മെത്രാന്‍കായല്‍ വയല്‍ നികത്തല്‍ ഉത്തരവ്: വ്യാപക പ്രതിഷേധം

തിരുവനന്തപുരം: കുമരകത്ത്  425 ഏക്കര്‍ നെല്‍വയല്‍  നികത്താന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവ് വിവാദത്തില്‍. ഉത്തരവിനെതിരെ ഭരണ-പ്രതിപക്ഷഭേദമന്യേ നേതാക്കള്‍ രംഗത്തത്തെി. ഉത്തരവ് ഉടന്‍ റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇത് നിയമവിരുദ്ധമായ നടപടി എന്നതിനപ്പുറം നൂറുകണക്കിന് കോടിയുടെ അഴിമതിയും നിറഞ്ഞതാണ്. മെത്രാന്‍ കായലിലെ വയല്‍ നികത്തല്‍ കുട്ടനാടിന്‍െറ പരിസ്ഥിതിയെ അപ്പാടെ തകര്‍ക്കുന്നതും നിലനില്‍പിനെ അപകടത്തിലാക്കുന്നതുമാണ്. ഇക്കാര്യങ്ങള്‍ താന്‍ റവന്യൂ സെക്രട്ടറിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഉചിത നടപടി എടുക്കുമെന്നാണ് അദ്ദേഹം ഉറപ്പുനല്‍കിയത്. നടപടി റദ്ദാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും വി.എസ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുമ്പ് ഇത്തരം ഉത്തരവ് പുറപ്പെടുവിച്ചതിലുള്ള അസംതൃപ്തി മന്ത്രി അടൂര്‍ പ്രകാശിനെ ധരിപ്പിച്ചതായി കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ അറിയിച്ചു. ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.

അതേസമയം, 425 ഏക്കര്‍ വയല്‍ നികത്താന്‍ അനുമതി നല്‍കിയ കാര്യം പരിശോധിക്കുമെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് പ്രതികരിച്ചു. കെ.പി.സി.സി പ്രസിഡന്‍റാണ് ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഉത്തരവിന് പിന്നില്‍ നിഗൂഢ താല്‍പര്യങ്ങളുണ്ടെന്ന് മുന്‍ മന്ത്രി മുല്ലക്കര രത്നാകരന്‍ ‘മാധ്യമ’ത്തോടു പറഞ്ഞു. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്‍െറ കരുത്ത് ചോര്‍ത്തുന്നതാണ് പുതിയ ഉത്തരവ്. ഇതിനുപിന്നില്‍ വന്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ട്. ഉത്തരവ് ഒരു കാരണവശാലും അംഗീകരിക്കാനാവില്ളെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവ് നിയമവിരുദ്ധമെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്‍ എം.എല്‍.എ പറഞ്ഞു.

ഉത്തരവ് പിന്‍വലിക്കുന്നതാണ് ഉചിതം. നീര്‍ത്തട സംരക്ഷണത്തെക്കുറിച്ച് പഠിക്കാന്‍ തന്‍െറ നേതൃത്വത്തില്‍ കെ.പി.സി.സി നിയോഗിച്ച സമിതിയുടെ ശിപാര്‍ശകള്‍ക്ക് വിരുദ്ധമാണ് തീരുമാനം. നിലം നികത്താന്‍ ഉത്തരവിട്ട സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച സര്‍ക്കാറിനെതിരെ കുറ്റപത്രം അവതരിപ്പിക്കുമെന്ന് സുഗതകുമാരി അറിയിച്ചു.ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് 20ഓളം ഉത്തരവുകളാണ് ഇറക്കിയതെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനം ചൂണ്ടിക്കാട്ടി.

അന്വേഷിക്കും –മന്ത്രി അടൂര്‍ പ്രകാശ്
കുട്ടനാട്ടില്‍ 378 ഏക്കര്‍ കുമരകം മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി നല്‍കി റവന്യൂ വകുപ്പില്‍നിന്ന് ഇറങ്ങിയ ഉത്തരവിനെക്കുറിച്ച് വിശദമായി ഒന്നുമറിയില്ളെന്നും  അന്വേഷിക്കുമെന്നും മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനാണ് ഇക്കാര്യം തന്നെ വിളിച്ചറിയിച്ചതെന്നും അദ്ദേഹവുമായി സംസാരിച്ചതിന്‍െറ അടിസ്ഥാനത്തില്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവര്‍ നല്‍കുന്ന വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് വിഞ്ജാപനം പുറപ്പെടുവിക്കുന്നതിനുമുമ്പ് ധാരാളം ഫയലുകള്‍ തീര്‍പ്പാക്കേണ്ടതുണ്ടായിരുന്നു. അതിനിടെ, വന്നതായതിനാല്‍ ഓര്‍മയില്‍ നില്‍ക്കാത്തതിനാലാണ് വിശദമായി പഠിച്ചശേഷം പറയാമെന്ന് മന്ത്രി അറിയിച്ചത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.