കൊച്ചി: സി.പി.എം സ്ഥാനാർഥികളായി പരിഗണിക്കുന്ന സെബാസ്റ്റ്യൻ പോളിനും സി.എം ദിനേശ് മണിക്കും എതിരെ പോസ്റ്ററുകൾ. വ്യവസായി വി.എം രാധാകൃഷ്ണനും സി.പി.എം നേതാവ് ഇ.പി ജയരാജനുമാണ് സെബാസ്റ്റ്യൻ പോളിനെ സ്ഥാനാർഥിയാക്കിയതെന്നാണ് ആരോപണം. ത്യക്കാക്കരയിൽ ബെന്നി ബഹനാനാണ് യു.ഡി.എഫ് സ്ഥാനാർഥിയെങ്കിൽ എൽ.ഡി.എഫിന് പറ്റിയ സ്ഥാനാർഥി സരിത നായരാണെന്നും പോസ്റ്ററിൽ പറയുന്നു. തൃക്കാക്കരയിലും തൃപ്പൂണിത്തുറയിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
സെബാസ്റ്റ്യൻ പോൾ അഹങ്കാരിയാണ്. മാധ്യമങ്ങൾ വഴി സി.പി.എമ്മിനെതിരെ വിമർശം ഉന്നയിക്കുകയും തെരഞ്ഞെടുപ്പ് അടുക്കുമ്പേൾ പാർട്ടി സ്ഥാനാർഥിയാകുന്നതും ശരിയല്ല. വൈകീട്ട് ആറരക്ക് ശേഷം അദ്ദേഹം ഫോൺ സ്വിച്ച് ഒാഫ് ചെയ്യും. ആളുകൾ സഹായത്തിന് വരുമ്പോൾ അനുകൂല നിലപാട് സ്വീകരിക്കില്ല. ഇത്തരത്തിലുള്ള ആളെ എന്തിനാണ് സ്ഥാനാർഥിയാക്കുന്നതെന്നും പോസ്റ്ററിൽ ചോദിക്കുന്നു.
ദിനേശ് മണി അഴിമതിക്കാരനാണെന്നും ഇത്തരമൊരാളെ എൽ.ഡി.എഫ് സ്ഥാനാർഥിയായി വേണോ എന്നും നഗരത്തിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ ചോദിക്കുന്നു.
ആറന്മുളയിൽ മാധ്യമ പ്രവർത്തക വീണ ജോർജിനെയും കോന്നിയിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. സനൽ കുമാറിനെയും മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്നും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പകരം ഒാമല്ലൂർ ശങ്കരനെയും എം.എസ് രാജേന്ദ്രനെയും സ്ഥാനാർഥിയാക്കണമെന്നാണ് ആവശ്യം. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നിവയുടെ പേരിൽ കോന്നി, കല്ലേരി, മൈലപ്ര തുടങ്ങിയ സ്ഥലങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
വിവാദങ്ങളും പ്രതിഷേധങ്ങളും തന്നെ തളർത്തില്ലെന്ന് വീണ ജോർജ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ഒരു സ്ത്രീക്ക് ലഭിക്കുന്ന പരിഗണന കുടുംബാംഗങ്ങളുടെ സ്വാധീനം കൊണ്ടാണെന്ന് പറയുന്നത് സ്ത്രീവിരുദ്ധത കൊണ്ടാണെന്നും വീണ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.