ് ടി.പി ജനിച്ചത്. കടത്തുകാരനായ ഉണിച്ചിരാം വീട്ടില്‍ പരേതനായ ശങ്കരന്‍െറയും മാണിക്യത്തിന്‍െറയും മകനായ ടി.പിക്ക് പൊതുപ്രവര്‍ത്തനത്തിന് മാതൃക മാതാപിതാക്കള്‍ തന്നെയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ച സമയത്ത് ഇ.എം.എസ് ഉള്‍പ്പെടെയുള്ള നേതാക്കളെ ഒളിവില്‍ താമസിപ്പിച്ചതിന് ടി.പിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് മര്‍ദിച്ചിരുന്നു. ഇദ്ദേഹം ജയില്‍വാസവും അനുഭവിച്ചു. ടി.പിക്ക് അടിയന്തരാവസ്ഥ കാലത്ത് കക്കയം പൊലീസ് ക്യാമ്പില്‍ പൊലീസ് പീഡനത്തെ നെഞ്ചുറപ്പോടെ നേരിടാനുള്ള കരുത്തേകിയതും ഈ പൈതൃകമാണ്.

തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുക എന്ന ഉത്തരവാദിത്തം ഏറ്റെടുത്ത അദ്ദേഹം പേരാമ്പ്ര കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. 18 വര്‍ഷം പേരാമ്പ്ര എസ്റ്റേറ്റ് ലേബര്‍ യൂനിയന്‍െറ ഭാരവാഹിത്വം വഹിച്ച ടി.പി സി.പി.എം കടിയങ്ങാട് ഏരിയാ സെക്രട്ടറിയായും പിന്നീട് ഒമ്പതു വര്‍ഷം പേരാമ്പ്ര ഏരിയാ സെക്രട്ടറിയായും മൂന്ന് വര്‍ഷം ബാലുശ്ശേരി ഏരിയാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.1977 മുതല്‍ ജില്ലാ കമ്മിറ്റി അംഗമായ ഇദ്ദേഹം 2004 മുതല്‍ 10 വര്‍ഷം ജില്ലാ സെക്രട്ടറിയായി. നിലവില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റുമായ ഇദ്ദേഹം 2001ല്‍ പേരാമ്പ്രയില്‍നിന്നും തെരഞ്ഞെടുക്കപ്പട്ട് നിയമസഭയില്‍ എത്തി.

കേരള ടെക്സ്ഫെഡ് ചെയര്‍മാന്‍, പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ ഡയറക്ടര്‍, കള്ളുചത്തെ് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗം, കാലിക്കറ്റ് യൂനിവേഴ്സിറ്റി സെനറ്റ് അംഗം എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയുമായ എം.കെ. നളിനിയാണ് ഭാര്യ. മകന്‍ രജുലാല്‍ മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനാണ്. മകള്‍ രഞ്ജിനി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ജീവനക്കാരിയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.