പോളിങ് ബൂത്തുകളില്‍ ‘എം.എല്‍.എ ഫണ്ട്’ ബോര്‍ഡുകള്‍ പാടില്ല

മലപ്പുറം: പോളിങ് ബൂത്തുകള്‍ക്ക് സമീപം എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചതെന്ന് വ്യക്തമാക്കിയുള്ള ബോര്‍ഡുകളോ എഴുത്തുകളോ ഉണ്ടെങ്കില്‍ മായ്ച്ചുകളയുകയോ മൂടിവെക്കുകയോ ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കി. ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ കലക്ടര്‍മാരോടും പോളിങ് ഓഫിസര്‍മാരോടും നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ മിക്ക പോളിങ് ബൂത്തുകളും സ്കൂളുകളായതിനാല്‍ അവിടത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള ബോര്‍ഡുകളോ ചുമരെഴുത്തോ ഫലകങ്ങളോ സ്ഥാപിച്ചിട്ടുണ്ട്. ഇത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കാരണമാകുമെന്ന് കണ്ടാണ് തെരഞ്ഞെടുപ്പ് കമീഷന്‍ കഴിഞ്ഞ ദിവസം അടിയന്തര ഉത്തരവിറക്കിയത്. പോളിങ് ബൂത്തിന് സമീപം സ്ഥാപിച്ച ബസ്സ്റ്റോപ്പുകള്‍, കുടിവെള്ള പദ്ധതികള്‍, മറ്റു പൊതു നിര്‍മാണ പ്രവൃത്തികള്‍ എന്നിവക്കും ഉത്തരവ് ബാധകമാകും. നിലവിലെ എം.എല്‍.എമാര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന് വ്യക്തമാക്കി പരസ്യപ്പെടുത്തിയ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് നേരത്തെ അഴിമതിരഹിത സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് കമീഷന് നിവേദനം നല്‍കിയിരുന്നു. പുതുതായി മത്സരിക്കുന്നവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ പരസ്യപ്പെടുത്താനാകില്ളെന്നിരിക്കെ സര്‍ക്കാര്‍ സ്ഥലത്ത് നിലവിലെ എം.എല്‍.എമാര്‍ ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കാനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നല്‍കിയത്.
ബസ്വെയ്റ്റിങ് ഷെഡുകളിലും സ്കൂള്‍ കെട്ടിടങ്ങളിലും സ്കൂള്‍ ബസുകളിലുമെല്ലാം ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഇക്കാര്യം വിലയിരുത്തി ആവശ്യമായ നടപടി സ്വീകരിക്കാന്‍ കമീഷന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും എവിടെയും നടപ്പായിരുന്നില്ല. എന്നാല്‍, പോളിങ് ബൂത്തുകളില്‍ ഇത്തരം ബോര്‍ഡുകള്‍ കാണാന്‍ പാടില്ളെന്ന് വ്യക്തമാക്കി കമീഷന്‍ ഇറക്കിയ ഉത്തരവ് പാലിക്കാന്‍ പോളിങ് ഓഫിസര്‍മാര്‍ നിര്‍ബന്ധിതരാകും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.