ഇറാന്‍ ബോട്ട് കേസ്: ഏപ്രില്‍ നാലിലേക്ക് മാറ്റി

കൊച്ചി: ആലപ്പുഴ തീരത്തുനിന്ന് ഇറാനിയന്‍ ബോട്ട് പിടികൂടിയ സംഭവത്തില്‍ കുറ്റപത്രം നല്‍കപ്പെട്ട പ്രതിക്കെതിരായ തുടര്‍ നടപടി എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി അടുത്തമാസം നാലിലേക്ക് മാറ്റി. ഇറാനിയന്‍ ബോട്ടായ ബറൂക്കിയുടെ ക്യാപ്റ്റന്‍ അബ്ദുല്‍ മജീദിനെതിരായ നടപടികളാണ് പ്രത്യേക കോടതി ജഡ്ജി കെ.എം. ബാലചന്ദ്രന്‍ മാറ്റിയത്.

ഗുരുതര ആരോപണങ്ങള്‍ പ്രതിക്കെതിരെ ഇല്ലാത്തതിനാല്‍  കേസ് ഈ കോടതിയുടെ അധികാരപരിധിയില്‍ വരുമോ എന്നാവും കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ആദ്യം പരിശോധിക്കുക. കോടതിയുടെ പരിഗണനയില്‍തന്നെയാണ് കേസ് വരുന്നതെങ്കില്‍ വിചാരണ നടപടി തുടങ്ങാനാണ് തീരുമാനം. പ്രതി കുറ്റം സമ്മതിച്ചാല്‍ പിഴയടച്ച് കുറ്റവിമുക്തനാകാന്‍ കഴിയും.

രണ്ടാഴ്ച മുമ്പാണ് ബോട്ടിലുണ്ടായിരുന്ന മറ്റ് 11 പേരെ ഒഴിവാക്കി അബ്ദുല്‍ മജീദിനെ മാത്രം പ്രതിയാക്കി എന്‍.ഐ.എ അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട 11 പേരെയും കോടതി കുറ്റവിമുക്തരാക്കിയിരുന്നു. എങ്കിലും യാത്രാരേഖകള്‍ ലഭിക്കാത്തതിനാല്‍ ഇവര്‍ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. കഴിഞ്ഞ ജൂലൈയിലാണ് സമുദ്രാതിര്‍ത്തി ലംഘിച്ച ഇറാനിയന്‍ ബോട്ട് തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്തത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.