നാടകീയമായി വന്നു; ആധികാരികമായി സ്വരാജ്


കൊച്ചി: നാടകീയമായി വന്നു; ആധികാരികമായി ജയിച്ചു. വാശിയേറിയ മത്സരത്തിനുശേഷം തൃപ്പൂണിത്തുറയില്‍നിന്ന് നിയമസഭയിലത്തെുന്ന എം. സ്വരാജിന്‍െറ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്‍െറ രത്നച്ചുരുക്കമിതാണ്. കാല്‍നൂറ്റാണ്ട് തുടര്‍ച്ചയായി നിയമസഭയില്‍ തൃപ്പൂണിത്തുറയുടെ പതാകവാഹകനായിരുന്ന കോണ്‍ഗ്രസിലെ അതികായന്‍ കെ. ബാബുവിനെ നേരിടാനുള്ള ദൗത്യം നാടകീയമായി ഏറ്റെടുത്ത സ്വരാജ് 4467 വോട്ടിന്‍െറ ഭൂരിപക്ഷത്തിന് ആധികാരികമായി വിജയിച്ചപ്പോള്‍ അത് കേരള രാഷ്ട്രീയത്തിലെ മറക്കാനാകാത്ത അട്ടിമറികളിലൊന്നായി. മലബാറില്‍നിന്നുള്ള സി.പി.എമ്മിന്‍െറ യുവനേതാവും യുവസംഘടന ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയുമായ എം. സ്വരാജിന്‍െറ നിയമസഭാ തെരഞ്ഞെടുപ്പ് മത്സരരംഗത്തേക്കുള്ള പ്രവേശം തികച്ചും അപ്രതീക്ഷിതമായിരുന്നു.
ബാര്‍കോഴ വിവാദത്തില്‍ രാജിയോളം എത്തിയ എക്സൈസ്-ഫിഷറീസ് മന്ത്രി കെ. ബാബുവിനെതിരെ സി.പി.എമ്മിലെ സ്ഥാനാര്‍ഥിനിര്‍ണയം വഴിമുട്ടിയ സാഹചര്യത്തിലാണ് അവസാന പ്രതീക്ഷയായി നേതൃത്വം സ്വരാജിനെ കണ്ടത്തെിയത്. നിലമ്പൂരില്‍നിന്ന് തലസ്ഥാന രാഷ്ട്രീയത്തിലേക്ക് ഉയര്‍ന്ന എം. സ്വരാജ് ഭാര്യയുടെ ഉദ്യോഗാര്‍ഥം എറണാകുളത്തെ ഇടപ്പള്ളിയിലേക്ക് താല്‍ക്കാലികമായി താമസം മാറ്റിയിരുന്നു. എറണാകുളത്ത് രണ്ടുവര്‍ഷക്കാലമായി താമസിച്ചുവരുന്ന സ്വരാജിനെ തൃപ്പൂണിത്തുറയിലെ സ്ഥാനാര്‍ഥിയാക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്‍െറ നിര്‍ദേശം എതിര്‍പ്പുകളില്ലാതെ അംഗീകരിക്കപ്പെടുകയും ചെയ്തു.
ഈ അപ്രതീക്ഷിതമായ ഉണര്‍വായിരുന്നു രണ്ടര മാസം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തൃപ്പൂണിത്തുറയില്‍ ഇടതുമുന്നണിക്ക് മേല്‍ക്കൈ നല്‍കിയത്. മത്സരരംഗത്ത് എതിരാളിയായി പ്രാദേശിക നേതാക്കളിലൊരാളെ പ്രതീക്ഷിച്ച യു.ഡി.എഫിനെ, സ്വരാജിനെ മുന്നില്‍നിര്‍ത്തിയുള്ള നാടകീയ നീക്കങ്ങളാണ് അടിതെറ്റിച്ചത്. ബി.ജെ.പി-ബി.ഡി.ജെ.എസ് സംഖ്യം പിടിച്ച സാമുദായിക വോട്ടുകളും സ്വരാജിന്‍െറ വ്യക്തിത്വവും തൃപ്പൂണിത്തുറയിലുണ്ടാക്കിയ പുതുചലനം കെ. ബാബുവിന്‍െറ പരാജയത്തില്‍ പ്രധാന ഘടകങ്ങളില്‍ ഒന്നാവുകയും ചെയ്തു. മലപ്പുറം നിലമ്പൂരില്‍ സുമ നിവാസില്‍ മുരളീധരന്‍ നായരുടെ മകനായ 36കാരനായ എം. സ്വരാജ് എസ്.എഫ്.ഐയിലൂടെയാണ് സജീവ രാഷ്ട്രീയത്തിലത്തെുന്നത്. 18ാം വയസ്സില്‍ എസ്.എഫ്.ഐ മലപ്പുറം ജില്ലാ പ്രസിഡന്‍റായ സ്വരാജ് 19ാം വയസ്സില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ എറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ഥി യൂനിയന്‍ ചെയര്‍മാനുമായി. നിലമ്പൂര്‍ മാര്‍ത്തോമ കോളജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലായിരുന്നു കോളജ് വിദ്യാഭ്യാസം. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.