വി.എസിന് പദവി വേണമെന്ന് യെച്ചൂരി; ആലോചന സജീവം

ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതെപോയ വി.എസ്. അച്യുതാനന്ദന് ഉചിതമായ പദവി നല്‍കിയേക്കും. പദവി സ്വീകരിക്കില്ളെന്ന സൂചന വി.എസ് നല്‍കുമ്പോഴും ഇതുസംബന്ധിച്ച ചര്‍ച്ച നേതൃതലത്തില്‍ സജീവമാണ്.വി.എസിന് അര്‍ഹമായ പദവി വേണമെന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ താല്‍പര്യം. യെച്ചൂരി നിര്‍ബന്ധിച്ചാല്‍ പദവി സ്വീകരിക്കാന്‍ വി.എസ് തയാറാകാനാണ് സാധ്യത.

യെച്ചൂരിയുടെ വാക്കുകള്‍ക്ക് എന്നും വിലകല്‍പിക്കാറുള്ളയാളാണ് വി.എസ്. പിണറായിയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഉള്‍പ്പെടെ വി.എസ് അംഗീകരിച്ചതിനു പിന്നില്‍ യെച്ചൂരിയുടെ ഇടപെടലുണ്ട്. തെരഞ്ഞെടുപ്പില്‍ കൊടുംചൂടിനെ അവഗണിച്ച് എല്ലായിടത്തും പ്രചാരണത്തിനത്തെിയ വി.എസ് പാര്‍ട്ടിക്ക് വലിയ സേവനമാണ് നല്‍കിയതെന്നും അദ്ദേഹത്തിന്‍െറ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്തുമെന്നും യെച്ചൂരി പറഞ്ഞു.
പിണറായി വിജയനെ മുഖ്യമന്ത്രിയായി തീരുമാനിച്ചശേഷം ഡല്‍ഹിയില്‍ തിരിച്ചത്തെിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. വി.എസിനുള്ള പദവി സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രിസഭയാണ് തീരുമാനിക്കേണ്ടത്. പിണറായി സര്‍ക്കാറിന്‍െറ ഉപദേശകനായി വി.എസ് ഉണ്ടാകുമെന്നും യെച്ചൂരി പറഞ്ഞു.  

 വി.എസിന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സൗകര്യങ്ങള്‍ നിലനിര്‍ത്താന്‍ കഴിയുന്നതും അതേസമയം, ആവശ്യമെങ്കില്‍ സര്‍ക്കാര്‍ തീരുമാനങ്ങളില്‍ അഭിപ്രായമറിയിക്കാന്‍ സാധിക്കുന്നതുമായ പദവി നല്‍കണമെന്നാണ് യെച്ചൂരിയുമായി ബന്ധപ്പെട്ടവര്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശം. സത്യപ്രതിജ്ഞക്കായി യെച്ചൂരിയും കാരാട്ടും ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കള്‍ 25ന് തിരുവനന്തപുരത്ത് എത്തുന്നുണ്ട്. അപ്പോള്‍ ഇതുസംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.