മന്ത്രിസഭ നാളെ അധികാരമേല്‍ക്കും

തിരുവനന്തപുരം: പിണറായി വിജയന്‍ നയിക്കുന്ന ഇടത് സര്‍ക്കാര്‍ ബുധനാഴ്ച അധികാരമേല്‍ക്കും. സെക്രട്ടേറിയറ്റിന് പിറകിലെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ വിശാലമായ പന്തലിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. വൈകീട്ട് നാലിന് ഗവര്‍ണര്‍  ജസ്റ്റിസ് പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും. പിണറായി അടക്കം 19 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുക.

കേരളം പിറന്നശേഷമുള്ള  22ാമത്തെ മന്ത്രിസഭയാണ് ബുധനാഴ്ച ചുമതലയേല്‍ക്കുക. 12ാമത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയന്‍. തിങ്കളാഴ്ച വൈകീട്ട് എ.കെ.ജി സെന്‍ററില്‍ ചേര്‍ന്ന സി.പി.എം എം.എല്‍.എമാരുടെ യോഗം പിണറായി വിജയനെ കക്ഷി നേതാവായി തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പാര്‍ട്ടി തീരുമാനം യോഗത്തില്‍ അറിയിച്ചത്. ഇതിനുശേഷം കോടിയേരിയും മറ്റ് ഇടത് നേതാക്കളായ ഇ. ചന്ദ്രശേഖരന്‍, എ.കെ. ശശീന്ദ്രന്‍ എന്നിവരും രാജ്ഭവനിലത്തെി ഗവര്‍ണറെ കണ്ടു.  പിണറായി വിജയനെ കക്ഷി നേതാവായി തെരഞ്ഞെടുത്ത വിവരം ഗവര്‍ണറെ അറിയിച്ചു. പിണറായിയെ സി.പി.എം നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്ത കത്തും ഘടകകക്ഷികള്‍ പിന്തുണക്കുന്ന കത്തും ഗവര്‍ണര്‍ക്ക് കൈമാറി. സര്‍ക്കാറുണ്ടാക്കാന്‍ പിണറായിയെ ക്ഷണിച്ച ഗവര്‍ണര്‍  മന്ത്രിമാരുടെ പട്ടിക ഉടന്‍ ഹാജരാക്കാനും ആവശ്യപ്പെട്ടു.

ബുധനാഴ്ച രാവിലെ 9.30ന് നിയുക്ത മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും. പുതിയ മന്ത്രിമാരുടെ പേരുകള്‍ ഗവര്‍ണര്‍ക്ക് കൈമാറും. മന്ത്രിമാരുടെ വകുപ്പുകള്‍ മുന്‍കൂട്ടി അറിയിക്കണമെന്നില്ളെന്ന് ഗവര്‍ണറെ കണ്ടശേഷം കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. വകുപ്പുകള്‍ 25ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ എം.എല്‍.എമാരുടെ യോഗം ചേര്‍ന്ന് കക്ഷിനേതാവായി ഇ. ചന്ദ്രശേഖരനെ (കാഞ്ഞങ്ങാട്) തെരഞ്ഞെടുത്തു. സി.പി.എമ്മിന് മുഖ്യമന്ത്രി അടക്കം 12ഉം  സി.പി.ഐക്ക് നാലും ജനതാദള്‍ -എസ്, എന്‍.സി.പി, കോണ്‍ഗ്രസ് -എസ് എന്നിവക്ക് ഓരോ മന്ത്രിമാരുമാണ് ഉണ്ടാവുക. സി.പി.എമ്മിന്‍െറ എട്ട് മന്ത്രിമാരും സി.പി.ഐയുടെ നാല് മന്ത്രിമാരും പുതുമുഖങ്ങളാണ്.

സാധാരണ രാജ്ഭവനില്‍ ഒരുക്കുന്ന പന്തലിലാണ് സത്യപ്രതിജ്ഞ നടക്കാറ്. ഇക്കുറി സത്യപ്രതിജ്ഞ വീക്ഷിക്കാന്‍ കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കാന്‍ സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ഇടത് സര്‍ക്കാറിന്‍െറ സത്യപ്രതിജ്ഞയും സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടന്നത്. സമൂഹത്തിലെ നാനാതുറകളിലുള്ളവരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും സര്‍ക്കാര്‍ അധികാരമേറുന്ന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വേദിയുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. മഴ സാധ്യത കൂടി കണക്കിലെടുത്താണ് സ്റ്റേഡിയത്തില്‍ പന്തല്‍ ഇടുന്നത്. കേരളത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നത്തെുന്നവര്‍ക്ക് ചടങ്ങ് വീക്ഷിക്കാന്‍ സൗകര്യമുണ്ടാകും. കനത്ത സുരക്ഷാ സന്നാഹങ്ങളും ഗതാഗത ക്രമീകരണങ്ങളും പൊലീസ് ഒരുക്കുന്നുണ്ട്. വൈകീട്ട് 3.50ന് നിയുക്ത മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ചീഫ് സെക്രട്ടറി സ്വീകരിക്കും. ഗവര്‍ണര്‍ എത്തിയശേഷം പിണറായി വിജയനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ചീഫ് സെക്രട്ടറി ക്ഷണിക്കും. ചടങ്ങിലേക്ക് ക്ഷണിതാക്കള്‍ 3.30ന് തന്നെ എത്തണമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

സത്യപ്രതിജ്ഞക്കുശേഷം മന്ത്രിസഭാംഗങ്ങള്‍ സെക്രട്ടേറിയറ്റിലത്തെും. ആദ്യ മന്ത്രിസഭായോഗവും അന്ന് ചേര്‍ന്നേക്കും. വന്‍ ഭൂരിപക്ഷത്തോടെയാണ് ഇടതുമുന്നണി അധികാരം തിരിച്ചുപിടിച്ചത്. ഇടതുമുന്നണിക്ക് 91ഉം യു.ഡി.എഫിന് 47ഉം സീറ്റാണ് ലഭിച്ചത്. ബി.ജെ.പിക്ക് ഒരു സീറ്റ് കിട്ടി. സ്വതന്ത്രനായി മത്സരിച്ച പി.സി. ജോര്‍ജും വിജയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.