തെക്ക് തൂത്തുവാരി

തിരുവനന്തപുരം: പ്രവചനം പോലെ തെക്ക് ഇടതുമുന്നണി തൂത്തുവാരി. കൊല്ലം ജില്ല സമ്പൂര്‍ണമായും ആലപ്പുഴയില്‍ ഹരിപ്പാടൊഴികെ മുഴുവന്‍ സീറ്റുകളും നേടിയ ഇടതുമുന്നണി തിരുവനന്തപുരത്ത് ഒമ്പത് സീറ്റും നേടി അപ്രമാദിത്തം കാട്ടി. ഈ മൂന്ന് ജില്ലകളിലായി ആകെയുള്ള 34 മണ്ഡലങ്ങളില്‍ 28ലും ഇടത് വിജയിച്ചു. യു.ഡി.എഫ് അഞ്ച് സീറ്റിലൊതുങ്ങി. തലസ്ഥാനത്തെ അഞ്ചിടത്ത്  ഇരുമുന്നണിക്കും വെല്ലുവിളി ഉയര്‍ത്തിയ ബി.ജെ.പി നേമത്ത് താമര വിരിയിച്ചു.  
മന്ത്രി ഷിബു ബേബിജോണ്‍, സ്പീക്കര്‍ എന്‍. ശക്തന്‍, ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി തുടങ്ങിയ ഭരണപക്ഷത്തെ പ്രമുഖര്‍ നിലതെറ്റി വീണു. സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍, മുന്‍ പ്രസിഡന്‍റ് വി. മുരളീധരന്‍, പി.എസ്. ശ്രീധരന്‍പിള്ള എന്നീ ബി.ജെ.പി നേതാക്കള്‍ കനത്ത വെല്ലുവിളി ഉയര്‍ത്തി. 

മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍ എന്നിവര്‍ ഇടത് തരംഗത്തെ അതിജീവിച്ചു. യു.ഡി.എഫിന് ലഭിക്കേണ്ട വോട്ടുകള്‍ ചോര്‍ന്നു. തദ്ദേശ തെരഞ്ഞെടുപ്പിലേതുപോലെ ന്യൂനപക്ഷ വോട്ടുകള്‍ ഇടതുമുന്നണിക്ക് അനുകൂലമായി. ബി.ഡി.ജെ.എസിന് ഈഴവ വോട്ടുകള്‍ പൂര്‍ണമായി ബി.ജെ.പിയിലേക്ക് ചോര്‍ത്താനായില്ല. ഈഴവ സമുദായത്തിന് മേല്‍ക്കൈയുള്ള ഈ മൂന്ന്  ജില്ലകളില്‍ ബി.ഡി.ജെ.എസ് ഇടതുമുന്നണിയുടെ വിജയം തടഞ്ഞത് കോവളത്ത്  മാത്രമാണ്.
തിരുവനന്തപുരം ജില്ലയില്‍ യു.ഡി.എഫിന്‍െറ അടിവേരിളക്കുന്നതാണ് ജനവിധി. യു.ഡി.എഫിന്‍െറ ശക്തികേന്ദ്രങ്ങളിലേക്ക് ബി.ജെ.പി കടന്നുകയറി. 

നേമത്ത് ബി.ജെ.പിക്ക് സി.പി.എമ്മിലെ വി. ശിവന്‍കുട്ടി കടുത്ത വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍ യു.ഡി.എഫിന് കാര്യമായി വോട്ട് കിട്ടിയില്ളെന്നത് ശ്രദ്ധേയമാണ്.  
കൊല്ലത്ത് ഇടതുമുന്നണി സമ്പൂര്‍ണ വിജയമാണ് നേടിയത്. മന്ത്രി ഷിബുബേബിജോണ്‍ ദയനീയ തോല്‍വി ഏറ്റു വാങ്ങി. സിനിമാതാരങ്ങളായ മുകേഷ് കൊല്ലത്തും കെ.ബി. ഗണേഷ്കുമാര്‍ പത്തനാപുരത്തും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു.  ആലപ്പുഴയിലെ ഒമ്പത് സീറ്റുകളില്‍ എട്ടിലും ഇടതിന് അനായാസ വിജയമാണ്. ഹരിപ്പാട്ട് മന്ത്രി രമേശ് ചെന്നിത്തല ഒഴിച്ചാല്‍ വെല്ലുവിളി ഉയര്‍ത്താന്‍ യു.ഡി.എഫിനായില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT