മന്ത്രിക്കെതിരെ പോസ്റ്റര്‍: കാമറയില്‍ പതിഞ്ഞവര്‍ കോണ്‍ഗ്രസ് നേതാക്കള്‍ 

മാനന്തവാടി: മന്ത്രി പി.കെ.  ജയലക്ഷ്മിക്ക് ആര്‍.എസ്.എസ് ബന്ധമാരോപിച്ച് പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ സി.സി.ടി.വിയില്‍ പതിഞ്ഞവരെ തിരിച്ചറിഞ്ഞു. എടവക മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി എറമ്പയില്‍ മുസ്തഫ, യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി മണ്ഡലം പ്രസിഡന്‍റ് സി.എച്ച്. സുഹൈര്‍ എന്നിവരുടെ ചിത്രങ്ങളാണ് പൊലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്.
 ഇവരുടെ വീടുകളില്‍ വ്യാഴാഴ്ച രാവിലെ പൊലീസ് പരിശോധന നടത്തി. സുഹൈറിന്‍െറ വീട്ടില്‍നിന്ന് പോസ്റ്റര്‍ ഒട്ടിച്ച ദിവസം സുഹൈര്‍ ധരിച്ച വസ്ത്രങ്ങള്‍ പൊലീസ് കണ്ടെടുത്തു. ഇരുവരും ഒളിവില്‍ പോയതായാണ് സൂചന. 
കല്ളോടി സെന്‍റ്ജോസഫ്സ് യു.പി സ്കൂളില്‍ സ്ഥാപിച്ച കാമറയില്‍ പതിഞ്ഞ ദൃശ്യത്തിലാണ് സുഹൈര്‍ കുടുങ്ങിയത്. കൂളിവയല്‍ സഹകരണബാങ്ക് സ്ഥാപിച്ച കാമറയിലാണ് മുസ്തഫയുടെ ദൃശ്യം പതിഞ്ഞത്. അതേസമയം, സംഭവത്തില്‍ പൊലീസ് മനപ്പൂര്‍വം സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതിന് ഐ.പി.സി 153 പ്രകാരം കേസെടുത്തു. തിരിച്ചറിഞ്ഞവരെ അറസ്റ്റ് ചെയ്താല്‍ ഈ വകുപ്പ് ഉള്‍പ്പെടുത്തുമെന്ന് അന്വേഷണച്ചുമതലയുള്ള മാനന്തവാടി സി.ഐ ടി.എന്‍. സജീവ് പറഞ്ഞു. 
അഞ്ചുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പോസ്റ്റര്‍ വിവാദവുമായി ബന്ധമില്ളെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഇപ്പോള്‍ തിരിച്ചറിഞ്ഞ ഇരുവരും പങ്കെടുത്തിരുന്നു. ഇരുവരും മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കുന്നതായാണ് സൂചന.
 സംഭവത്തിനുപിന്നിലെ ഗൂഢാലോചനക്കാരെക്കൂടി പുറത്തുകൊണ്ടുവരണമെന്ന ആവശ്യവും ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്. അതിനിടെ, പ്രശ്നം പാര്‍ട്ടിക്കുള്ളില്‍തന്നെ പറഞ്ഞുതീര്‍ക്കാനുള്ള ശ്രമവും നടക്കുന്നതായി പറയുന്നു.
 ഈമാസം 22നാണ് മന്ത്രിക്കെതിരെ മാനന്തവാടി മണ്ഡലത്തില്‍ വ്യാപകമായി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. മന്ത്രിയെ ആര്‍.എസ്.എസുകാരിയായി ചിത്രീകരിച്ച് മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളിലാണ് പോസ്റ്റര്‍ പതിച്ചത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.