സി.പി.എം മന്ത്രിമാരുടെ പട്ടികയായി

തിരുവനന്തപുരം: ഈമാസം 25ന് അധികാരമേല്‍ക്കുന്ന പിണറായി സര്‍ക്കാറിലെ സി.പി.എമ്മിന്‍െറ 12 മന്ത്രിമാരുടെ സാധ്യതാ പട്ടികയില്‍ ധാരണയായി. നിയമസഭയിലേക്ക് വിജയിച്ച അഞ്ച് സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ നാലുപേര്‍ മന്ത്രിമാരാകും. രണ്ട് വനിതകള്‍ ഉള്‍പ്പെട്ടതാണ് സാധ്യതാ പട്ടിക. ഇതില്‍ എട്ടുപേര്‍ പുതുമുഖങ്ങളാണ്. ഞായറാഴ്ച ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ധാരണയായത്. തിങ്കളാഴ്ച ചേരുന്ന സംസ്ഥാന സമിതിയാണ് അന്തിമ അംഗീകാരം നല്‍കുക. മന്ത്രിമാരുടെ വകുപ്പുകള്‍ സത്യപ്രതിജ്ഞ നടക്കുന്ന 25ന് രാവിലെയോടെയേ അന്തിമമായി തീരുമാനിക്കൂ. പ്രാദേശിക ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ നിയുക്ത മന്ത്രിമാരുടെ കരട് പട്ടികയില്‍ മാറ്റം വന്നേക്കും. സി.പി.ഐ, എന്‍.സി.പി, ജനതാദള്‍ (എസ്), കോണ്‍ഗ്രസ് (എസ്) എന്നിവരുടെ പട്ടികയിലും തിങ്കളാഴ്ചയോടെ ധാരണയാവും.  

സാധ്യതാ പട്ടികയില്‍നിന്ന് അപ്രതീക്ഷിതമായി ഒഴിവാക്കപ്പെട്ട സെക്രട്ടേറിയറ്റ് അംഗം എം.എം. മണിയാണ്. പാര്‍ലമെന്‍ററി രംഗത്തെ പരിചയക്കുറവാണ് ആദ്യവട്ടം എം.എല്‍.എ ആയ മണിക്ക് തിരിച്ചടിയായത്. ഇതോടെ ഇടുക്കി ജില്ലക്ക് മന്ത്രിസഭയില്‍ സി.പി.എമ്മിന്‍െറ പ്രാതിനിധ്യം ഇല്ലാതാവും. ഇ.പി. ജയരാജന്‍, ടി.എം. തോമസ് ഐസക്, എ.കെ. ബാലന്‍, ടി.പി. രാമകൃഷ്ണന്‍, കെ.കെ. ഷൈലജ, ജി. സുധാകരന്‍, എ.സി. മൊയ്തീന്‍, ജെ. മേഴ്സിക്കുട്ടിയമ്മ, സി. രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രന്‍, കെ.ടി. ജലീല്‍ എന്നിവരെയാണ് സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പിണറായി, തോമസ് ഐസക്, എ.കെ. ബാലന്‍, ജി. സുധാകരന്‍ എന്നിവര്‍ക്ക് മാത്രമാണ് ഭരണരംഗത്ത് മുന്‍പരിചയമുള്ളത്. 1998 ല്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടും മുമ്പ് 1996 ലെ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ രണ്ടുവര്‍ഷത്തോളം ഊര്‍ജ, സഹകരണ വകുപ്പിന്‍െറ ചുമതല പിണറായിക്കായിരുന്നു. ഐസക് 2006 ലെ വി.എസ് മന്ത്രിസഭയില്‍ ധനകാര്യം, പൊതുമരാമത്ത് എന്നിവയുടെയും ജി. സുധാകരന്‍ ദേവസ്വം, സഹകരണം എ.കെ. ബാലന്‍ ഊര്‍ജം പട്ടികജാതി-വര്‍ഗ വകുപ്പുകളുടെയും ചുമതല വഹിച്ചിരുന്നു. ബാക്കിയുള്ളവര്‍ ആദ്യമായാണ് ഭരണരംഗത്തേക്ക് വരുന്നത്. യുവനേതാവ് പി. ശ്രീരാമകൃഷ്ണനെയാണ് സ്പീക്കര്‍ പദവിയിലേക്ക് നിര്‍ദേശിച്ചിരിക്കുന്നത്.

കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ (മട്ടന്നൂര്‍)  മൂന്നാം തവണയാണ് എം.എല്‍.എയാകുന്നത്. മറ്റു കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക് (ആലപ്പുഴ) നാലാം തവണയും എ.കെ. ബാലന്‍ (തരൂര്‍) നാലാം തവണയും കെ.കെ. ഷൈലജ (കൂത്തുപറമ്പ്) മൂന്നാം തവണയുമാണ് തെരഞ്ഞെടുക്കപ്പെടുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി. രാമകൃഷ്ണന്‍ (പേരാമ്പ്ര) രണ്ടാം തവണയും സംസ്ഥാന സമിതിയംഗങ്ങളായ ജി. സുധാകരന്‍ (അമ്പലപ്പുഴ) അഞ്ചാം തവണയും എ.സി. മൊയ്തീന്‍ (കുന്ദംകുളം) മൂന്നാം തവണയും ജെ. മേഴ്സികുട്ടിയമ്മ (കുണ്ടറ) മൂന്നാം തവണയും  കടകംപള്ളി സുരേന്ദ്രന്‍ (കഴക്കൂട്ടം) രണ്ടാം തവണയും കൊടകര ഏരിയ കമ്മിറ്റി അംഗം സി. രവീന്ദ്രനാഥ് (പുതുക്കാട്) മൂന്നാം തവണയുമാണ് എം.എല്‍.എ ആകുന്നത്. 2006ല്‍ കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്തുനിന്ന് പരാജയപ്പെടുത്തി നിയമസഭയിലത്തെിയ കെ.ടി.ജലീല്‍ 2011ലും ഇത്തവണയും തവനൂരില്‍നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.

മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പിണറായി വിജയന്‍തന്നെ പൊതുഭരണവും ആഭ്യന്തരവും കൈകാര്യം ചെയ്യുമെന്നാണ് സൂചന. തോമസ് ഐസക്- ധനകാര്യം, ഇ.പി. ജയരാജന്‍- വ്യവസായം, പ്രവാസി, എ.കെ. ബാലന്‍- ഊര്‍ജം, പട്ടികജാതി-വര്‍ഗം, ടി.പി. രാമകൃഷ്ണന്‍- എക്സൈസ്, കെ.കെ. ഷൈലജ- ആരോഗ്യം, സാമൂഹിക ക്ഷേമം, കടകംപള്ളി സുരേന്ദ്രന്‍- തുറമുഖം, കായികം,  സി. രവീന്ദ്രനാഥ്- തദ്ദേശ സ്വയംഭരണം, കെ.ടി. ജലീല്‍- വിദ്യാഭ്യാസം, ജെ. മേഴ്സിക്കുട്ടിയമ്മ- ഫിഷറീസ്, തൊഴില്‍, ജി. സുധാകരന്‍- പൊതുമരാമത്ത്, എ.സി. മൊയ്തീന്‍- സഹകരണം എന്നിങ്ങനെയാണ് പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞു കേള്‍ക്കുന്നത്. ഇതില്‍ പലതും അന്തിമപട്ടികയില്‍ മാറിമറിയുമെന്നാണ് സൂചന. തിങ്കളാഴ്ച രാവിലെ 10നു ചേരുന്ന സംസ്ഥാന സമിതിയില്‍ സാധ്യതാ പട്ടിക അവതരിപ്പിച്ച് നിര്‍ദേശങ്ങള്‍ പരിഗണിച്ച് പുതുക്കി അംഗീകാരം തേടും.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.