ആക്രമിക്കപ്പെടാതിരുന്നത് മുന്‍കരുതല്‍ എടുത്തതിനാല്‍ –ഡി.ജി.പി ജേക്കബ് തോമസ്

കോഴിക്കോട്: അഴിമതിക്കെതിരെ പ്രവര്‍ത്തിച്ചതിന് ശാരീരികമായി ആക്രമിക്കപ്പെടാതിരുന്നത് സ്വയം മുന്‍കരുതല്‍ എടുത്തതിനാലാണെന്ന് ഡി.ജി.പി ജേക്കബ് തോമസ്. അഴിമതിക്കെതിരെ നിലപാടെടുത്തതിന് തുടര്‍ച്ചയായി പീഡിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം പറയുന്നു. തിങ്കളാഴ്ച പുറത്തിറങ്ങുന്ന മാധ്യമം ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തിലാണ് ജേക്കബ് തോമസ് തന്‍െറ അനുഭവങ്ങള്‍ വിവരിക്കുന്നത്. വ്യക്തിപരമായി അപകടം സംഭവിക്കാതിരുന്നത് അ ത് മുന്‍കൂട്ടി കാണുകയും വിവരങ്ങള്‍ ശേഖരിക്കുകയും മുന്‍കരുതല്‍ എടുക്കുകയും ചെയ്തതുകൊണ്ടാണെന്ന് ലേഖനത്തില്‍ വ്യക്തമാക്കുന്നു.

അച്ചടക്കനടപടിയെടുക്കാന്‍ ഭരണതലത്തില്‍  ശ്രമം നടക്കുന്നതിനിടെയാണ് ഡി.ജി.പിയുടെ വെളിപ്പെടുത്തല്‍. എറണാകുളത്ത് പൊലീസ് കമീഷണറായിരിക്കുമ്പോള്‍ 1997-98ല്‍ രാമവര്‍മ ക്ളബില്‍ റെയ്ഡ് നടത്തിയതു മുതല്‍ വേട്ടയാടപ്പെടുകയാണ്. കേരളത്തില്‍ ഡി.ജി.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെയും ജനവിരുദ്ധനെന്ന് പറഞ്ഞിട്ടില്ല. താന്‍ മാത്രമാണ് ആ ആക്ഷേപത്തിനിരയായത്.

‘ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ഞാന്‍ സര്‍ക്കാറിന്‍െറ അനുമതി തേടി. എനിക്കും അതുപോലെ  തുല്യനീതി ലഭിക്കാനും എന്തുകൊണ്ടാണ് ഈ പൊട്ടിത്തെറി ഉണ്ടായതെന്നതിന് മറുപടി പറയാനുമായിരുന്നു അത്. അനുമതി തന്നിരുന്നുവെങ്കില്‍ അത് ഞാന്‍ പറഞ്ഞേനേ.  എന്നെക്കുറിച്ച് പറഞ്ഞത് മാധ്യമങ്ങളിലൂടെയായിരുന്നു. അത് ജനങ്ങളെല്ലാം കേള്‍ക്കുകയും കാണുകയും ചെയ്തു. ജനങ്ങള്‍ ഇപ്പോഴും കരുതുന്നത് ഞാന്‍ ജനവിരുദ്ധനാണെന്നാണ്’.

കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും ചെയ്യാതിരിക്കാനുംമാത്രം പൊതുജനം ഒരു വര്‍ഷം 10 കോടി രൂപ അഴിമതിയായി ചെലവാക്കുന്നുണ്ടെന്നും അഴിമതിക്കെതിരെ ജനത്തെ അണിനിരത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ താനെന്നും അദ്ദേഹം  പറയുന്നു. രണ്ടു പതിറ്റാണ്ടിന്‍െറ അനുഭവങ്ങളും അഴിമതിവിരുദ്ധ പോരാട്ടത്തിന്‍െറ ഭാവിപദ്ധതിയുമാണ് അദ്ദേഹം ലേഖനത്തില്‍  വ്യക്തമാക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.