ആഹ്ലാദം നിറഞ്ഞ് എം.എന്‍ സ്മാരകം

തിരുവനന്തപുരം: ‘എല്‍.ഡി.എഫ് വരും, എല്ലാം ശരിയാവും’ എന്ന് ഉറച്ചുവിശ്വസിച്ചിരുന്നെങ്കിലും വോട്ടെണ്ണല്‍ തുടങ്ങുമ്പോള്‍ ആകാംക്ഷയുടെ നിമിഷങ്ങളിലായിരുന്നു സി.പി.ഐ ആസ്ഥാനമായ എം.എന്‍ സ്മാരകം. എക്സിറ്റ്പോള്‍ ഫലങ്ങള്‍ നല്‍കിയ ആത്മവിശ്വാസമുള്ളതുകൊണ്ടുതന്നെ രാവിലെ മുതല്‍ ഇവിടെയത്തെിയ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മുഖത്ത് വലിയ പരിഭ്രമമുണ്ടായില്ല. ഓഫിസിലെ നടുത്തളത്തില്‍ ടി.വിക്ക് മുന്നില്‍ എല്ലാവരും മാറിമറിയുന്ന ലീഡിലേക്ക് കണ്ണുംനട്ടിരുന്നു. 8.10ഒടെ  ചവറയില്‍ ഷിബു ബേബിജോണ്‍ പിറകിലാണെന്ന ആദ്യവാര്‍ത്ത വന്നതോടെ എക്സിറ്റ്പോള്‍ സത്യമാണെന്ന് പലരും അടക്കം പറഞ്ഞുതുടങ്ങി. ആദ്യത്തെ 84 മണ്ഡലങ്ങളില്‍ 55ല്‍ എല്‍.ഡി.എഫും 29ല്‍ യു.ഡി.എഫും ലീഡ് ചെയ്യുന്നെന്ന കണക്കുകള്‍ വന്നതോടെ ഭരണം ഉറപ്പിച്ചെന്നമട്ടില്‍ കൈയടികളും ഉയര്‍ന്നു.  

9.05ഓടെ  പന്ന്യന്‍ രവീന്ദ്രന്‍ ഓഫിസിലത്തെി. നേമത്ത് രാജഗോപാല്‍ മുന്നേറുകയാണെന്ന് പ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞപ്പോള്‍ എല്ലാത്തവണയും അങ്ങനെയാണല്ളോ, അവസാനം വാടുമെന്നായിരുന്നു പന്ന്യന്‍െറ മറുപടി.  നെടുമങ്ങാട്ട് ഇഞ്ചോടിഞ്ച് പോരാട്ടം മുറുകിയതോടെ പലരും ചാനലുകള്‍ മാറ്റിപ്പിടിച്ചു. 9.41ഓടെ പാലായില്‍ കെ.എം. മാണി 241 വോട്ടിന് പിന്നിലാണെന്നറിഞ്ഞതോടെ ആര്‍പ്പുവിളികളും കൈയടികളും മുഴങ്ങി. ഇതിനിടെ തൃപ്പൂണിത്തുറയില്‍ എം. സ്വരാജിന്‍െറ ലീഡ് 2000 കടന്നതോടെ പന്ന്യന്‍െറ കമന്‍റും എത്തി.

‘സമാധാനമായി ബാബുവിനെ ഇനി കുറച്ചുനാളത്തേക്ക് പുറത്തേക്ക് കാണില്ല’. 10.20 ഓടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എത്തി. എല്ലാവര്‍ക്കും അഭിവാദ്യം നല്‍കി ടി.വിയിലെ സ്കോര്‍ബോര്‍ഡിലേക്ക് ഒന്ന് എത്തിനോക്കി നേരെ ഓഫിസിലേക്ക്. തൃശൂരില്‍ വി.എസ്. സുനില്‍കുമാറും നെടുമങ്ങാട്ട് സി. ദിവാകരനുമടക്കമുള്ള സി.പി.ഐ സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പായതോടെ മധുരവിതരണം ആരംഭിച്ചു. ഈസമയം, വിജയിച്ചവരെ ഫോണില്‍ അഭിനന്ദിക്കുകയും തോറ്റവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്ന തിരക്കിലായിരുന്നു കാനം രാജേന്ദ്രന്‍ അടക്കമുള്ളവര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.