സുല്‍ത്താന്‍െറ നാട്ടില്‍നിന്ന് ഖത്തറിലേക്കൊരു ഭീമന്‍ ആഡംബര ഉരു കൂടി

ബേപ്പൂര്‍: സുല്‍ത്താന്‍െറ നാട്ടില്‍നിന്ന് ഒരു ആഡംബര ഉരു കൂടി കടല്‍ കടക്കാനൊരുങ്ങുന്നു. ഖത്തറിലെ വ്യവസായി യൂസഫ് അഹ്മദ് അല്‍ അമാരിക്ക് വേണ്ടിയാണ് ബേപ്പൂര്‍ കക്കാടത്ത് ആഡംബര ഉരു നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. ഈ ആഴ്ചതന്നെ അറബിക്കടലിന്‍െറ ഓളപ്പരപ്പിലൂടെ ഖത്തറിലേക്ക് യാത്രയാവും.
തേഞ്ഞിപ്പലം സ്വദേശി മാളിയേക്കല്‍ ആലിക്കോയയുടെ ഉടമസ്ഥതയിലുള്ള അല്‍ഫ എന്‍റര്‍പ്രൈസസിനാണ് ഉരുവിന്‍െറ നിര്‍മാണച്ചുമതല. കമ്പനിയുടെ എട്ടാമത്തെ ആഡംബര ഉരുവാണ് ഏപ്രില്‍ ആദ്യവാരം നീറ്റിലിറങ്ങാന്‍ പോവുന്നതെന്ന് ആലിക്കോയ മാധ്യമത്തോട് പറഞ്ഞു.

ഉരു നിര്‍മാണ മേഖലയിലെ പെരുന്തച്ചനായ ബേപ്പൂര്‍ എടത്തൊടി സത്യന്‍ മേസ്തിരിയുടെ മേല്‍നോട്ടത്തില്‍ 30 തൊഴിലാളികള്‍ 22 മാസം ജോലിചെയ്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. മ്യാന്മറില്‍നിന്ന് ഇറക്കുമതിചെയ്ത തേക്കുപയോഗിച്ച് നിര്‍മിച്ച ‘ട്രാന്‍സിയന്‍റ് കോണ്ടിനന്‍റ്’ എന്ന ഉരുവിന് 148 അടി നീളവും 34 അടി വീതിയുമുണ്ട്.

രണ്ടുനിലയുള്ള ഉരുവില്‍ താഴത്തെ നിലയിലാണ് കുടിവെള്ള ടാങ്ക്, ഇന്ധന ടാങ്ക്, ജനറേറ്റര്‍, അടുക്കള എന്നിവയും ഉരുവിലെ ജോലിക്കാര്‍ക്ക് താമസിക്കാനുള്ള മുറികളും ഒരുക്കിയിരിക്കുന്നത്. അതിഥികളുടെ വിശ്രമമുറി, ഭക്ഷണശാല, സ്വീകരണ മുറി തുടങ്ങിയവ സജ്ജീകരിച്ചത് മുകള്‍ നിലയിലാണ്. രണ്ടുനിലയും പൂര്‍ണമായി ശീതീകരിച്ചിട്ടുണ്ട്. ബേപ്പൂര്‍ കക്കാടത്ത് നിര്‍മാണം പൂര്‍ത്തിയായ ആഡംബര ഉരു കാണാന്‍ നിരവധി സഞ്ചാരികളാണ് ദിനം പ്രതിയത്തെുന്നത്. ഏകദേശം നാലു കോടി രൂപയാണ് ആഡംബര ഉരുവിന്‍െറ നിര്‍മാണച്ചെലവ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.