മലയാളി വൈദികനെ രക്ഷിക്കാൻ ശ്രമം തുടരും: സുഷമ സ്വരാജ്

ന്യൂ‍ഡൽഹി: യെമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിനെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ ട്വീറ്റ്. ഇദ്ദേഹത്തെ ഭീകരസംഘടനയാണ് തട്ടിക്കൊണ്ടുപോയതെന്നും സുഷമ സ്ഥിരീകരിച്ചു. നാലുവർഷമായി യെമനിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്ന ഇദ്ദേഹത്തെ  മാർച്ച് നാലിനാണ് തട്ടിക്കൊണ്ടുപോയത്.

തെക്കൻ യെമനിലെ ഏദനിൽ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനം ആക്രമിച്ച തീവ്രവാദികൾ നാലു കന്യാസ്ത്രീകൾ ഉൾപ്പെടെ 16 പേരെ കൊലപ്പെടുത്തിയിരുന്നു. ഫാദർ ടോമിനെ തട്ടിക്കൊണ്ടുപോയതിനുശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാതായും വാർത്തകളുണ്ടായിരുന്നു.

രാമപുരം ഉഴുന്നാലിൽ പരേതരായ വർഗീസിന്‍റെയും ത്രേസ്യാക്കുട്ടിയുടെയും മകനായ ഫാ. ടോം 2014 സെപ്റ്റംബറിലാണ് അവസാനമായി നാട്ടിലെത്തിയത്. മാതാവിന്‍റെ മരണത്തെ തുടർന്നായിരുന്നു ഇത്. പിന്നീട് കഴിഞ്ഞ ജനുവരിയിൽ നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ജോലിത്തിരക്ക് മൂലം കഴിഞ്ഞിരുന്നില്ല. ഈ മാസം നാട്ടിലേക്ക് വരാൻ തയ്യാറെടുത്തുകൊണ്ടിരിക്കെയാണ് തട്ടിക്കൊണ്ടുപോകൽ. ഫാദർ ടോം നേരത്തെ ബംഗളുരുവിലും  കോളാറിലും സേവനമനുഷ്ഠിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.