കേരളത്തില്‍ സ്ത്രീസമൂഹം അരക്ഷിതാവസ്ഥയില്‍ –രാജ്നാഥ് സിങ്

ആറ്റിങ്ങല്‍: ദൈവത്തിന്‍െറ സ്വന്തം നാടായി അറിയപ്പെടുന്ന കേരളത്തില്‍ സ്ത്രീസമൂഹം അരക്ഷിതാവസ്ഥയിലാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ആറ്റിങ്ങല്‍ മാമം മൈതാനിയില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമ്മമാരും സഹോദരിമാരും സുരക്ഷിതരായിരുന്ന അവസ്ഥ മാറിയിരിക്കുന്നു. എല്‍.ഡി.എഫും യു.ഡി.എഫുമാണ് ഇതിനുത്തരവാദികള്‍. ഇവര്‍ക്ക് ജിഷയുടെ ആത്മാവിനോട് നീതി പുലര്‍ത്താനാകില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സംഭവം മൂടിവെക്കാനാണ് ആറ് ദിവസം ശ്രമിച്ചത്. ഇങ്ങനെയുള്ള സര്‍ക്കാറില്‍നിന്ന് എങ്ങനെ നീതി ലഭിക്കും? കിളിരൂര്‍, കവിയൂര്‍ കേസുകളിലെ പീഡന ഇരകള്‍ക്കു വേണ്ടി വാദിച്ചാണ് വി.എസ്. അച്യുതാനന്ദന്‍ നേരത്തേ മുഖ്യമന്ത്രിയായത്. കേസിലെ വി.ഐ.പികളെ പുറത്തുകൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. അധികാരത്തിലത്തെിയശേഷം ഇക്കാര്യത്തില്‍ ഒരന്വേഷണവും നടത്തിയില്ല. ഇതിനാലാണ് ഇരുമുന്നണിക്കും ജിഷയുടെ ആത്മാവിനോട് നീതി പുലര്‍ത്താനാകില്ളെന്ന് പറയേണ്ടി വരുന്നത്.
 കഴിഞ്ഞ 60 വര്‍ഷമായി എല്‍.ഡി.എഫും യു.ഡി.എഫും മാറി മാറി സംസ്ഥാനം ഭരിക്കുന്നു. അഞ്ചുവര്‍ഷം വീതം ഇവര്‍ അധികാരം കൈയാളുകയും ജനങ്ങളെ പന്തുപോലെ അങ്ങോട്ടും ഇങ്ങോട്ടും തട്ടുകയുമാണ്. ഈ രാഷ്ട്രീയ പന്തുകളി ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കും. ബംഗാളില്‍ ഒന്നിച്ച് നില്‍ക്കുന്ന അവര്‍ ഇവിടെ നാടകം കളിക്കുകയാണ്.
സര്‍വതിലും അഴിമതി നടത്തിയിരുന്ന യു.പി.എ സര്‍ക്കാറാണ് കേന്ദ്രത്തിലുണ്ടായിരുന്നത്. എന്‍.ഡി.എ സര്‍ക്കാര്‍ വന്നതോടെ ഈ അവസ്ഥക്ക് മാറ്റം വന്നു. അഴിമതി കേസുകള്‍ സമഗ്രമായി അന്വേഷിച്ച് ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. തോട്ടയ്ക്കാട് ശശി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്‍റ് സുരേഷ്കുമാര്‍, ആറ്റിങ്ങല്‍ മണ്ഡലം സ്ഥാനാര്‍ഥി രാജി പ്രസാദ്, ചിറയിന്‍കീഴ് മണ്ഡലം സ്ഥാനാര്‍ഥി ഡോ.പി.പി. വാവ, മണമ്പൂര്‍ ദിലീപ് എന്നിവര്‍ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.